Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫോക്സ്‌വാഗന്റെ ‘പുകമറ’

foxwagon

വാഷിങ്ടൺ∙ ഡീസൽ കാറുകളിലെ മലിനീകരണത്തോത് പുറത്തറിയാതിരിക്കാൻ കാറുകളിൽ പ്രത്യേക സോഫ്റ്റ്‌വെയർ ഉപയോഗിച്ചു. ഇതു കണ്ടെത്തിയ യുഎസ് പരിസ്ഥിതി സംരക്ഷണ ഏജൻസി (ഇപിഎ) കമ്പനിക്കു നോട്ടിസ് നൽകി. 2009 മുതൽ 2015 വരെയുള്ള മോഡലുകളിലാണ് ഈ കൃത്രിമം നടന്നത്.

 യുഎസിൽ വിറ്റഴിച്ചത് 4.82 ലക്ഷം കാറുകൾ. മലിനീകരണ പരിശോധന (പുക പരിശോധന) നടത്തുമ്പോൾ മാത്രം മലിനീകരണ നിയന്ത്രണ സംവിധാനം പ്രവർത്തനക്ഷമമാകുന്ന സോഫ്റ്റ്‌വെയറാണിത്.  സാധാരണ സമയങ്ങളിൽ അനുവദനീയ പരിധിയെക്കാൾ 40% മടങ്ങ് നൈട്രജൻ ഓക്സൈഡ് പുറന്തള്ളും. വായു മലിനീകരണം സംബന്ധിച്ച നിയമങ്ങൾ കമ്പനി ലംഘിച്ചതായി ഇപിഎ. ഇത്തരം കാറുകൾക്കു സർട്ടിഫിക്കേഷൻ നൽകാൻ കഴിയില്ല.  വെസ്റ്റ് വെർജീനിയ സർവകലാശാലയിലെ ഒരുകൂട്ടം ഗവേഷകർ നടത്തിയ പരിശോധനയിലാണു കൃത്രിമം കണ്ടെത്തിയത്. തുടർന്ന് കമ്പനിയോട് ഇപിഎ വിശദീകരണം ആവശ്യപ്പെട്ടു.

കൃത്രിമം നടന്നതായി കമ്പനി സമ്മതിച്ചു. ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് ഇത്തരത്തിലുള്ള മലിനീകരണം വഴിതുറക്കുമെന്ന് ഇപിഎ. ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ വർധിപ്പിക്കും. ഇനി നിയമപരമായ നടപടികൾക്കു കമ്പനി വിധേയമാകേണ്ടിവരും. എന്നാൽ കാർ ഉടമകൾക്ക് ഇതു പ്രശ്നം സൃഷ്ടിക്കുകയില്ല. വാഹനം ഓടിക്കാം, മറിച്ചുവിൽക്കുകയും ചെയ്യാം.