Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബ്യുഗാട്ടിയുടെ പുതിയ സൂപ്പർ കാർ ഉടൻ

bugatti

മലിനീകരണ പരിശോധനയിൽ കൃത്രിമം കാട്ടി ഫോക്സ്‌വാഗൻ എ ജി പിടിയിലായതോടെ ഗ്രൂപ്പിൽപെട്ട സൂപ്പർ കാർ നിർമാതാക്കളായ ബ്യുഗാട്ടിയുടെ ആയുസ് നീളുമെന്ന് ഉറപ്പായി. മാൻഹാട്ടനിലും മിയാമിയിലും നവീകരിച്ച ഷോറൂം തുറക്കുന്ന വേളയിൽ പുതിയ കാറും നിരത്തിലെത്തുമെന്നു കമ്പനി പ്രഖ്യാപിച്ചതോടെ ബ്യുഗാട്ടിയുടെ സൂപ്പർ കാറുകൾ ഒരു തലമുറ കൂടി തുടരുകയാണ്. ചൂടപ്പം പോലെ വിറ്റഴിഞ്ഞ ‘വെറോണി’ന്റെ പിൻഗാമിക്കായി അമേരിക്കൻ ഇടപാടുകാർ താൽപര്യപൂർവം കാത്തിരിക്കുകയാണെന്നു കമ്പനിയുടെ വിൽപ്പന വിഭാഗം മേധാവി സ്റ്റെഫാൻ ബ്രങ്സ് സൂചിപ്പിച്ചിരുന്നു. ഈ അനുകൂല സാഹചര്യം മുതലെടുക്കാൻ യു എസിനു പുറമെ മ്യൂനിച്ചിലും മൊനാക്കോയിലും ടോക്കിയോയിലും പുതിയ ഷോറൂം തുറക്കാനാണു കമ്പനിയുടെ പദ്ധതി. പുതിയ ഷോറൂമുകളിലെ നിക്ഷേപം ബ്രാൻഡിന്റെ ഭാവി ലക്ഷ്യമിട്ടുള്ള മുതൽമുടക്കാണെന്നും ബ്രങ്സ് വ്യക്തമാക്കി.

യു എസിലെ കർശന മലിനീകരണ നിയന്ത്രണ പരിശോധനകളെ മറികടക്കാൻ ഡീസൽ എൻജിനുകളിൽ വ്യാപക കൃത്രിമം കാട്ടിയെന്നു സമ്മതിക്കേണ്ടിവന്നതോടെ ഫോക്സ്‌വാഗൻ ഗ്രൂപ് കടുത്ത പ്രതിസന്ധിയാണു നേരിടുന്നത്. ‘ഇ എ 183’ ശ്രേണിയിലെ ഡീസൽ എൻജിനുകളിൽ പ്രത്യേക സോഫ്റ്റ്വെയർ ഘടിപ്പിച്ചാണു മലിനീകരണ നിയന്ത്രണ പരിശോധനകളെ അതിജീവിച്ചതെന്നാണു കമ്പനി സമ്മതിച്ചത്. ഇതോടെ ലോക വ്യാപകമായി തന്നെ ഫോക്സ്വാഗനെതിരെ അന്വേഷണങ്ങൾ പുരോഗതിയിലാണ്. ഓസ്ട്രേലിയ പോലുള്ള രാജ്യങ്ങളിൽ കാർ ഉടമകൾ കമ്പനിക്കെതിരെ നിയമ പോരാട്ടത്തിനും തുടക്കമിട്ടു കഴിഞ്ഞു.

Bugatti Veyron Super Sport bugatti veyron

‘പുകമറ’ വിവാദത്തെ തുടർന്നു ഫോക്സ്‌വാഗന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫിസറായിരുന്ന മാർട്ടിൻ വിന്റർകോണിനു സ്ഥാനം നഷ്ടമായി. എൻജിൻ മാറ്റിനൽകലും പിഴശിക്ഷയുമൊക്കെയായി ആഗോളതലത്തിൽ ഈ വിവാദവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ നിന്നു തലയൂരാൻ ഫോക്സ‌്‌വാഗൻ 870 കോടി ഡോളർ (57776.7 കോടിയോളം രൂപ) ചെലവഴിക്കേണ്ടി വരുമെന്നാണു കരുതുന്നത്. ഇതേത്തുടർന്നു ബ്യുഗാട്ടി പോലുള്ള കെട്ടുകാഴ്ചകൾ തുടരണോ എന്ന ചർച്ചകളും ഫോക്സ്‌വാഗന്റെ അകത്തളങ്ങളിൽ സജീവമായിരുന്നു. നഷ്ടപരിഹാരത്തിനുള്ള ശതകോടികൾ കണ്ടെത്താൻ അനാവശ്യ ചെലവുകൾ ഒഴിവാക്കാനും കാര്യക്ഷമത ഉയർത്താനുമുള്ള ശ്രമങ്ങളിലാണ് ഫോക്സ്‌വാഗൻ. ഇതിന്റെ ഭാഗമായി കമ്പനിയുടെ ശേഖരത്തിലെ മുന്നൂറോളം മോഡലുകളിൽ ആദായകരമല്ലാത്തവ കണ്ടെത്തി പിൻവലിക്കുമെന്ന സൂചന തന്നെ പുതിയ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ മത്തിയാസ് മ്യുള്ളൽ നൽകിയിട്ടുണ്ട്.

പോരെങ്കിൽ ‘വെറോൺ’ പോലുള്ള സൂപ്പർ കാറുകൾ ഫോക്സ്‌വാഗനു കാര്യമായ നേട്ടം സമ്മാനിച്ചിട്ടില്ലെന്നു കണക്കുകളും വ്യക്തമാക്കുന്നു. രണ്ടു സീറ്റുള്ള ‘വെറോൺ’ സ്പോർട്സ് കാർ 23 ലക്ഷം യൂറോ(ഏകദേശം 16.46 കോടി രൂപ) വിലയ്ക്കാണു ബ്യുഗാട്ടി വിറ്റത്. പക്ഷേ സ്വർണവും ടൈറ്റാനിയവും പോഴ്സലീനുമൊക്കെ ഉപയോഗിച്ചുള്ള കാർ വികസനത്തിന്റെയും രൂപകൽപ്പനയുടെയും ഫലമായി ഓരോ ‘വെറോണി’ലും ഫോക്സ്‌വാഗന് 46 ലക്ഷം യൂറോ(ഏകദേശം 32.93 കോടി രൂപ) വരെ നഷ്ടപ്പെട്ടിരിക്കാമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തൽ.

അതേസമയം ഇത്തരം കണക്കെടുപ്പുകളോടു പ്രതികരിക്കാൻ ഫ്രാൻസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ബ്യുഗാട്ടി തയാറായിട്ടില്ല. ഫോക്സ്‌വാഗൻ ഗ്രൂപ്പിലെ മറ്റു കമ്പനികളെ പോലെ വരവും ചെലവും സംബന്ധിച്ചു കൃത്യമായ ധാരണയോടെയാണു ബ്യുഗാട്ടിയുടെയും പ്രവർത്തനമെന്നാണു വക്താവിന്റെ നിലപാട്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.