Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബോഷ് ഇന്ത്യ നിർമാണശാലകൾക്കും ‘നിർബന്ധിത അവധി’

bosch

വിപണിയുടെ ആവശ്യമനുസരിച്ച് ഉൽപ്പാദനം ക്രമീകരിക്കാനായി ജർമനിയിൽ നിന്നുള്ള വാഹനഘടക നിർമാതാക്കളായ ബോഷ് ഇന്ത്യയിലെ ശാലകൾ രണ്ടു ദിവസം അടച്ചിടുന്നു. ഡിസംബർ 30നും 31നുമാണ് ബോഷ് ഇന്ത്യയുടെ ഉൽപ്പാദനകേന്ദ്രങ്ങൾക്ക് അവധി അനുവദിച്ചത്. അനാവശ്യ ഉൽപ്പാദനം നിയന്ത്രിക്കാനും വിപണിയുടെ ആവശ്യത്തിനനുസൃതമായി ഉൽപ്പാദനം ക്രമീകരിക്കാനുമായാണ് ബെംഗളൂരു, ബിദഡി ശാലകൾ രണ്ടു ദിവസം അടച്ചിടുന്നതെന്നു ബോഷ് ഇന്ത്യ വിശദീകരിച്ചു. ശാലകളുടെ പ്രവർത്തനം നിർത്തിവയ്ക്കുന്നതു മൂലം സാമ്പത്തിക പ്രത്യാഘാതങ്ങളില്ലെന്നും കമ്പനി വ്യക്തമാക്കി. സമാന സാഹചര്യങ്ങൾ പരിഗണിച്ചു കമ്പനിയുടെ ജയ്പൂർ ശാലയുടെ പ്രവർത്തനം കഴിഞ്ഞ 26 മുതൽ നിർത്തിവച്ചിരിക്കുകയാണ്. എട്ടു ദിവസത്തെ അവധിക്കു ശേഷം ജനുവരി മൂന്നിനു മാത്രമാവും ഈ ശാല പ്രവർത്തനം പുനഃരാരംഭിക്കുക.

വിവിധ വാഹന നിർമാതാക്കൾക്കായി ഡീസൽ, ഗ്യാസൊലിൻ ഫ്യുവൽ ഇഞ്ചക്ഷൻ സിസ്റ്റം, ഓട്ടമോട്ടീവ് ആഫ്റ്റർമാർക്കറ്റ് പ്രോഡക്ട്സ്, ഓട്ടോ ഇലക്ട്രിക്കൽസ്, സ്പെഷൽ പർപ്പസ് മെഷീൻ, പാക്കേജിങ് മെഷീൻ, ഇലക്ട്രിക് പവർ ടൂൾ, സെക്യൂരിറ്റി സിസ്റ്റം തുടങ്ങിയവയാണു ബോഷ് ഇന്ത്യയിൽ ഉൽപ്പാദിപ്പിക്കുന്നത്. പുതുവർഷത്തിനു മുന്നോടിയായി വാർഷിക അറ്റകുറ്റപ്പണിക്കെന്ന പേരിൽ രാജ്യത്തെ മുൻനിര കാർ നിർമാതാക്കളും പ്ലാന്റുകൾ അടച്ചിട്ടിരിക്കുകയാണ്. രാജ്യത്തെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന്റെ ശാലകൾ ജനുവരി മൂന്നിനു മാത്രമേ തുറക്കൂ. സാധാരണഗതിയിൽ പ്രതിമാസം 1.24 ലക്ഷം യൂണിറ്റാണു മാരുതി സുസുക്കിയുടെ ഉൽപ്പാദനം. എന്നാൽ അറ്റകുറ്റപ്പണി മൂലം ഡിസംബറിലെ ഉൽപ്പാദനം കമ്പനി 1.12 ലക്ഷം കാറുകളായി കുറച്ചിട്ടുണ്ട്. ഫ്രഞ്ച് — ജാപ്പനീസ് സംയുക്ത സംരംഭമായ റെനോ നിസ്സാനു ചെന്നൈയ്ക്കടുത്ത് ഒരഗടത്തുള്ള ശാലയുടെ അറ്റകുറ്റപ്പണിയും ജനുവരി മൂന്നു വരെ തുടരും. അതേസമയം, ചെന്നൈയിലെ അപ്രതീക്ഷിത പ്രളയത്തെതുടർന്നു യു എസിൽ നിന്നുള്ള ഫോഡും ജർമൻ കമ്പനിയായ ബി എം ഡബ്ല്യുവും വാർഷിക അറ്റകുറ്റപ്പണി ക്രിസ്മസിനു മുമ്പേ പൂർത്തിയാക്കിയിരുന്നു. പ്രളയബാധിതമായ ശാലകൾ പ്രവർത്തനക്ഷമമാക്കാനുള്ള നടപടികൾക്കൊപ്പം ഇരുകമ്പനികളും വാർഷിക അറ്റകുറ്റപ്പണിയും നടത്തുകയായിരുന്നു.

എന്നാൽ കൊറിയൻ നിർമാതാക്കളായ ഹ്യുണ്ടേയ് മോട്ടോർ ഇന്ത്യ ലിമിറ്റഡ് ഇക്കൊല്ലം വാർഷിക അറ്റകുറ്റപ്പണി വേണ്ടെന്നു വച്ചു. ആഭ്യന്തര, വിദേശ വിപണികളിൽ നിന്നുള്ള വർധിച്ച ആവശ്യം പരിഗണിച്ചാണ് കമ്പനി വർഷാവസാനവും മുടക്കമില്ലാതെ പ്രവർത്തിക്കുന്നത്. വർഷാവസാനം കാർ നിർമാണശാലകൾക്കു നിർബന്ധിത അവധി നൽകുന്നതിനെ തന്ത്രപരമായ നടപടിയായിട്ടാണു വിദഗ്ധർ വീക്ഷിക്കുന്നത്. പുതുവർഷം പിറക്കുന്ന വേളയിൽ ഡീലർഷിപ്പുകളിലും സ്റ്റോക്ക് യാർഡിലുമൊക്കെ പഴയ മോഡൽ വാഹനങ്ങൾ കെട്ടിക്കിടക്കുന്നത് ഒഴിവാക്കാനാണ് ഈ അറ്റകുറ്റണിയെന്നാണു പൊതുവേയുള്ള വിലയിരുത്തൽ. പഴയ മോഡൽ വാഹനങ്ങൾ വിറ്റു പോകാൻ കനത്ത വിലക്കിഴിവ് അനുവദിക്കേണ്ടി വരുമെന്നതാണു കമ്പനികൾ നേരിടുന്ന പ്രശ്നം. പോരെങ്കിൽ അറ്റകുറ്റപ്പണിയുടെ പേരിൽ ജീവനക്കാർക്ക് വർഷം തോറും അവധി അനുവദിക്കാമെന്ന നേട്ടവുമുണ്ട്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.