Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കിഴക്കൻ ജർമനിയിൽ മെഴ്സീഡിസ് ഡീലർഷിപ്പും വിൽപ്പനയ്ക്ക്

Mercedes Benz

എതിരാളികൾ വാഹനം വിൽക്കുമ്പോൾ ജർമൻ ആഡംബര കാർ നിർമാതാക്കളായ മെഴ്സീഡിസ് ബെൻസിന്റെ ഉടമസ്ഥരായ ഡെയ്മ്ലർ എ ജി വിറ്റൊഴിയുന്നത് ഡീലർഷിപ്പുകൾ. കിഴക്കൻ ജർമനിയിലെ 25 ശതമാനത്തോളം മെഴ്സീഡിസ് ഡീലർഷിപ്പുകളാണ് ഡെയ്മ്ലർ, ചൈനയിലെ ലീ ഷിങ് ഹോങ്(എൽ എസ് എച്ച്) ഗ്രൂപ്പിനു കൈമാറുന്നത്.

കിഴക്കൻ ജർമനിയിൽ ഡെയ്മ്ലറിന്റെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന 160 ഔട്ട്ലെറ്റുകളുടെ നാലിലൊന്നാണു ലോകത്തിലെ തന്നെ ഏറ്റവും വലിയ മെഴ്സീഡിസ് ഡീലർഷിപ് ശൃംഖലയായ എൽ എസ് എച്ച് ഗ്രൂപ്പ് ഏറ്റെടുക്കുന്നത്. ജർമനിയിലെ മെഴ്സീഡിസ് കാർ വിൽപ്പനയിൽ പകുതിയോളം കിഴക്കൻ ജർമനിയിലെ ഡീലർഷിപ്പുകളാണെന്നും ഡെയ്മ്ലർ വ്യക്തമാക്കി. അതേസമയം പക്വതയാർജിച്ച കാർ വിപണിയിൽ പ്രവർത്തിക്കേണ്ടത് എങ്ങനെയെന്നു പഠിക്കാനാണത്രെ എൽ എസ് എച്ച് ജർമനിയിലെ വിൽപ്പന കേന്ദ്രങ്ങൾ ഏറ്റെടുക്കുന്നത്.

എന്നാൽ വളർച്ച മാത്രം കൈവരിച്ച് ഉയരങ്ങൾ കീഴടക്കിയ വർഷങ്ങൾക്കു ശേഷം ചൈനയിൽ കാറുകൾക്കുള്ള ആവശ്യം ഇടിയുകയാണെന്നു കണക്കുകൾ വ്യക്തമാക്കുന്നു. ഈ പ്രതികൂല സാഹചര്യം പരിഗണിച്ചാണു ചൈനീസ് ഡീലർമാർ കാർ വിൽപ്പനയ്ക്കപ്പുറമുള്ള വരുമാനം തേടുന്നതെന്നാണു സൂചന. സ്പെയർ പാർട്സ് വിൽപ്പന, യൂസ്ഡ് കാർ വ്യാപാരം തുടങ്ങി വിവിധ വിഭാഗങ്ങളിൽ ഗണ്യമായ വരുമാനം നേടുന്ന ബിസിനസ് മാതൃകയാണു ജർമനി പിന്തുടരുന്നത്.

ഈ പശ്ചാത്തലത്തിലാണ് എൽ എസ് എച്ചിന്റെ ഉപസ്ഥാപനമായ സ്റ്റേൺ ഓട്ടോ ജി എം ബി എച്ച് ലീപ്സിഗ്, ഡ്രസ്ഡെൻ, മാഗ്ഡിബർഗ്, ഷ്വെരിൻ, റോസ്റ്റോക്, വാള്ളുൻ, ഉപാൽ തുടങ്ങിയ ജർമൻ നഗരങ്ങളിലെ ഡെയ്മ്ലർ ഡീലർഷിപ്പുകൾ ഏറ്റെടുക്കാൻ ഒരുങ്ങുന്നത്. അതേസമയം, എന്തു വിലയ്ക്കാണു ഡീലർഷിപ്പുകൾ കൈമാറുന്നതെന്നു ഡെയ്മ്ലർ വെളിപ്പെടുത്തിയിട്ടില്ല.

നേരത്തെ ജനുവരിയിൽ വെയ്മർ, എർഫുർട്, ആർണസ്റ്റാഡ് നഗരങ്ങളിലെ മെഴ്സീഡിസ് ഡീലർമാരായ റസ് ആൻഡ് ജാനോട്ടിനെയും എൽ എസ് എച്ച് ഗ്രൂപ് സ്വന്തമാക്കിയിരുന്നു.