Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അര കോടി എയർബാഗുകൾക്കു നിർമാണ തകരാറെന്നു കോണ്ടിനെന്റൽ

continental-airbags

തകാത്ത കോർപറേഷനു പിന്നാലെ നിർമാണ തകരാറുള്ള ഉൽപന്നം വിതരണം ചെയ്തെന്ന കുമ്പസാരവുമായി എയർബാഗ് കൺട്രോൾ യൂണിറ്റ് നിർമാതാക്കളായ കോണ്ടിനെന്റൽ ഓട്ടോമോട്ടീവ് സിസ്റ്റംസും രംഗത്ത്. ഹോണ്ട, ഫിയറ്റ് ക്രൈസ്ലർ, മെഴ്സീഡിസ് ബെൻസ് എന്നീ കമ്പനികൾക്കും മറ്റു മൂന്നു നിർമാതാക്കൾക്കുമായി കഴിഞ്ഞ അഞ്ചു വർഷത്തിനിടെ നൽകിയ അഞ്ചു കോടിയോളം എയർബാഗുകളിലെ കൺട്രോൾ യൂണിറ്റിനു തകരാർ സംശയിക്കുന്നുണ്ടെന്നാണു കമ്പനിയുടെ വിശദീകരണം. യു എസിലെ നാഷനൽ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്ട്രേഷ(എൻ എച്ച് ടി എസ് എ)നു സമർപ്പിച്ച വിശദീകരണത്തിലാണു ജർമനി ആസ്ഥാനമായ കോണ്ടിനെന്റൽ എ ജിയുടെ യൂണിറ്റായ കോണ്ടിനെന്റൽ ഓട്ടമോട്ടീവ് എയർബാഗുകളിൽ തകരാറിനുള്ള സാധ്യത വ്യക്തമാക്കിയത്. 2006 — 2010 കാലഘട്ടത്തിൽ നിർമിച്ചതും 50 ലക്ഷത്തോളം വാഹനങ്ങളിൽ ഘടിപ്പിച്ചതുമായ എയർ ബാഗുകളിലെ ഇലക്ട്രോണിക് സംവിധാനം അപകടവേളയിൽ പ്രവർത്തനരഹിതമാകാൻ സാധ്യതയുണ്ടെന്നാണു കമ്പനിയുടെ മുന്നറിയിപ്പ്.

ഇതോടെ അപകടം സംഭവിക്കുമ്പോൾ എയർബാഗ് വിന്യസിക്കപ്പെടണമെന്നില്ല; ചിലപ്പോൾ അപകടഘട്ടത്തിലല്ലാതെയും മുന്നറിയിപ്പില്ലാതെയും എയർബാഗ് തുറന്നുവരാം. തകരാറിന്റെ ഫലമായി യു എസിൽ മാത്രം 15 — 20 ലക്ഷം വാഹനങ്ങൾ തിരിച്ചുവിളിക്കേണ്ടി വരുമെന്നാണ് കോണ്ടിനെന്റൽ വക്താവ് മേരി അരാഫിന്റെ കണക്കുകൂട്ടൽ. കോണ്ടിനെന്റൽ ഓട്ടമോട്ടീവിന്റെ മുന്നറിയിപ്പ് പ്രകാരം 2008 — 2010 മോഡലിൽപെട്ട 3.41 ലക്ഷം ‘അക്കോഡ്’ തിരിച്ചുവിളിക്കുകയാണെന്നു ഹോണ്ട പ്രഖ്യാപിച്ചു. 1,575 വാറന്റി ക്ലെയിമും 83 ഫീൽഡ് റിപ്പോർട്ടും ലഭിച്ചതിനു പുറമെ എയർബാഗ് തകരാർ മൂലം രണ്ട് പേർക്കു പരുക്കേറ്റതായും കമ്പനി കരുതുന്നു. ഇതോടൊപ്പം അടിയന്തരഘട്ടത്തിൽ എയർബാഗ് വിന്യസിക്കപ്പെടാതെ 74 പേർക്കു പരുക്കേറ്റതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുമുണ്ട്. തകരാറുള്ളവയ്ക്കു പകരം ഘടിപ്പിക്കാൻ എയർബാഗ് ലഭ്യമല്ലാത്തതാണു ഹോണ്ട നേരിടുന്ന വെല്ലുവിളി.

സമാന സാഹചര്യങ്ങളുടെ പേരിൽ 1.12 ലക്ഷം കാറുകൾ തിരിച്ചുവിളിക്കാൻ ഫിയറ്റ് ക്രൈസ്ലറും തീരുമാനിച്ചിട്ടുണ്ട്. 2009 മോഡൽ ‘ഡോജ് ജേണി’, 2008 — 2009 മോഡൽ ‘ഡോജ് ഗ്രാൻഡ് കാരവൻ’, ‘ക്രൈസ്ലർ ടൗൺ ആൻഡ് കൺട്രി’എന്നിവയാണു കമ്പനി തിരിച്ചുവിളിക്കുക. കൂടാതെ ഫോക്സ്വാഗനായി കമ്പി നിർമിച്ചു നൽകിയ 2009 മോഡൽ ‘റൂട്ടാൻ’ കാറുകളും തിരിച്ചുവിളിക്കേണ്ടി വരും. അവിചാരിതമായി എയർബാഗ് വിന്യസിക്കപ്പെട്ട 25 സംഭവങ്ങളാണു ഫിയറ്റ് ക്രൈസ്ലറിന്റെ രേഖകളിലുള്ളത്. വോൾവോ ട്രക്കുകൾക്കും മസ്ദ മോട്ടോർ കോർപറേഷന്റെ മോഡലുകൾക്കും പരിശോധന വേണ്ടിവരുമെന്നു കോണ്ടിനെന്റൽ എൻ എച്ച് ടി എസ് എയെ അറിയിച്ചിട്ടുണ്ട്.