Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജൂണിലെ അസംസ്കൃത എണ്ണ ഉൽപ്പാദനത്തിൽ ഇടിവ്

bombay-high

സ്വകാര്യ മേഖലയിലെ എണ്ണപ്പാടങ്ങളിൽ നിന്നുള്ള വരവ് കുറഞ്ഞതോടെ കഴിഞ്ഞമാസം ഇന്ത്യയിലെ അസംസ്കൃത എണ്ണ ഉൽപ്പാദനത്തിൽ 4.5% ഇടിവു നേരിട്ടു. 2015 ജൂണിൽ രാജ്യം 31 ലക്ഷം ടൺ അസംസ്കൃത എണ്ണ ഉൽപ്പാദിപ്പിച്ച സ്ഥാനത്ത് കഴിഞ്ഞ മാസത്തെ ഉൽപ്പാദനം 29.60 ലക്ഷം ടണ്ണിലൊതുങ്ങി. പൊതുമേഖലയിലെ എണ്ണ, പ്രകൃതി വാതക കോർപറേഷന്റെ ഉൽപ്പാദനത്തിൽ ജൂണിൽ 2.75% ഇടിവു നേരിട്ടു; 18.50 ലക്ഷം ടൺ ക്രൂഡ് ഓയിലാണു കമ്പനി ജൂണിൽ ഉൽപ്പാദിപ്പിച്ചത്. അതേസമയം സ്വകാര്യ കമ്പനികളിൽ നിന്നുള്ള ഉൽപ്പാദനത്തിൽ എട്ടു ശതമാനത്തോളമാണ് ഇടിവ്. ജൂണിൽ സ്വകാര്യ മേഖല ഉൽപ്പാദിപ്പിച്ചത് 9.75 ലക്ഷം ടൺ അസംസ്കൃത എണ്ണയാണ്.

രാജസ്ഥാനിൽ കെയ്ൻ ഇന്ത്യയുടെ മേൽനോട്ടത്തിലുള്ള മംഗള എണ്ണപ്പാടത്ത് നേരിട്ട സ്വാഭാവിക ഇടിവും ബി ജിയുടെ ചുമതലയിലുള്ള പന്ന/മുക്ത എണ്ണപ്പാടം പ്രതീക്ഷിച്ച പ്രകടനം കാഴ്ചവയ്ക്കാത്തതുമൊക്കെയാണു തിരിച്ചടിയായത്. രാജസ്ഥാനിൽ കെയ്ൻ ഇന്ത്യയുടെ മേൽനോട്ടത്തിലുള്ള ബ്ലോക്കും പ്രതീക്ഷിച്ച ഉൽപ്പാദനം കൈവരിച്ചില്ല. വെള്ളക്കെട്ടു മൂലം കൃഷ്ണ ഗോദാവരി തടത്തിലെ റിലയൻസ് ഇൻഡസ്ട്രീസിന്റെ ഉൽപ്പാദനവും ലക്ഷ്യം നേടിയില്ല. കഴിഞ്ഞ ഏപ്രിൽ — ജൂൺ ത്രൈമാസത്തിലെ ക്രൂഡ് ഓയിൽ ഉൽപ്പാദനം 2015 — 16ന്റെ ആദ്യ പാദത്തെ അപേക്ഷിച്ച് 3.3% കുറവാണ്; മൊത്തം 90 ലക്ഷം ടൺ അസംസ്കൃത എണ്ണയാണ് ഇക്കാലത്തെ മൊത്തം ഉൽപ്പാദനം.

പ്രകൃതി വാതക ഉൽപ്പാദനത്തിലും 4.5% ഇടിവു രേഖപ്പെടുത്തി. റിലയൻസ് ഇൻഡസ്ട്രീസിന്റെ ഉടമസ്ഥതയിലുള്ള കൃഷ്ണ ഗോദാവരി തടത്തിലെ എണ്ണപ്പാടങ്ങൾ പ്രതീക്ഷിച്ച ഉൽപ്പാദനം നേടാത്തതാണു പ്രശ്നമായത്. മൊത്തം 259 കോടി ഘനയടി പ്രകൃതി വാതകമാണു കഴിഞ്ഞ മാസം ഇന്ത്യ ഉൽപ്പാദിപ്പിച്ചത്. കഴിഞ്ഞ ഏപ്രിൽ — ജൂൺ ത്രൈമാസത്തിലെ വാതക ഉൽപ്പദാനത്തിലാവട്ടെ ആറു ശതമാനത്തോളം ഇടിവു നേരിട്ടു; മൊത്തം 770 കോടി ഘനയടി വാതകമായിരുന്നു രാജ്യത്തെ മൊത്തം ഉൽപ്പാദനം. അതേസമയം ജൂണിൽ രാജ്യത്തെ എണ്ണ ശുദ്ധീകരണ ശാലകൾ മികച്ച പ്രകനടം കാഴ്ചവച്ചു. 2015 ജൂണിനെ അപേക്ഷിച്ചു 3.51% വർധനയോടെ മൊത്തം 201.6 ലക്ഷം ടൺ ഇന്ധനങ്ങളാണു റിഫൈനറികൾ ഉൽപ്പാദിപ്പിച്ചത്. ഏപ്രിൽ — ജൂൺ കാലത്തെ ഇന്ധന ഉൽപ്പാദനമാവട്ടെ 2015 — 16ന്റെ ആദ്യ പാദത്തെ അപേക്ഷിച്ച് ഒരു ശതമാനത്തോളം വർധനയോടെ 602.7 ലക്ഷം ടണ്ണായിരുന്നു.

Your Rating: