Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബ്രിജ്സ്റ്റോണിന്റെ ‘ഫയർസ്റ്റോൺ’ ടയർ ഇന്ത്യയിൽ

Bridgestone Tyre

ജാപ്പനീസ് ടയർ നിർമാതാക്കളായ ബ്രിജ്സ്റ്റോൺ കോർപറേഷൻ പ്രമുഖ യുഎസ് ബ്രാൻഡായ ഫയർസ്റ്റോണിനെ ഇന്ത്യയിൽ അവതരിപ്പിച്ചു. 116 വർഷത്തെ പാരമ്പര്യമുള്ള ടയർ ബ്രാൻഡായ ഫയർസ്റ്റോൺ തുടക്കത്തിൽ കാർ, സ്പോർട് യൂട്ടിലിറ്റി വാഹന (എസ്‌യുവി) വിഭാഗങ്ങളിലാവും ശ്രദ്ധ കേന്ദ്രീകരിക്കുക. കാറുകൾക്കുള്ള ഫയർസ്റ്റോൺ ‘ഡസ്റ്റിനേഷൻ എൽ ഇ 02’, എസ്‌യുവികൾക്കുള്ള ഫയർസ്റ്റോൺ ‘എഫ് ആർ 500’ ടയറുകളാണ് ബ്രിജ്സ്റ്റോൺ വിൽപനയ്ക്കെത്തിച്ചത്. പുണെയ്ക്കടുത്ത് ചക്കനിലും ഇൻഡോറിലെ ഖേഡയിലുമുള്ള ശാലകളിലാവും ഉൽപാദനം. അതേസമയം, പുതിയ ടയറുകളുടെ വില സംബന്ധിച്ചു കമ്പനി സൂചനകളൊന്നും നൽകിയിട്ടില്ല.

കുറച്ചു വർഷം കൊണ്ട് ഇന്ത്യ അതിവേഗ വളർച്ച കൈവരിക്കുന്ന വാഹന വിപണിയായി മാറിയെന്ന് ഫയർസ്റ്റോൺ ശ്രേണി അവതരിപ്പിച്ച ബ്രിജ്സ്റ്റോൺ ഇന്ത്യ മാനേജിങ് ഡയറക്ടർ കസുഹികൊ മിമുര അഭിപ്രായപ്പെട്ടു. തുടക്കത്തിൽ കാർ, എസ്‌യുവി വിഭാഗങ്ങളിൽ ശ്രദ്ധയൂന്നുന്ന ഫയർസ്റ്റോൺ ക്രമേണ ശ്രേണി വിപുലീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. മികച്ച ഗുണമേന്മയും സേവനവും ഉറപ്പാക്കി ഗണ്യമായ വിപണിവിഹിതം നേടാൻ ശ്രമിക്കുമെന്നും മിമുര വെളിപ്പെടുത്തി.

ഹാർവി ഫയർസ്റ്റോണാണ് 1900 ൽ ഒഹിയൊയിലെ അക്രോണിൽ ഫയർസ്റ്റോൺ സ്ഥാപിച്ചത്. 1988ൽ ഫയർസ്റ്റോണിനെ ജാപ്പനീസ് ടയർ നിർമാതാക്കളായ ബ്രിജ്സ്റ്റോൺ കോർപറേഷൻ ഏറ്റെടുത്തു. ഇതോടെ ബ്രിജ്സ്റ്റോൺ രാജ്യാന്തരതലത്തിലെ തന്നെ പ്രമുഖ ടയർ — റബർ കമ്പനികൾക്കൊപ്പമെത്തി. 1996 ലാണു ബ്രിജ്സ്റ്റോൺ ഇന്ത്യയിൽ പ്രവർത്തനം തുടങ്ങിയത്. 1998 മാർച്ചിൽ കമ്പനി മധ്യപ്രദേശിലെ ഖേഡയിൽ ആദ്യ നിർമാണശാല സ്ഥാപിച്ചു. 2013 ൽ ചക്കനിലെ ടയർ നിർമാണശാലയും പ്രവർത്തനം ആരംഭിച്ചു.