Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലേയ്‌ലൻഡ് — നിസ്സാൻ ഓഹരി കൈമാറ്റത്തിന് സി സി ഐ അനുമതി

ashok-leyland-boss-1

ജപ്പാനിലെ നിസ്സാൻ മോട്ടോഴ്സുമായി ചേർന്നു സ്ഥാപിച്ച മൂന്നു സംയുക്ത സംരംഭങ്ങളിലെ ഓഹരി പങ്കാളിത്തം വാങ്ങാൻ പ്രമുഖ വാണിജ്യ വാഹന നിർമാതാക്കളായ അശോക് ലെയ്‌ലൻഡ് ലിമിറ്റഡിനു കോംപറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യ(സി സി ഐ)യുടെ അനുമതി. ഓഹരികൾ അശോക് ലേയ്ലൻഡിനു വിറ്റു സംയുക്ത സംരംഭങ്ങളിൽ നിന്നു പിൻമാറാൻ കഴിഞ്ഞ സെപ്റ്റംബറിലാണു നിസ്സാൻ തീരുമാനിച്ചത്. അശോക് ലെയ്‌ലൻഡും നിസ്സാനുമായുള്ള ഓഹരി കൈമാറ്റത്തിന് അനുമതി നൽകിയ വിവരം ബിസിനസ് രംഗത്തെ ന്യായരഹിത പ്രവണതകൾ തടയാൻ സ്ഥാപിതമായ സി സി ഐയുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഓഹരി കൈമാറ്റം പൂർത്തിയാവുന്നതോടെ ഈ മൂന്നു കമ്പനികളും അശോക് ലെയ്‌ലൻഡിന്റെ പൂർണ ഉടമസ്ഥതയിലുള്ള ഉപസംരംഭങ്ങളായി മാറും.

അശോക് ലെയ്‌ലൻഡും നിസ്സാൻ മോട്ടോർ കമ്പനിയും ചേർന്നു മൊത്തം മൂന്നു സംയുക്ത സംരംഭങ്ങളാണു രൂപീകരിച്ചത്. ലഘുവാണിജ്യ വാഹന നിർമാണത്തിനുള്ള അശോക് ലേയ്ലൻഡ് നിസ്സാൻ വെഹിക്കിൾസ് ലിമിറ്റഡിൽ അശോക് ലേയ്ലൻഡിന് 51% ഓഹരിയും നിസ്സാന് 49% ഓഹരിയുമാണ് ഉണ്ടായിരുന്നത്. അതേസമയം പവർ ട്രെയ്ൻ നിർമാണത്തിനുള്ള നിസ്സാൻ അശോക് ലെയ്‌ലൻഡ് പവർ ട്രെയ്ൻ ലിമിറ്റഡിൽ നിസ്സാനായിരുന്നു 51% ഓഹരി പങ്കാളിത്തം; ബാക്കി അശോക് ലെയ്‌ലൻഡിലും. സാങ്കേതിക മേഖലയിലെ സംയുക്ത സംരംഭമായ നിസ്സാൻ അശോക് ലെയ്‌ലൻഡ് ടെക്നോളജീസ് ലിമിറ്റഡിലാവട്ടെ ഇരു പങ്കാളികൾക്കും 50% വീതമായിരുന്നു ഓഹരി പങ്കാളിത്തം. നിസ്സാനുമായുള്ള പങ്കാളിത്തം വഴി നാലു വാഹനങ്ങളാണ് അശോക് ലെയ്‌ലൻഡ് അവതരിപ്പിച്ചത്: ‘ദോസ്ത്’, ‘മിത്’,്ര ‘പാർട്ണർ’, ‘സ്റ്റൈൽ’. നിസ്സാനാവട്ടെ ഈ സഖ്യത്തിൽ നിന്നു ‘ഇവാലിയ’ മാത്രമാണ് വിപണിലിറക്കിയത്. പ്രതീക്ഷിച്ച വിൽപ്പന കൈവരിക്കാതെ പോയതോടെ നിസ്സാൻ ‘ഇവാലിയ’ നിർമാണവും വിൽപ്പനയും നിർത്തി; പിന്നാലെ ഇതേ കാരണത്താൽ അശോക് ലെയ്‌ലൻഡും എം പി വിയായ ‘സ്റ്റൈൽ’ പിൻവലിച്ചു. വിപണിയിലുള്ള മോഡലുകളിൽ ‘ദോസ്ത്’ മാത്രമാണു മികച്ച പ്രകടനം കാഴ്ചവച്ചു മുന്നേറുന്നത്. 

നഷ്ടത്തിലായതോടെ നിസ്സാൻ അശോക് ലെയ്‌ലൻഡ് ടെക്നോളജീസിന്റെ പ്രവർത്തനം വ്യവസായ, സാമ്പത്തിക പുനർനിർമാണ ബോർഡി(ബി ഐ എഫ് ആർ)ന്റെ പരിഗണയ്ക്കെത്തിയിരുന്നു. അറ്റ ആസ്തി ഇല്ലാതായ കമ്പനിയുടെ സഞ്ചിത നഷ്ടം 172.37 കോടി രൂപയാണ്. എട്ടു വർഷം നീണ്ട പങ്കാളിത്തത്തിനൊടുവിലാണ് ഓഹരി കൈമാറി വഴി പിരിയാൻ നിസ്സാനും അശോക് ലേയ്ലൻഡും തീരുമാനിച്ചത്. 2008ൽ സ്ഥാപിച്ച മൂന്നു സംയുക്ത സംരംഭങ്ങളിലെയും ഓഹരികൾ അശോക് ലെയ്‌ലൻഡിനു കൈമാറാമെന്നു നിസ്സാൻ സമ്മതിക്കുകയായിരുന്നു. വാണിജ്യ വാഹനങ്ങൾക്കു പുറമെ പ്രതിരോധ മേഖലയ്ക്കുള്ള വാഹന കിറ്റുകളുടെയും യാത്രാവാഹനങ്ങളുടെയും എൻജിനുകളുടെയും നിർമാണമാണ് അശോക് ലെയ്‌ലൻഡ് നടത്തുന്നത്. നിസ്സാൻ മോട്ടോഴ്സും ഇന്ത്യയിൽ വാഹന വിൽപ്പനയും വിപണനവും സ്പെയർപാർട്സ് വിൽപ്പനയും നടത്തുന്നുണ്ട്.  

Your Rating: