Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഷെവർലെ 1.01 ലക്ഷം ബീറ്റുകൾ തിരിച്ചു വിളിക്കുന്നു

chevrolet Beat Chevrolet Beat

ഡീസൽ എൻജിനോടെ ഇന്ത്യയിൽ വിറ്റ 1.01 ലക്ഷം ‘ബീറ്റ്’ ഹാച്ച്ബാക്കുകൾ തിരിച്ചുവിളിച്ചു പരിശോധിക്കാൻ യു എസിൽ നിന്നുള്ള ജനറൽ മോട്ടോഴ്സ് തീരുമാനിച്ചു. തുടർച്ചയായ ഉപയോഗത്തിൽ ക്ലച് പെഡൽ ലീവറിൽ വിള്ളൽ വീഴാനുള്ള സാധ്യത പരിഗണിച്ചാണു കാർ പരിശോധനയെന്നും ജനറൽ മോട്ടോഴ്സ് ഇന്ത്യ (ജി എം ഐ) വെളിപ്പെടുത്തി. ആവശ്യമെങ്കിൽ ലീവർ മാറ്റി നൽകുമെന്നും കമ്പനി വ്യക്തമാക്കി.നിർമാണ തകരാർ സംശയിച്ചു 2010 ഡിസംബറിനും 2014 ജൂലൈയ്ക്കുമിടയിൽ നിർമിച്ചു വിറ്റ 1,01,597 ‘ബീറ്റ്’ ഡീസൽ കാറുകളാണു ജി എം ഐ പരിശോധിക്കുന്നത്. രാജ്യത്തെ 248 ഷെവർലെ അംഗീകൃത സർവീസ് സെന്ററുകളിലും ‘ബീറ്റ്’ പരിശോധിക്കാൻ സൗകര്യം ഏർപ്പെടുത്തുമെന്നും ജി എം ഐ അറിയിച്ചു. ആവശ്യമെങ്കിൽ ക്ലച് പെഡൽ ലീവർ സൗജന്യമായി മാറ്റി നൽകുമെന്നാണു കമ്പനിയുടെ വാഗ്ദാനം.

Chevrolet Beat Chevrolet Beat

തകരാർ സംശയിക്കുന്ന കാറുകളുടെ ഉടമകളെ ജി എം നേരിട്ടു വിവരം അറിയിച്ചു തുടങ്ങിയിട്ടുണ്ട്. കമ്പനിയുടെ അറിയിപ്പ് കാത്തിരിക്കാതെ ഡീസൽ ‘ബീറ്റ്’ ഉടമകൾക്കു സമീപത്തെ ഷെവർലെ ഡീലർഷിപ്പുമായി നേരിട്ടു ബന്ധപ്പെട്ടു വാഹന പരിശോധന നടത്താനും അവസരമുണ്ട്. സൗകര്യപ്രദമായ സമയത്ത് കാർ സർവീസ് സെന്ററിൽ എത്തിച്ചു പ്രശ്നം പരിഹരിക്കാനാണു കമ്പനി അവസരം ലഭ്യമാക്കുക. കാർ ഉടമകൾക്കു മികച്ച ഗുണനിലവാരവും സുരക്ഷിതത്വവും ഉറപ്പാക്കാൻ കമ്പനി പ്രതിജ്ഞാബദ്ധമാണെന്നു ജനറൽ മോട്ടോഴ്സ് വിശദീകരിച്ചു. പ്രശ്ന സാധ്യത സംബന്ധിച്ചു സൂചന ലഭിക്കുമ്പോൾ തന്നെ തെറ്റു തിരുത്തൽ നടപടികൾക്കും തുടക്കമാവുമെന്നും കമ്പനി അവകാശപ്പെട്ടു. അതുപോലെ ക്ലച് പെഡൽ ലീവറുമായി ബന്ധപ്പെട്ട് അപകടങ്ങളൊന്നും സംഭവിച്ചതായി റിപ്പോർട്ടില്ലെന്നും ജി എം ഐ അറിയിച്ചു.

Chevrolet Beat Chevrolet Beat

കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഇന്ത്യയിൽ പ്രഖ്യാപിച്ച മൂന്നാമത്തെ കാർ പരിശോധനയാണു ജി എം ഐയുടേത്. ഒപ്പം ഇക്കൊല്ലം ഇതു രണ്ടാം തവണയാണു ജി എം ഐ കാറുകൾ തിരിച്ചുവിളിച്ചു പരിശോധിക്കുന്നത്. കഴിഞ്ഞ ജൂലൈയിൽ റിമോട്ട്, കീ ലെസ് എൻട്രിയുമായി ബന്ധപ്പെട്ട പ്രശ്നത്തെ തുടർന്ന് 1.55 ലക്ഷത്തോളം കാറുകൾ കമ്പനി തിരിച്ചുവിളിച്ചിരുന്നു; ‘സ്പാർക്’, ‘ബീറ്റ്’, ‘എൻജോയ്’ മോഡലുകൾക്കായിരുന്നു ഇന്ത്യയിൽ ഇതുവരെ ജി എം പ്രഖ്യാപിച്ച ഏറ്റവും വലിയ വാഹനപരിശോധന ബാധകം.