Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തച്ചങ്കരി പിടിച്ച വിവാദങ്ങൾ

tomin-j Tomin J. Thachankary.

ട്രാൻസ്പോർട്ട് കമ്മിഷണറായി ചാർജെടുത്ത ശേഷം ടോമിൻ തച്ചങ്കരിയെടുത്ത നിർണായക തീരുമാനങ്ങൾ മിക്കതും വിവാദത്തിലാണെത്തിയത്. പല തീരുമാനങ്ങളും തന്നോട് ആലോചിക്കാതെ തച്ചങ്കരി സ്വന്തം നിലയിൽ എടുക്കുന്നുവെന്നായിരുന്നു ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്റെ പരാതി. ഇതിന്റെ അടിസ്ഥാനത്തിൽ തച്ചങ്കരിയെ മാറ്റണമെന്ന് അദ്ദേഹം ആവശ്യപ്പെടുകയായിരുന്നു. എന്നാൽ, എന്തു വിവാദമുണ്ടായാലും തന്റെ തീരുമാനങ്ങളിൽനിന്നു പിന്നോട്ടു പോകാൻ തച്ചങ്കരി തയാറായിരുന്നില്ല. അദ്ദേഹത്തിന്റെ സ്ഥാനം തെറിപ്പിച്ച മുഖ്യവിവാദ തീരുമാനങ്ങൾ ഏതൊക്കെയെന്നു നോക്കാം.

tomin-thachankary-bday-celebration

ഇരുചക്ര വാഹനങ്ങൾക്കൊപ്പം ഹെൽമറ്റ്

യുഡിഎഫ് സർക്കാരാണ് ഈ തീരുമാനമെടുത്തത്. പക്ഷേ ഇത് ഇരുചക്രവാഹന വിതരണക്കാരുടെ എതിർപ്പിനു കാരണമായി. കൂടാതെ, വാഹനം റജിസ്റ്റർ ചെയ്യാൻ ഹെൽമെറ്റ്, സാരി ഗാർഡ്, റിയർവ്യൂ മിറർ തുടങ്ങിയവ സൗജന്യമായി കൈപ്പറ്റി എന്നുള്ള സത്യ പ്രസ്താവനയും വേണമെന്നു തീരുമാനിച്ചിരുന്നു.

ഹാൻഡ്‌ലിങ് ചാർജ്

പൊതുജനങ്ങളുടെ അഭിനന്ദനവും വാഹന വിതരണക്കാരുടെ പ്രതിഷേധവും ക്ഷണിച്ചു വരുത്തിയ നീക്കമായിരുന്നു ഹാൻഡ്‌ലിങ് ചാർജ് നിർത്തലാക്കാനുള്ള തീരുമാനം. പുതിയ വാഹനങ്ങൾക്ക് വിതരണക്കാർ ഈടാക്കുന്ന അനധികൃത ചാർജുകൾ നിർത്തലാക്കാനുള്ള പദ്ധതി ഏറെ വിവാദങ്ങൾ ക്ഷണിച്ചു വരുത്തി. 5000 രൂപ മുതൽ ലക്ഷങ്ങൾ വരെ ഹാൻഡ്‌ലിങ് ചാർജായി ഈടാക്കുന്നുവെന്ന് ഓപ്പറേഷൻ ആന്റി ലൂട്ടിങ് എന്ന പേരിൽ നടത്തിയ റെയ്ഡിൽ കണ്ടെത്തിയിരുന്നു. ഹാൻഡ്‌ലിങ് ചാർജ് ഇനത്തിൽ വേണ്ടിവരുന്ന തുക വാഹനനിർമാതാക്കൾ തന്നെ ഡീലർമാർക്കു നൽകുന്നുണ്ട്. ഇക്കാര്യം മറച്ചുവച്ച് ആർടിഒ ഓഫിസിലേക്ക് എന്ന പേരിൽ ഹാൻഡ്‌ലിങ് ചാർജ് വാങ്ങിയായിരുന്നു തട്ടിപ്പ്.

കേരളത്തിൽ പ്രതിവർഷം ശരാശരി എട്ടു ലക്ഷം വാഹനങ്ങളാണ് വിൽക്കുന്നത്. ഇതിൽ ആറു ലക്ഷവും ഇരുചക്ര വാഹനങ്ങളാണ്. ഇരുചക്രവാഹനങ്ങൾക്ക് 5000 രൂപവരെയും മാരുതി ആൾട്ടോയ്ക്ക് 7000 രൂപ വരെയും പ്രീമിയം കാറിന് ഒന്നര ലക്ഷം വരെയുമാണ് ഹാൻഡ്‌ലിങ് ചാര്‍ജായി പിരിക്കുന്നത്. ഈ തട്ടിപ്പിലൂടെ പ്രതിവർഷം 320 കോടിയോളം രൂപയാണ് ഡീലർമാരുടെ കയ്യിലെത്തിയിരുന്നതെന്നായിരുന്നു കണ്ടെത്തിയത്.

