Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വാഹനങ്ങൾക്ക് തീപിടിക്കുമ്പോൾ

car-fire

ലക്ഷങ്ങൾ മുടക്കി വാങ്ങിയ പുതുപുത്തൻ കാർ വീട്ടിലേക്ക് ഓടിച്ചുപോകുന്ന വഴിയിൽ തീപിടിച്ചാൽ എന്തായിരിക്കും അവസ്ഥ. അപകടം കൂടാതെ രക്ഷപ്പെട്ടാലും ആറ്റുനോറ്റ് കാത്തിരുന്ന സ്വന്തമാക്കിയ വാഹനം കൺമുൻപിൽ കത്തി നശിക്കുന്നത് കാണേണ്ടിവരും. ഇൻഷുറൻസ് കമ്പനി നഷ്ടം നികത്തിയാലും അതിന്റെ സങ്കടം മനസിൽനിന്ന് മാറുമോ? കഴിഞ്ഞദിവസം വട്ടക്കിണറിൽ കാറിനു തീപിടിച്ചത് പരിഭ്രാന്തി പരത്തിയിരുന്നു. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്? ഷോർട്ട് സർക്യൂട്ട് എന്നാണ് ലളിതമായ ഉത്തരം. എങ്ങനെയാണ് ഷോർട്ട് സർക്യൂട്ട് ഉണ്ടാകുന്നത്? അത് ഒഴിവാക്കാൻ എന്താണ് ചെയ്യേണ്ടത്. അഥവാ, വാഹനത്തിനു തീപിടിച്ചാൽ യാത്രക്കാർ എന്തു ചെയ്യണം. ഷോർട്ട് സർക്യൂട്ടല്ലാതെ മറ്റെന്തൊക്കെ കാരണമാണ് ഇതിനുള്ളത്.

ഷോര്‍ട്ട് സർക്യൂട്ട്

ഷോട്ട് സർക്യൂട്ട് മൂലമാണ് പ്രധാനമായും വാഹനങ്ങളിൽ തീപിടിക്കുന്നത്. ഇതിനു കാരണങ്ങൾ പലതാണ്. ഓരോ വാഹനത്തിനും കമ്പനി നിശ്ചയിക്കുന്ന ഒരു വയറിങ് രീതിയുണ്ട്. കമ്പനി നിശ്ചയിച്ചിരിക്കുന്ന നിലവാരത്തിലുള്ള സാമഗ്രികളായിരിക്കും ഇതിന് ഉപയോഗിക്കുന്നതും. സാധാരണ ഗതിയിൽ ഇവിടെ വയറുകൾ മുറിച്ച് ഘടിപ്പിക്കാറില്ല. അതിനാൽത്തന്നെ ഇത്തരം സന്ദർഭങ്ങളിൽ ഷോട്ട് സർക്യൂട്ടിനുള്ള സാധ്യതയും കുറവാണ്. എന്നാൽ, വാഹനം വാങ്ങിക്കഴിഞ്ഞ് അംഗീകൃതമല്ലാത്ത സ്ഥാപനങ്ങളിൽ പോയി എക്സ്ട്രാ ആക്സസറീസ് ഘടിപ്പിക്കുമ്പോൾ അവർ പലപ്പോഴും എളുപ്പത്തിന് വയറുകൾ മുറിച്ചു ചേർക്കുകയാണ് ചെയ്യുന്നത്. ഏതെങ്കിലും ലൈൻ കട്ട് ചെയ്തായിരിക്കും ഇങ്ങനെ മുറിച്ചു ചേർക്കുന്നത്. ഉദാഹരണത്തിന് സ്റ്റീരിയോ സിസ്റ്റം പിന്നീട് ഘടിപ്പിക്കുകയാണെങ്കിൽ ചിലപ്പോൾ പവർ വിൻഡോയിലേക്കുള്ള ലൈനായിരിക്കും മുറിച്ചു ചേർക്കുന്നത്. ഇവിടെ ഷോർട്ട് സർക്യൂട്ട് ഉണ്ടായാൽ പവർ വിൻഡോയുടെ പ്രവർത്തനവും നിലയ്ക്കും. എൻജിനിലേക്കുള്ള ലൈനാണ് മുറിക്കുന്നതെങ്കിൽ എൻജിന്റെ പ്രവർത്തനവും തകരാറിലാവും. ഇതിന്റെ ഏറ്റവും അപകടകരമായ അവസ്ഥയിലാണ് വണ്ടിക്കു തീപിടിക്കുന്നത്.

സാധാരണ ഗതിയിൽ വണ്ടിയിൽ തീപടർന്നാൽ യാത്രക്കാർക്ക് ഇറങ്ങിയോടാം. എന്നാൽ, സെൻട്രൽ ലോക്കിങ് സിസ്റ്റമാണെങ്കിൽ ചിലപ്പോൾ ഷോർട്ട് സർക്യൂട്ട് മൂലം സെൻട്രൽ ലോക്കിങ് സിസ്റ്റം തന്നെ തകരാറിലാവും.

വണ്ടിക്കുള്ളിൽ തീപടർന്നാൽ ഡോർ തുറന്ന് പുറത്തുചാടാനുള്ള സാധ്യത അതോടെ ഇല്ലാതാവും. വണ്ടിക്കുള്ളിൽ ഉണ്ടാവുന്ന പുക ശ്വസിച്ചാണ് പ്രധാനമായും ഇത്തരം സന്ദർഭങ്ങളിൽ ആളപായം ഉണ്ടാകുന്നത്. തീപടരുന്നതോടെ വണ്ടിക്കുള്ളിലെ പ്ലാസ്റ്റിക്ക്, റക്സിൻ, സ്പോഞ്ച് തുടങ്ങിയ സാധനങ്ങളായിരിക്കും ആദ്യം കത്തുന്നത്. ഇതിൽനിന്നുണ്ടാകുന്ന പുക അത്യന്തം അപകടകാരിയാണ്. യാത്രക്കാരന്റെ ബോധം നശിക്കാൻ ഇതുമാത്രം മതി. പൊള്ളലേറ്റുണ്ടാകുന്ന അപകടത്തിന് ഇവിടെ രണ്ടാം സ്ഥാനമേയുള്ളു.

ഇപ്പോൾ നിരത്തിലോടുന്ന മിക്ക വാഹനങ്ങളുടെയും ചില്ല് കൂടിയ നിലവാരമുള്ളതായതിനാൽ അത് പൊട്ടിച്ചു പുറത്തുവരുക ബുദ്ധിമുട്ടാണ്. എന്നാൽ ചെറിയൊരു ഗ്ലാസ് ബ്രേക്കർ വണ്ടിയിൽ കരുതിയാൽ നിഷ്പ്രയാസം ചില്ലു പൊട്ടിച്ച് പുറത്തുവരാം. സീറ്റ് ബെൽറ്റും ഇത്തരം സന്ദർഭങ്ങളിൽ അഴിക്കാൻ കഴിയാതെ വരാറുണ്ട്. ഇതിനും പ്രത്യേക കട്ടറുകൾ ലഭ്യമാണ്. കൂടാതെ വണ്ടിക്കുള്ളിൽ സൂക്ഷിക്കാവുന്ന ഫയർ എസ്റ്റിങ്ഗ്വിഷറുകളും ഇപ്പോൾ വാഹന ഷോറൂമുകളിൽനിന്നു ലഭിക്കുന്നുണ്ട്. ഇത് ഒരെണ്ണം വാങ്ങി വണ്ടിയിൽ സൂക്ഷിച്ചാൽ വേഗത്തിൽ തീയണയ്ക്കാൻ പറ്റും.

അതുപോലെ തന്നെ പ്രത്യേക ലാംപുകൾ ഘടിപ്പിക്കുന്നതും പലപ്പോഴും അപകടം വരുത്തിവയ്ക്കും. കാറുകളിൽ ഹെഡ് ലാംപുകളിലെ ബൾബുകൾക്ക് അതാതു കമ്പനികൾ വാട്സ് നിശ്ചയിച്ചിട്ടുണ്ട്. ഉദാഹരണത്തിന് ചില കമ്പനിയുടെ വാഹനങ്ങളിൽ 55 മുതൽ 65 വരെ വാട്സ് ഉള്ള ബൾബുകളാണ് ഉപയോഗിക്കുന്നതെങ്കിൽ ആ ബൾബ് മാറ്റി വാട്സ് കൂടിയ ബൾബുകൾ ഉപയോഗിച്ചാൽ തീപിടിക്കാനുള്ള സാധ്യതയുണ്ട്. ഇത്തരം സാഹസികമായ മാറ്റിപ്രതിഷ്ഠിക്കൽ ഒഴിവാക്കണമെന്നാണ് ഓട്ടമൊബീൽ എൻജിനീയർമാർ പറയുന്നത്. അതുപോലെ വണ്ടിയിലെ കൂളൻഡ് കൃത്യമയ അളവിലുണ്ടോ എന്ന് നോക്കണം. ഇത് കുറഞ്ഞാൽ വണ്ടി അധികം ചൂടാകും. ഇങ്ങനെ ചൂടായാൽ വണ്ടി പുകയും.

നിർമാണഘട്ടത്തിലെ തകരാർ

ചില വാഹനങ്ങളിൽ നിർമാണ ഘട്ടത്തിൽത്തന്നെ ഇത്തരം അപകടസാധ്യത കടന്നു കൂടാറുണ്ട്. ഉദാഹരണത്തിന് വയറിങ്ങിന് ഉപയോഗിക്കുന്ന വയറുകൾ കാർ കമ്പനി നിർമിക്കുന്നതല്ല. അത് പുറത്തുനിന്ന് വാങ്ങുന്നതാണ്. ഗുണനിലവാരമില്ലാത്ത വയറുകളാണ് ഉപയോഗിക്കുന്നതെങ്കിൽ അപകടം സംഭവിക്കാം.

ഏറെ സമയം വെയിലുകൊണ്ടതുകൊണ്ടു മാത്രം ചില കാറുകൾ കത്തിപ്പോയിട്ടുണ്ട്. എന്നാൽ ഇപ്പോൾ നിരത്തിലിറങ്ങുന്ന കാറുകളിൽ ഇത്തം സാധ്യത വളരെക്കുറവാണെന്ന് എൻജിനീയർമാർ പറയുന്നു.

ലീക്ക്

ഫ്യൂവൽ ടാങ്കിന്റെ ലീക്കാണ് വണ്ടി തീപിടിക്കാൻ മറ്റൊരു കാരണം. ഗ്യാസ് ഉപയോഗിച്ച് ഓടുന്ന വണ്ടികളാണ് ഇതിൽ പ്രധാനം. ഈ സാധ്യതയും ഇപ്പോഴത്തെ സാഹചര്യത്തിൽ തീരെ കുറവാണ്. എന്നാൽ അപകടവും മറ്റും സംഭവിക്കുമ്പോൾ ഇത്തരം സാധ്യതയും തള്ളിക്കളയാനാവില്ല.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.