Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ടെസ്​ലയുടെ ബജറ്റ് സെഡാൻ 2 വർഷത്തിനകം

Tesla Model S P85D

രണ്ടു വർഷത്തിനകം കുറഞ്ഞ വിലയ്ക്കു വിൽക്കാനാവുന്ന ‘മോഡൽ ത്രീ’ നിർമാണം ആരംഭിക്കുമെന്ന് ആഡംബര വൈദ്യുത വാഹന നിർമാതാക്കളായ ടെസ്​ലയുടെ സ്ഥാപകൻ എലോൻ മസ്ക്. 35,000 ഡോളർ(ഏകദേശം 23.18 ലക്ഷം രൂപ) വില നിലവാരത്തിൽ ‘മോഡൽ ത്രീ’ വിൽക്കാനാവുമെന്നാണു കമ്പനിയുടെ പ്രതീക്ഷ; നിലവിൽ ടെസ്​ലയുടെ ജനപ്രിയ മോഡലായ ‘മോഡൽ എസി’ന്റെ വിലയുടെ പകുതിയോളമാണിത്.

അതേസമയം നെവാദയിൽ കമ്പനി സ്ഥാപിക്കുന്ന ബാറ്ററി പ്ലാന്റ് നിർമാണം പൂർത്തിയാവുന്നതിനെ ആശ്രയിച്ചാവും ബജറ്റ് സെഡാനായ ‘മോഡൽ ത്രീ’യുടെ അരങ്ങേറ്റമെന്നും മസ്ക് വ്യക്തമാക്കി. ‘മോഡൽ ത്രീ’ യാഥാർഥ്യമാവണമെങ്കിൽ നിർദിഷ്ട ഗിഗാഫാക്ടറി പൂർണതോതിൽ പ്രവർത്തനം തുടങ്ങേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം വിശദീകരിച്ചു. അടുത്ത മാർച്ചിൽ ‘മോഡൽ ത്രീ’ അനാവരണം ചെയ്യുമെന്നാണു ടെസ്​ല നൽകുന്ന സൂചന. ഇതോടെ കാറുകൾക്കുള്ള മുൻകൂർ ഓർഡറുകളും കമ്പനി സ്വീകരിച്ചു തുടങ്ങും.

നിലവിൽ നാലു ഡോറുള്ള സെഡാനായ ‘മോഡൽ എസ്’ മാത്രമാണു ടെസ്​ല വിൽക്കുന്നത്. വിപണി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വൈദ്യുത എസ് യു വിയായ ‘മോഡൽ എക്സി’ന്റെ വിൽപ്പന ഈ മാസം അവസാനത്തോടെ തുടങ്ങുമെന്നും മസ്ക് പറയുന്നു. ഗൾ വിങ് രൂപകൽപ്പനയുള്ള എസ് യു വിയായ ‘മോഡൽ എക്സ്’ സ്വന്തമാക്കാൻ ധാരാളം പേർ പണമടച്ചു കാത്തിരിപ്പുണ്ട്.

കഴിഞ്ഞ ആഴ്ചയാവട്ടെ ‘മോഡൽ എസി’ന്റെ പ്രകടനക്ഷമതയേറിയ വകഭേദമായ ‘പി 85 ഡി’യെ സ്വതന്ത്ര കൺസ്യൂമർ റിപ്പോർട്ട്സ് ഗ്രൂപ്പ് ഉയർന്ന മാർക്ക് നൽകി അംഗീകരിച്ചിരുന്നു. ഇതുവരെ മറ്റൊരു കാറും കാഴ്ചവയ്ക്കാത്തത്ര ഉജ്വല പ്രകടനമാണു ‘പി 85 ഡി’യിൽ നിന്നുണ്ടായതെന്നും കൺസ്യൂമർ റിപോർട്ട്സ് റേറ്റിങ് സംവിധാനം തന്നെ ടെസ്​ല പൊളിച്ചെഴുതിയെന്നുമാണു ഗ്രൂപ്പിന്റെ ഓട്ടമോട്ടീവ് എഡിറ്റർ മാർക് റെച്റ്റിന്റെ പ്രതികരണം. അതുകൊണ്ടുതന്നെ രണ്ടു വർഷം മുമ്പ് ‘ടെസ്​ല എസി’ന് നൂറിൽ 99 മാർക്ക് നൽകി അനുഗ്രഹിച്ച കൺസ്യൂമർ റിപ്പോർട്ട്സ് ‘പി 85 ഡി’യെ ആദരിച്ചത് നൂറിൽ നൂറും നൽകിയാണ്. പ്രകടനക്ഷമതയെയും ഇന്ധനക്ഷമതയെയും അവിശ്വസനീയ ഉയരങ്ങളിലേക്കു നയിച്ചതിനാണ് ‘പി 85 ഡി’ക്കുള്ള ഈ അംഗീകാരമെന്നും റെച്റ്റ് വിശദീകരിച്ചു.