Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സുരക്ഷിതമല്ലാത്ത വാഹനങ്ങൾ നിർമിച്ചാൽ‍ 100 കോടി രൂപ പിഴ

crash-test

രാജ്യത്തെ വാഹനാപകടങ്ങൾ കുറയ്ക്കുന്നതിനായി കൂടുതൽ കർശനമായ നിയമങ്ങളുമായി ക്രേന്ദ്ര സർക്കാർ എത്തുന്നു. സുരക്ഷിതമല്ലത്ത വാഹനങ്ങൾ നിർമിക്കുന്ന നിർമാതാക്കൾക്ക് 100 കോടി രൂപ പിഴ ഏർപ്പെടുത്താനാണ് സർക്കാർ ആലോചിക്കുന്നത്. രാജസ്ഥാൻ ഗതാഗത മന്ത്രി യൂനിസ് ഖാൻ തലവനായ സമിതിയാണ് സുരക്ഷിതമല്ലാത്ത വാഹനങ്ങൾ നിർമിക്കുന്ന നിർമാതാക്കൾക്ക് 100 കോടി രൂപ വരെ പിഴ ചുമത്താനുള്ള നിർദ്ദേശങ്ങൾ സർക്കാറിന് മുന്നിൽ സമർപ്പിച്ചിരിക്കുന്നത്.

വാഹന നിർമാതാക്കളെ മാത്രമല്ല, വാഹനങ്ങളുടെ ഘടനയ്ക്ക് മാറ്റം വരുത്തുന്ന മോഡിഫിക്കേഷൻ വർക്ക്ഷോപ്പുകള്‍ക്ക് 1 ലക്ഷം രൂപ വരെ പിഴയും വാഹന ഉടമയ്ക്ക് 5000 രൂപ വരെ പിഴയും ഈടാക്കണമെന്ന് സമിതിയുടെ നിർദ്ദേശം. കൂടാതെ മദ്യപിച്ച് വാഹനമോടിക്കൽ, ലൈസൻസില്ലാതെ വാഹനം ഓടിക്കൽ, അമിത വേഗത, സിഗ്നൽ തെറ്റിക്കൽ തുടങ്ങിയ നിയമലംഘനങ്ങൾക്കും കനത്ത പിഴ ഈടാക്കണമെന്നും പറയുന്നു. പ്രായപൂർത്തിയാക്കാത്തവർ വാഹനം ഓടിച്ചാൽ വാഹന ഉടമയോ, രക്ഷകർത്താവിനോ 20000 രൂപ വരെ പിഴയും മൂന്നു വർഷം വരെ തടവും നൽകുന്ന നിയമം വേണമെന്നും നിർദ്ദേശത്തിൽ പറയുന്നുണ്ട്.

കൂടാതെ സുരക്ഷിതമല്ലാത്ത വാഹന ഘടകങ്ങൾ വിറ്റാൽ വാഹന വിതരണക്കാരിൽ നിന്നും പിഴ ഈടാക്കണം. വാഹനത്തിൽ സുരക്ഷയ്ക്ക് വീഴ്ച്ച വരുത്തുന്ന മോഡിഫിക്കേഷനുകൾ പാടില്ലെന്നും നിർദ്ദേശത്തിൽ പറയുന്നുണ്ട്. ഗ്ലോബൽ എൻസിഎപി നടത്തിയ ക്രാഷ് ടെസ്റ്റിൽ ഇന്ത്യയിലെ ഏഴു വാഹനങ്ങൾ സുരക്ഷിതമല്ലെന്ന് കണ്ടെത്തിയിരുന്നു. സർക്കാറിന്റെ കണക്കുകൾ പ്രകാരം വർഷവും ഏകദേശം 1.5 ലക്ഷം ആളുകളാണ് റോഡ് അപകടങ്ങളിൽ പെട്ട് മരിക്കുന്നത്. റോ‍‍ഡ് സുരക്ഷ നിയമം കൂടുതൽ കർശനമാക്കുന്നതോടെ മരണ സംഖ്യ ഗണ്യമായി കുറയ്ക്കാനാകുമെന്നാണ് കരുതുന്നത്.