Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുതുമകളും പരിഷ്കാരങ്ങളുമായി ‘2015 എൻജോയ്’

New Chevrolet Enjoy 2015

ഇന്ത്യയിൽ വിവിധോദ്ദേശ്യ വാഹന(എം പി വി) വിപണിയിൽ വിൽപ്പന പൊടി പൊടിക്കുമ്പോഴും ജനറൽ മോട്ടോഴ്സ് ഇന്ത്യ(ജി എം ഐ)യുടെ പ്രതിനിധിയായ ‘എൻജോയി’ക്ക് ഈ വിഭാഗത്തിൽ കാര്യമായ ചലനം സൃഷ്ടിക്കാൻ കഴിഞ്ഞിരുന്നില്ല. പുതുമകളുടെയും പരിഷ്കാരങ്ങളുടെയും പിൻബലമുള്ള ‘2015 എൻജോയ്’ പടയ്ക്കിറക്കി എം പി വി വിഭാഗത്തിൽ നേട്ടം കൊയ്യാമെന്ന കണക്കുകൂട്ടലിലാണു ജി എം.ബാഹ്യഭാഗത്തു കാര്യമായ മാറ്റമൊന്നുമില്ലാതെയാണു ‘2015 എൻജോയി’യുടെ വരവ്. കറുപ്പിൽ ഫിനിഷ് ചെയ്ത ബി പില്ലർ സ്ട്രിപ്പും നമ്പർ പ്ലേറ്റിനു മുകളിലെ ക്രോമിയം സ്പർശവുമൊക്കെയാണു പ്രധാന മാറ്റം.

New Chevrolet Enjoy 2015 Interior

അതേസമയം ‘എൻജോയി’യുടെ അകത്തളത്തിൽ ജി എം ഐ കാര്യമായ മാറ്റം വരുത്തിയിട്ടുണ്ട്. ഗോൾഡൻ ബോടൈ ചിഹ്നവും സിൽവർ ഇൻസർട്ടുകളും സഹിതമുള്ള പുതിയ മൂന്നു സ്പോക്ക് സ്റ്റീയറിങ് വീലിൽ ഓഡിയോ സിസ്റ്റത്തിന്റെ നിയന്ത്രണ സ്വിച്ചുകളുമുണ്ട്. ലതറെറ്റ് ഫാബ്രിക് അപ്ഹോൾസ്ട്രി, ഡോർ ആംറസ്റ്റിനു ഗ്ലോസി ബ്ലാക്ക് ഫിനിഷ്, പാർക്കിങ് ബ്രേക്ക് ലീവറിനും ഗീയർനോബിനും എയർ കണ്ടീഷനർ വെന്റിനും ഡോർ ഹാൻഡിലുമൊക്കെ ക്രോമിയം ഡീറ്റെയ്ലിങ് എന്നിവയും പുതിയ ‘എൻജോയി’ലുണ്ട്. എ ബി എസിനും ഇ ബി ഡിക്കുമൊപ്പം മുന്നിൽ ഇരട്ട എയർബാഗ് സഹിതമാണ് ‘2015 എൻജോയി’യുടെ മുന്തിയ വകഭദമായ എൽ ടി സെഡ് എത്തുന്നത്.

New Chevrolet Enjoy 2015 Interior

മറ്റു നവീകരിച്ച പതിപ്പുകളുടെ മാതൃകയിൽ സാങ്കേതിക വിഭാഗത്തിൽ മാറ്റമേതുമില്ലാതെയാണ് ‘2015 എൻജോയി’യുടെയും വരവ്; കരുത്തേകാൻ 1.3 ലീറ്റർ ഡീസൽ, 1.4 ലീറ്റർ പെട്രോൾ എൻജിനുകൾ തന്നെ. ഡീസൽ എൻജിൻ പരമാവധി 74 ബി എച്ച് പി കരുത്തും 172.5 എൻ എം ടോർക്കും സൃഷ്ടിക്കുമ്പോൾ പെട്രോൾ എൻജിന്റെ ശേഷി പരമാവധി 99 ബി എച്ച് പി കരുത്തും 131 എൻ എം ടോർക്കുമാണ്. അഞ്ചു സ്പീഡ് മാനുവൽ ട്രാൻമിഷനാണ് ‘എൻജോയി’യുടേത്.

ആറു നിറങ്ങളിലാണു വാഹനം ലഭ്യമാവുക: വെൽവെറ്റ് റെഡ്, സ്വിച്ബ്ലേഡ് സിൽവർ, സമിറ്റ് വൈറ്റ്, കവിയർ ബ്ലാക്ക്, ലിനൻ ബീജ്, സാൻഡ്രിഫ്റ്റ് ഗ്രേ. എൽ എസ്, എൽ ടി, എൽ ടി സെഡ് എന്നീ മൂന്നു വകഭേദങ്ങളിൽ ലഭിക്കുന്ന ‘2015 എൻജോയി’ക്ക് 6.24 ലക്ഷം മുതൽ 8.79 ലക്ഷം രൂപ വരെയാണു ഡൽഹിയിലെ ഷോറൂം വില.