ഹെൽമറ്റ് ഇല്ലാത്തവർക്കു പെട്രോളില്ല

ഇരുചക്ര വാഹനങ്ങളിൽ ഹെൽമറ്റില്ലാതെ വരുന്നവർക്കു പെട്രോൾ നൽകേണ്ടെന്ന തീരുമാനം വൻ വിവാദമായി. കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം നഗരങ്ങളിൽ പദ്ധതി നടപ്പാക്കുമെന്നായിരുന്നു തച്ചങ്കരി ആദ്യം പറഞ്ഞിരുന്നത്. എന്നാൽ ഈ നീക്കത്തിൽ എതിർപ്പുമായി മന്ത്രി എ.കെ. ശശീന്ദ്രൻ രംഗത്തെത്തി. അതു താൻ അറിഞ്ഞില്ലെന്നും പൊതുജനങ്ങൾക്കു ബുദ്ധിമുട്ടുണ്ടാകുന്ന തീരുമാനങ്ങൾ എടുക്കില്ലെന്നുമായിരുന്നു മന്ത്രിയുടെ പ്രസ്താവന. തുടർന്ന്, ഹെൽമറ്റ് വെച്ച് ഇന്ധനം നിറയ്ക്കാനെത്തുന്ന ഇരുചക്രവാഹനയാത്രക്കാർക്കു സമ്മാന കൂപ്പണുകൾ നൽകുന്ന പദ്ധതിയാക്കി ഇതുമാറ്റി.

സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ വാഹനത്തിലെ കൊടി, മന്ത്രിമാരുടെ നമ്പർ

ഐപിഎസുകാരുടെ വാഹനത്തിലെ കൊടിയും മന്ത്രിമാരുടെ വാഹനങ്ങളിലെ 1, 2 എന്ന നമ്പറും നീക്കുമെന്ന തീരുമാനം ഏറെ വിവാദമായി. മന്ത്രിമാരുടെ വാഹനങ്ങളിൽ യഥാർഥ നമ്പരിന് പകരം 1, 2 എന്നു തുടങ്ങുന്ന നമ്പരുകളാണ് ഉപയോഗിച്ചിരുന്നത്. നിയമപരമായി ഇങ്ങനെ ചെയ്യാൻ പാടില്ല എന്നാണു തച്ചങ്കരി വാദിച്ചത്. കൂടാതെ, ഐഎഎസുകാരും ഐപിഎസുകാരും വാഹനങ്ങളിൽ കൊടി ഉപയോഗിക്കുന്നതു നിയമം അനുവദിക്കുന്നില്ലെന്ന പേരിൽ തച്ചങ്കരി വിലക്കിയിരുന്നു. സർക്കാർ അഭിഭാഷകരുടെയും ക്രൈംബ്രാഞ്ച്, ഇന്റലിജൻസ് വിഭാഗങ്ങളുടെയും വാഹനങ്ങളിലെ അനധികൃത ബീക്കൺ ലൈറ്റുകൾ‍ക്കെതിരായ നടപടിയും വിവാദം സൃഷ്ടിച്ചു.

വാഹന വകുപ്പിലെ സ്ഥലമാറ്റം

മോേട്ടാര്‍വാഹന വകുപ്പില്‍ 225 അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരുടെ സ്ഥലംമാറ്റത്തിനുള്ള ഉത്തരവാണ് വിവാദമായ മറ്റൊന്ന്. എട്ടുവര്‍ഷമായി ഒരു ഓഫിസില്‍ തുടരുന്ന ഉദ്യോഗസ്ഥര്‍ വരെ വകുപ്പിലുണ്ടെന്നു കണ്ടെത്തിയതിനെ തുടർന്നാണ് ഉത്തരവിറക്കിയത് എന്നായിരുന്നു ടോമിൻ തച്ചങ്കരി പറഞ്ഞത്. എന്നാൽ ഇതും മന്ത്രി അറിഞ്ഞില്ലെന്നത് കൂടുതൽ വിവാദമായി.

പിറന്നാൾ ദിനത്തിലെ മധുരവിതരണം

ഏറ്റവും ഒടുവിലത്തേതാണ് തച്ചങ്കരിയുടെ പിറന്നാൾ ആഘോഷവിവാദം. ഹെൽമറ്റ് നിർബന്ധമാക്കുന്നതിനുള്ള പ്രചാരണ പരിപാടികൾക്കു രംഗത്തിറങ്ങിയ വിദ്യാർഥികൾക്കൊപ്പം കേക്ക് മുറിച്ചാണ് തച്ചങ്കരി പിറന്നാൾ ആഘോഷിച്ചത്. ഹെൽമറ്റ് ധരിച്ചു പെട്രോൾ പമ്പിലെത്തിയ ഇരുചക്ര വാഹന യാത്രക്കാർക്കു കേക്ക് നൽകിയതും സംസ്ഥാനത്തെ മോട്ടോർവാഹന ഓഫിസുകളിലെല്ലാം മധുരം വിതരണം ചെയ്തതും വിവാദമായി. ഇതിനെതിരെ വകുപ്പ് ഉദ്യോഗസ്ഥരും മന്ത്രിയും രംഗത്തെത്തി. വകുപ്പിനു കീഴിലെ ഓഫിസുകളിൽ ഗതാഗത കമ്മിഷണർ പിറന്നാൾ ആഘോഷം സംഘടിപ്പിച്ചതിനെതിരെ കടുത്ത വിമർശനമുയർന്നു. സ്വന്തം വകുപ്പിലെ ജീവനക്കാർക്കു വകുപ്പു മേധാവി മധുരം വിതരണം ചെയ്യുന്നത് എങ്ങനെ തെറ്റാകുമെന്നും ജീവനക്കാർക്കു മധുരം നൽകിയതു സ്വന്തം പണം ഉപയോഗിച്ചാണെന്നുമായിരുന്നു തച്ചങ്കരിയുടെ പ്രതികരണം.

Your Rating: