Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭാരവാഹനങ്ങളിൽ ഡ്രൈവർ കാബിന് എ സി നിർബന്ധമാക്കുന്നു

car ac

റോഡ് അപകടങ്ങൾ കുറയ്ക്കാൻ ലക്ഷ്യമിട്ടു ബസ്സുകളിലും ട്രക്കുകളിലും ഡ്രൈവർമാരുടെ കാബിൻ ശീതീകരിക്കാൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നു. ഇൻഡോറിൽ നടക്കുന്ന ഇന്ത്യൻ റോഡ് കോൺഗ്രസ് ഉദ്ഘാടന വേളയിലാണ് അപകടങ്ങൾ കുറയ്ക്കാൻ ശീതീകരിച്ച ഡ്രൈവേഴ്സ് കാബിൻ നടപ്പാക്കുന്നത് അടക്കമുള്ള നിർദേശങ്ങൾ പരിഗണിക്കുന്ന കാര്യം കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഢ്കരി വെളിപ്പെടുത്തിയത്. രാജ്യത്ത് വർഷം തോറും ഒന്നര ലക്ഷം ആളുകളാണു റോഡ് അപകടങ്ങളിൽ മരിക്കുന്നത്; മൂന്നു ലക്ഷത്തോളം പേർക്കു പരുക്കേൽക്കുന്നുമുണ്ട്. ഇന്ത്യയിൽ പ്രതിവർഷം അഞ്ചു ലക്ഷത്തോളം റോഡ് അപകടങ്ങൾ സംഭവിക്കുന്നുണ്ടെന്നാണു കണക്ക്; ഇതു പകുതിയായി കുറയ്ക്കാനാണു സർക്കാർ ലക്ഷ്യമിടുന്നതെന്നു ഗഢ്കരി അറിയിച്ചു.

nithin-gadkari Nitin Gadkari

റോഡുകളുടെ രൂപകൽപ്പനയിൽ തന്നെ ശ്രദ്ധ പുലർത്തേണ്ട കാലം അതിക്രമിച്ചതായി മന്ത്രി അഭിപ്രായപ്പെട്ടു. ഇല്ലെങ്കിൽ ഭാവിയിൽ രൂപകൽപ്പനയിലെ പിഴവാണ് അപകടം സൃഷ്ടിക്കുന്നതെന്നു കണ്ടെത്തുന്ന റോഡുകളുടെ വിശദ പദ്ധതി രേഖ(ഡി പി ആർ) തയാറാക്കിയവർക്കെതിരെ തന്നെ കേസ് എടുക്കുന്ന കാര്യം ആലോചിക്കേണ്ടി വരും. പ്രാദേശിക രാഷ്ട്രീയ നേതാക്കളുടെ സമ്മർദത്തിനു വഴങ്ങി റോഡുകളുടെ ഘടന പുനഃക്രമീകരിക്കുന്ന രീതി മാറണമെന്നും ഗഢ്കരി നിർദേശിച്ചു. രാജ്യത്തെ പ്രധാന ദേശീയ പാതകളിലെ അപകട സാധ്യതാ മേഖലകൾ കേന്ദ്ര റോഡ് ഗതാഗത വകുപ്പ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇത്തരം ഭാഗങ്ങളുടെ നിലവാരം മെച്ചപ്പെടുത്തി അപകടസാധ്യത ഒഴിവാക്കാൻ 12,000 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയും തയാറാക്കി. ഇതിനു പുറമെയാണു ബസ്സും ട്രക്കുമടക്കമുള്ള ഭാരവാഹനങ്ങളുടെ ഡ്രൈവർമാർക്കു ശീതീകരിച്ച കാബിൻ ഉറപ്പാക്കാനുള്ള നിർദേശം. മണിക്കൂറുകളോളം തുടർച്ചയായി വാഹനം ഓടിക്കുന്ന ഡ്രൈവർക്ക് ആശ്വാസം പകരാനും അവർക്കു ജാഗ്രത നഷ്ടമാവാതിരിക്കാനും ഈ നടപടി സഹായിക്കുമെന്നാണു പ്രതീക്ഷയെന്നു ഗഢ്കരി വിശദീകരിച്ചു.

അപകടത്തിൽപെടുന്നവർക്ക് അടിയന്തര വൈദ്യസഹായം ഉറപ്പാക്കാൻ മോട്ടോർ സൈക്കിളുകളിൽ പാഞ്ഞെത്തുന്ന പാരാമെഡിക്കൽ സംഘങ്ങളുടെ സേവനം അവതരിപ്പിക്കാനും ഗതാഗത മന്ത്രാലയം ആലോചിക്കുന്നുണ്ട്. അതേസമയം നിർദിഷ്ട റോഡ് സുരക്ഷാ ബില്ലിലൂടെ സംസ്ഥാന സർക്കാരുകളുടെ അവകാശം കവരാൻ കേന്ദ്രം ശ്രമിക്കുന്നെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നും മന്ത്രി വ്യക്തമാക്കി. രാജ്യത്തെ ദേശീയപാതകളിൽ ഇലക്ട്രോണിക് ടോൾ പിരിവ് ഏപ്രിൽ ഒന്നിനു നടപ്പാക്കാനാവുമെന്നു കേന്ദ്ര മന്ത്രി ഗഢ്കരി പ്രതീക്ഷ പ്രകടിപ്പിച്ചു. ദേശീയ പാതകൾക്കു പുറമെ മറ്റു പ്രധാന റോഡുകളിലും ഇലക്ട്രോണിക് ടോൾ പിരിവ് നടപ്പാക്കാൻ ആഗ്രഹിക്കുന്ന സംസ്ഥാന സർക്കാരുകൾക്കു കേന്ദ്ര സഹായവും ഗഢ്കരി വാഗ്ദാനം ചെയ്തു.