Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വരവായ്, ‘ക്രേറ്റ’യുടെ ഒന്നാം ‘വാർഷിക പതിപ്പ്’

creta

അരങ്ങേറ്റത്തിന്റെ ആദ്യ വാർഷികത്തോടനുബന്ധിച്ചു കോംപാക്ട് എസ് യു വിയായ ‘ക്രേറ്റ’യുടെ പ്രത്യേക പരിമിതകാല പതിപ്പ് ഹ്യുണ്ടേയ് മോട്ടോർ ഇന്ത്യ ലിമിറ്റഡ്(എച്ച് എം ഐ എൽ) വൈകാതെ വിൽപ്പനയ്ക്കെത്തിക്കും. കഴിഞ്ഞ ആഴ്ച രാജ്യാന്തര ബാഡ്മിറ്റൻ താരം സൈന നെഹ്വാളിനു കമ്പനി ‘ക്രേറ്റ’യുടെ വാർഷിക പതിപ്പ് സമ്മാനിച്ചിരുന്നു. കഴിഞ്ഞ ജൂലൈയിൽ വിപണിയിലെത്തിയ ‘ക്രേറ്റ’യ്ക്ക് ഉജ്വല വരവേൽപ്പാണ് ഇന്ത്യയിൽ ലഭിച്ചത്. പോരെങ്കിൽ വിൽപ്പനയ്ക്കെത്തിയ വിദേശ വിപണികളിലും ഉജ്വല വരവേൽപ്പാണു ‘ക്രേറ്റ’ നേടിയത്. മറ്റു പരിമിതകാല പതിപ്പുകളെ പോലെ സാങ്കേതിക വിഭാഗത്തിൽ മാറ്റമൊന്നുമില്ലാതെയാവും ‘ക്രേറ്റ ആനിവേഴ്സറി എഡീഷ’ന്റെയും വരവ്. അതേസമയം കാഴ്ചപ്പകിട്ടിനായി ഒട്ടേറെ മാറ്റങ്ങളുമുണ്ടാവും. പില്ലറുകൾക്കും റൂഫിനും കറുപ്പ് നിറം, പാർശ്വങ്ങളിൽ ഗ്രേ — റെഡ് സ്ട്രൈപ് എന്നിവയാണ് ഈ ‘ക്രേറ്റ’യിലെ പ്രധാന പുതുമകൾ. അകത്തളത്തിൽ സീറ്റുകൾക്കു പുതിയ നിറം നൽകാനും സാധ്യതയുണ്ട്. മിക്കവാറും ‘എസ് എക്സ്’, ‘എസ് എക്സ്(ഒ)’ വകഭേദം അടിസ്ഥാനമാക്കിയാണു ഹ്യുണ്ടേയ് ‘ക്രേറ്റ’യ്ക്കു പരിമിതകാല പതിപ്പ് ഒരുക്കുകയെന്നാണു സൂചന.

അരങ്ങേറ്റത്തിന്റെ ആദ്യ വാർഷികം ആഘോഷിക്കുന്ന വേളയിലും പുതിയ ‘ക്രേറ്റ’യ്ക്കുള്ള കാത്തിരിപ്പ് മാറ്റമില്ലാതെ തുടരുന്നത് ഹ്യുണ്ടേയിയെ ഏറെ ആഹ്ലാദിപ്പിക്കുന്നുണ്ട്. ലഭ്യത മെച്ചപ്പെടുത്തി കാത്തിരിപ്പ് രണ്ടു മാസത്തിൽ താഴെയെത്തിക്കാൻ ‘ക്രേറ്റ’യുടെ ഉൽപ്പാദനം വർധിപ്പിക്കാനും കമ്പനി തീരുമാനിച്ചിരുന്നു. പ്രതിമാസ ഉൽപ്പാദനം ജൂണോടെ 13,000 യൂണിറ്റായി ഹ്യുണ്ടേയ് ഉയർത്തിയിരുന്നു. ഇതിൽ 10,000 യൂണിറ്റ് ആഭ്യന്തര വിപണിയിലും ബാക്കി വിദേശ വിപണികളിലും വിൽപ്പനയ്ക്കെത്തിക്കാനാണു കമ്പനിയുടെ നീക്കം. ലാറ്റിൻ അമേരിക്ക(കൊളംബിയ, കോസ്റ്റാറിക്ക, പെറു, പാനമ), മിഡിൽ ഈസ്റ്റ്(ഒമാൻ, യു എ ഇ, സൗദി അറേബ്യ), ആഫ്രിക്ക(ഈജിപ്ത്, മൊറോക്കൊ, നൈജീരിയ) തുടങ്ങിയ രാജ്യങ്ങളിലെല്ലാം ‘ക്രേറ്റ’യ്ക്കു മികച്ച സ്വീകരണമാണു ലഭിച്ചത്. ലോകവ്യാപകമായി എഴുപത്തി ഏഴോളം രാജ്യങ്ങളിലേക്കാണു ഹ്യുണ്ടേയ് ഇന്ത്യയിൽ നിർമിച്ച ‘ക്രേറ്റ’ കയറ്റുമതി ചെയ്യുന്നത്.

തുടക്കത്തിൽ പ്രതിമാസം 6,000 ‘ക്രേറ്റ’ വീതമാണു ഹ്യുണ്ടേയ് ഉൽപ്പാദിപ്പിച്ചിരുന്നത്; എന്നാൽ വിപണിയുടെ ആദ്യ പ്രതികരണം കണ്ടപ്പോൾതന്നെ ഉൽപ്പാദനം ഉയർത്താൻ കമ്പനി തീരുമാനിച്ചിരുന്നു. തുടർന്നു മാസം 10,000 യൂണിറ്റായി ‘ക്രേറ്റ’യുടെ ഉൽപ്പാദനം ഉയർത്തി. ഇതിൽ ഏഴായിരത്തോളം ‘ക്രേറ്റ’ ആഭ്യന്തര വിപണിയിലും ബാക്കി കയറ്റുമതിക്കും നീക്കിവച്ചിരിക്കുന്നു. ഡൽഹി ഷോറൂമിൽ 8.69 — 13.80 ലക്ഷം രൂപ വിലനിലവാരത്തിൽ വിൽപ്പനയ്ക്കെത്തുന്ന ‘ക്രേറ്റ’യിൽ മൂന്ന് എൻജിൻ സാധ്യതകളാണു ഹ്യുണ്ടേയ് മോട്ടോർ ഇന്ത്യ വാഗ്ദാനം ചെയ്യുന്നത്: 1.6 ഗാമ ഡ്യുവൽ വി ടി വി ടി, 1.6 യു ടു സി ആർ ഡി ഐ വി ജി ടി, 1.4 യു ടു സി ആർ ഡി ഐ. ‘ക്രേറ്റ’യിൽ ‘1.6 എസ് എക്സ് പ്ലസ് ഡീസൽ എ ടി’ എന്ന പേരിൽ ഡീസൽ എൻജിനൊപ്പം ഓട്ടമാറ്റിക് ട്രാൻസ്മിഷനും ഹ്യുണ്ടേയ് ലഭ്യമാക്കുന്നുണ്ട്.

Your Rating: