Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മിസ്ത്രിയുടെ വിശ്വസ്തൻ ഇനി യൂബറിനൊപ്പം

Uber-mobile

ടാറ്റ സൺസിൽ നിന്നു നിഷ്കാസിതനായ സൈറസ് മിസ്ത്രിയുടെ വിശ്വസ്തനായിരുന്ന മധു കണ്ണൻ സാൻഫ്രാൻസിസ്കൊ ആസ്ഥാനമായ റൈഡ് ഹെയ്‌ലിങ് കമ്പനിയായ യൂബറിൽ ചേക്കേറി. ചീഫ് ബിസിനസ് ഓഫിസർ(ഇന്ത്യ ആൻഡ് ഏമേർജിങ് മാർക്കറ്റ്സ്) ആയാണ് കണ്ണൻ (42) യൂബർ ഇന്ത്യയിലേത്തുന്നത്. മിസ്ത്രിയെടാറ്റ സൺസിന്റെ ചെയർമാൻ സ്ഥാനത്ത് നിന്ന് ഒഴിവാക്കാൻ കഴിഞ്ഞ ഒക്ടോബർ 24ന് ബോർഡ് ഓഫ് ഡയറക്ടേഴ്സ് യോഗം തീരുമാനിച്ച പിന്നാലെയാണു കണ്ണനും കമ്പനിയിൽ നിന്നു രാജി വച്ചത്. തുടർന്ന് ടാറ്റ സൺസ് ഇടക്കാല ചെയർമാനായി ചുമതലയേറ്റ രത്തൻ ടാറ്റയ്ക്കെതിരെ മിസ്ത്രി നടത്തുന്ന നിയമയുദ്ധത്തിൽ സഹായിയായി തുടരുകയായിരുന്നു ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് (ബി എസ് ഇ) മുൻ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ കൂടിയായ കണ്ണൻ.

തന്റെ തലമുറയിലെ ഏറ്റവും ചലനാത്മകവും പുതുമകൾ നിറഞ്ഞതുമായ സംരംഭമാണ് യൂബറെന്നായിരുന്നു പുതിയ സ്ഥാനലബ്ധിയെപ്പറ്റി കണ്ണന്റെ പ്രതികരണം. ആഗോള ഗതാഗത മേഖലയിൽ പൊളിച്ചെഴുത്തിനു ശ്രമിക്കുന്ന പ്രതിഭാധനരും ഉയരങ്ങൾ കീഴടക്കാൻ വെമ്പുന്നവരുമായ ആളുകൾക്കൊപ്പം പ്രവർത്തിക്കാൻ കഴിയുന്നത് വൻനേട്ടമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മധു കണ്ണൻ യൂബറിനൊപ്പം ചേർന്നു പ്രവർത്തിക്കാൻ തീരുമാനിച്ചതിൽ സന്തോഷമുണ്ടെന്ന് യൂബർ പ്രസിഡന്റ് ഓഫ് ബിസിനസ് (ഏഷ്യ പസഫിക്) എറിക് അലക്സാണ്ടർ വ്യക്തമാക്കി. ഇന്ത്യയിലും ഏഷ്യയിലെ ഉദിച്ചുയരുന്ന വിപണികളിലും കണ്ണനുള്ള പ്രവർത്തന പരിചയം യൂബറിനു മുതൽക്കൂട്ടാവുമെന്ന് അദ്ദേഹം പ്രത്യാശിച്ചു.

Your Rating: