Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നാടുനീങ്ങിയ ‘ഇരു’ചക്രവർത്തി

brijmohan

ന്യൂഡൽഹി ∙ ബ്രിജ്മോഹൻ ലാൽ മുഞ്ജാൽ (92) കാലയവനികയിൽ മറയുന്നത് ഇന്ത്യയ്ക്ക് അതുല്യമായ നേട്ടങ്ങൾ സമ്മാനിച്ചശേഷം. ലോകത്തെ ഇരുചക്ര വാഹന നിർമാണരംഗത്തു രാജ്യത്തിന് ഇന്നുള്ള മേൽവിലാസം അദ്ദേഹം എഴുതിത്തന്നതാണ്. ലോകത്ത് ഏറ്റവും അധികം സൈക്കിളുകളും മോട്ടോർ സൈക്കിളുകളും നിർമിക്കുന്ന ഹീറോ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ അമരക്കാരൻ ഓർമകളിലേക്കു യാത്രയായി.

ഇന്നു പാക്കിസ്ഥാനിലുള്ള കമാലിയയിൽ 1923–ൽ ജനിച്ച മുഞ്ജാൽ 1940–ൽ സഹോദരന്മാർക്ക് ഒപ്പം പഞ്ചാബിലെ ലുധിയാനയിൽ സൈക്കിൾ സ്പെയർ പാർട്സ് വ്യാപാരം ആരംഭിച്ചാണു വ്യവസായരംഗത്തേക്കു വരുന്നത്. 1956–ൽ ഹീറോ ഗ്രൂപ്പിനു തുടക്കമായി. ഇംഗ്ലണ്ടിൽ നിന്നുള്ള റാലി സൈക്കിളുകളോടു മൽസരിക്കുന്ന ‘ദേശി’ സൈക്കിൾ വേണമെന്ന ആഗ്രഹത്തിൽ നിന്നായിരുന്നു ഹീറോ സൈക്കിൾസിന്റെ പിറവി. ആ സ്വപ്നം സാക്ഷാൽക്കരിക്കാനുള്ള ബ്രിജ്മോഹൻ മുഞ്ജാലിന്റെ പ്രയാണത്തിന് സൈക്കിളിന്റെ വേഗമായിരുന്നില്ല. ഹീറോ ബ്രാൻഡ് ഇന്ത്യയിലും അയൽരാജ്യങ്ങളിലും കൊടുങ്കാറ്റുപോലെ പടർന്നു. 30 വർഷത്തിനു ശേഷം 1986–ൽ ഹീറോ സൈക്കിൾസ് ലോകത്തെ ഏറ്റവും വലിയ സൈക്കിൾ നിർമാതാക്കളായി. ഇന്നും ആ സിംഹാസനത്തിന് ഇളക്കമില്ല. സാധാരണക്കാരന്റെ വാഹനത്തിനപ്പുറം ഗ്ലാമർ പരിവേഷം സൈക്കിളിനെ തേടിവന്നപ്പോഴും വൈവിധ്യവൽക്കരണത്തിലൂടെ ബ്രാൻഡിനെ മുന്നിലെത്തിക്കാൻ മുഞ്ജാലിനു കഴിഞ്ഞു.

മോട്ടോർ സൈക്കിളുകളുടെ അനന്തമായ വ്യവസായ സാധ്യതകളിലേക്കു കണ്ണുവച്ചാണ് 1984–ൽ ഹീറോ ഗ്രൂപ്പ് ജപ്പാനിലെ വാഹന രാജാക്കന്മാരായ ഹോണ്ടയുമായി കൈകോർത്തത്. ഇന്ധനക്ഷമത കൂടിയ, ഭാരം കുറഞ്ഞ ബൈക്കുകൾ എന്ന ആശയത്തിൽ നിന്നായിരുന്നു ഹീറോ–ഹോണ്ടയുടെ ജനനം. 1985–ൽ ആദ്യ 100 സിസി ബൈക്ക് നിരത്തിലിറങ്ങി. പിന്നെ നടന്നതു ചരിത്രം. ചുരുങ്ങിയ കാലംകൊണ്ട് ലോകത്തെ ഏറ്റവും വലിയ മോട്ടോർ സൈക്കിൾ നിർമാതാക്കളായി ഹീറോ–ഹോണ്ട മാറി. ഇന്ത്യയിലും മൂന്നാംലോക രാജ്യങ്ങളിലും പുതിയൊരു വാഹന സംസ്കാരത്തിനു തന്നെ മുഞ്ജാൽ തുടക്കമിട്ടു. സ്കൂട്ടറുകൾ അടക്കിവാണ ഇന്ത്യൻ റോഡുകൾ ബൈക്കുകൾക്കു കീഴടങ്ങി. ആറു കോടി ബൈക്കുകൾ നിരത്തിലിറക്കിയ ഹീറോ 30,000 കോടി രൂപ വിറ്റുവരവുള്ള കമ്പനിയായി. സൈക്കിളുകൾക്കും മോട്ടോർസൈക്കിളുകൾക്കും പുറമേ ജനപ്രീതി നേടിയ മോപെഡുകളും ഹീറോ ഉൽപാദിപ്പിച്ചിരുന്നു.

ഹോണ്ടയുമായുള്ള ചങ്ങാത്തം 2011–ൽ അവസാനിപ്പിച്ചു. ഹീറോ മോട്ടോർ കോർപറേഷൻ തുടർന്നും ഇരുചക്ര വാഹനരംഗത്തു തങ്ങളുടെ അധീശത്വം തുടർന്നു. 14 വർഷമായി ലോകത്തെ ഒന്നാം നമ്പർ ഇരുചക്ര വാഹന ഉൽപാദകരാണ് ഹീറോ മോട്ടോർ കോർപ്. ആധുനിക മാനേജ്മെന്റ് തന്ത്രങ്ങൾ സ്ഥാപനങ്ങളിൽ നടപ്പാക്കുന്നതിൽ ബദ്ധശ്രദ്ധനായിരുന്നു മുഞ്ജാൽ. കാര്യക്ഷമത വർധിപ്പിക്കുന്നതിനും ഉപഭോക്തൃ താൽപര്യ സംരക്ഷണത്തിനും പ്രത്യേകം ഊന്നൽ നൽകുന്ന മാനേജ്മെന്റ് സംവിധാനമായിരുന്നു ഹീറോ ഗ്രൂപ്പ് നടപ്പാക്കിയത്. വിപണനവും വിൽപനാനന്തര സേവനവുമാണ് ഇരുചക്ര വാഹന വ്യവസായത്തിന്റെ അടിസ്ഥാനം എന്നു തിരിച്ചറിഞ്ഞ് ആ രംഗത്ത് പൂർണ പ്രതിബദ്ധതയോടെയുള്ള മുഞ്ജാലിന്റെ പ്രവർത്തനങ്ങളാണു കമ്പനിയെ ഉയരങ്ങളിൽ എത്തിച്ചത്. ഡീലർമാരെ പേരെടുത്തു വിളിക്കാൻ കഴിയുന്ന ചെയർമാനായിരുന്നു മുഞ്ജാൽ. ഈ വർഷം ജൂണിൽ ഹീറോ ഗ്രൂപ്പിന്റെ എക്സിക്യൂട്ടീവ് ചെയർമാൻ പദവിയൊഴിഞ്ഞ മുഞ്ജാൽ, ചെയർമാൻ എമിരറ്റസ് പദവിയിലേക്കും കമ്പനിയുടെ നോൺ എക്സിക്യൂട്ടീവ് ഡയറക്ടറായും മാറി. ലുധിയാനയായിരുന്നു മുഞ്ജാലിന്റെ ലോകം എന്നു പറഞ്ഞാൽ ഒട്ടും അതിശയോക്തിയില്ല.

തനിക്ക് എല്ലാം തന്ന പഞ്ചാബിലെ ആ നഗരത്തെ അദ്ദേഹം അത്രമേൽ സ്നേഹിച്ചിരുന്നു. ലുധിയാന സ്റ്റോക് എക്സ്ചേഞ്ച്, ഏവിയേഷൻ ക്ലബ്, മാനേജ്മെന്റ് അസോസിയേഷൻ, ദയാനന്ദ് മെഡിക്കൽ കോളജ് ഇവയെല്ലാം മുഞ്ജാലിന്റെ സംഭാവനകളാണ്. ഇന്ത്യൻ വ്യവസായരംഗത്തിനു നൽകിയ നിസ്തുല സംഭാവനകൾ പരിഗണിച്ച് 2005–ൽ രാഷ്ട്രം അദ്ദേഹത്തിന് പദ്മഭൂഷൺ നൽകി ആദരിച്ചു. സിഐഐ, വാഹന നിർമാതാക്കളുടെ സംഘടനയായ സിയാം തുടങ്ങിയ വ്യവസായ കൂട്ടായ്മകളിൽ സജീവ സാന്നിധ്യമായിരുന്നു അദ്ദേഹം. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ റീജനൽ ബോർഡിലും അംഗമായിരുന്നു. ഭാര്യ സന്തോഷ്, മക്കളായ പവൻ, സുമൻ, സുനിൽ, ഗീത എന്നിവരടങ്ങുന്നതാണു മുഞ്ജാലിന്റെ കുടുംബം. പക്ഷേ, അദ്ദേഹം വിഭാവനം ചെയ്ത ‘ഹീറോ’ കുടുംബത്തിൽ പതിനായിരക്കണക്കിനു ജീവനക്കാരും വിതരണക്കാരും കോടിക്കണക്കിന് ഉപയോക്താക്കളും അംഗങ്ങളായിരുന്നു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.