Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൂപ്പർ കാർ പ്രേമവുമായി ഒരു സൂപ്പർ മലയാളി

deepak-3 Deepak Narendran and Co-host Danni Menzies

‘‘എന്താ ഫെറാരിയുടെ വില ?’’ ‘‘നാലു കോടി’’ ‘‘എത്ര മൈലേജ് കിട്ടും ?’’ ‘‘എട്ടൊക്കെ കിട്ടും’’

തുടങ്ങി നാട്ടുകാരുടെ ഒരിക്കലും അവസാനിക്കാത്ത ചോദ്യങ്ങൾക്ക് ദീപക് ക്ഷമയോടെ ഉത്തരങ്ങൾ പറഞ്ഞു. സൂപ്പർകാറുകളെ പ്രണയിക്കുന്ന ദീപക്കിന്റെ രാജ്യാന്തര യാത്രകൾ പ്രശസ്തമായ ഫോക്സ് ടിവിയിൽ പരമ്പരയായി വരികയാണ്. ഫോക്സ് ടിവി ലൈഫ് ചാനലിൽ ജനുവരി 31ന് ഒരുമണിക്ക് ആദ്യ എപ്പിസോഡ് സംപ്രേഷണം ചെയ്യുമ്പോൾ രണ്ടര വർഷത്തെ ശ്രമത്തിന്റെ ഫലശ്രുതിയിലാണു ദീപക്. ഒരു വിദേശ ചാനലിൽ ഒരു മലയാളി അവതരിപ്പിക്കുന്ന ആദ്യ സൂപ്പർകാർ ഷോ എന്ന സവിശേഷതയുമുണ്ട് പരിപാടിക്ക്.

deepak-1 Deepak Narendran and Co-host Danni Menzies

കേരളത്തിൽ ഏറ്റവും കൂടുതൽ സൂപ്പർകാറുകളുള്ള വ്യക്തികളിലൊരാളാണ് ഹോട്ടൽ ബിസിനസ് രംഗത്തു പ്രവർത്തിക്കുന്ന മൂവാറ്റുപുഴ സ്വദേശി ദീപക് നരേന്ദ്രൻ. ഫെറാരി, ലംബോർഗിനി, പോർഷെ തുടങ്ങി ദീപക്കിന്റെ കാർശേഖരത്തിൽ സൂപ്പറും സ്പോർട്സുമൊക്കെയായി കാറുകളുടെ നിര തന്നെയുണ്ട്. മണിപ്പാൽ കെഎംസി കോളജിൽ പഠിക്കുമ്പോൾ അച്ഛൻ ടി.കെ. നരേന്ദ്രൻ വാങ്ങിക്കൊടുത്ത മാരുതി 800 ആണ് ദീപക്കിന്റെ ആദ്യ കാർ. ബിസിനസിൽ നിന്നു പണം സമ്പാദിച്ച് ആദ്യം സ്വന്തമാക്കിയതൊരു മെഴ്സിഡീസ് ബെൻസ് ഇ ക്ലാസാണ്. പിന്നെയൊരു എസ് ക്ലാസ് വാങ്ങി.

deepak-2 Deepak Narendran and Co-host Danni Menzies

‘‘വിദേശ കാറുകൾ അടുത്തറിയാനും ഓടിക്കാനുമുള്ള ആഗ്രഹത്തിലാണ് ഇംഗ്ലണ്ടിലെ കാർ ക്ലബ്ബുകളിൽ അംഗത്വമെടുത്തത്. ലംബോർഗിനിയുമായി സ്കോ‌ട്‌ലൻഡിലേക്കൊരു ഡ്രൈവ്. ഫെറാരിയുമായി പത്തു ദിവസം. നമ്മുടെ നാട്ടിലേതുപോലെ റൈറ്റ് ഹാൻഡ് ഡ്രൈവാണ് അവിടെയും. കാറിന്റെ വേഗം എന്നെ ഒരിക്കലും ആകർഷിച്ചിട്ടില്ല. എന്നാൽ ലോങ് ഡ്രൈവിന്റെ ആഹ്ലാദം ഞാൻ ആസ്വദിക്കാറുണ്ട്. മുറിയൊന്നും ബുക്ക് ചെയ്യാതെ, ഒട്ടും പ്ലാൻ ചെയ്യാത്ത യാത്രകൾ. വിദൂരവും വിജനവുമായ ഇംഗ്ലിഷ് ഗ്രാമങ്ങൾ, അവയുടെ ഭംഗി, വ്യത്യസ്തമായ ഭക്ഷണങ്ങൾ....ഇതെല്ലാമാണ് ഇംഗ്ലണ്ടിലേക്ക് ആകർഷിച്ചത്’’– ദീപക് പറഞ്ഞു. ഇംഗ്ലണ്ടിലെ ഡ്രൈവിനു ശേഷം നാലു വർഷം മുൻപ് ദീപക് കൊച്ചിയിലേക്ക് ഫെറാരി സ്വന്തമായി ഇറക്കുമതി ചെയ്തു. പിറ്റേവർഷം ലംബോർഗിനിയും.

കേരളത്തിലെ റോഡുകളിൽ സൂപ്പർകാറുകൾ ഓടിക്കാൻ കഴിയുമോ ?

deepak-4 Deepak Narendran

‘‘പകൽ അക്കാര്യം ചിന്തിക്കുകയേ വേണ്ട. രാത്രി പന്ത്രണ്ടുമണിക്കു ശേഷം നഗരം ഉറങ്ങുമ്പോഴാണ് ഞാൻ പലപ്പോഴും വണ്ടിയിറക്കുന്നത്. ഇവിടെ ലോങ് ഡ്രൈവ് പാടാണ്. കുഴിയിലും മറ്റും വീണാൽ പ്രശ്നങ്ങൾ വേറെ ’’– ദീപക് ചൂണ്ടിക്കാട്ടി. നിരന്തരം വിദേശത്തുകൂടി ഡ്രൈവ് ചെയ്തപ്പോഴാണ് ‘കാർ ആൻഡ് കൺട്രി’ എന്ന പരിപാടിയെക്കുറിച്ച് ആലോചിച്ചത്. ബ്രിട്ടനിലെ ട്രാക്ക് ഫിലിംസിനെ സമീപിച്ച് 80000 പൗണ്ട് ചെലവിൽ പൈലറ്റ് എപ്പിസോഡ് ചെയ്തു. ഡ്രൈവിങ് മാത്രമുള്ള ഷോകളാണ് വിദേശത്തു കൂടുതൽ. കാറും യാത്രയും ഭക്ഷണവും ഉൾപ്പെടുത്തിയപ്പോൾ അതിനൊരു പുതുമയായി. ഡിസ്കവറി ചാനലിലെ വിന്റേജ് കാർ സ്പെഷലിസ്റ്റ് കെൻ ക്ലേയാണ് ക്യാമറ ചെയ്തത്. സൗണ്ടിന്റെ ചുമതല മൈക്കൽ ഷൂമാക്കറിനൊപ്പം ജോലിചെയ്തിട്ടുള്ള സ്റ്റീവിനും. പതിനാലംഗ ക്രൂ ആണ് കാർ യാത്ര ആകാശത്തുനിന്നും ഭൂമിയിൽനിന്നും ചിത്രീകരിച്ചത്. കാൻ ഫിലിം ഫെസ്റ്റിവലിലെ ടെലിവിഷൻ മേളയായ മിപ്കോമിൽ ദീപക് തന്റെ പരിപാടി അവതരിപ്പിച്ചപ്പോൾ നല്ല പ്രതികരണമാണു ലഭിച്ചത്.

deepak Deepak Narendran

ചുരുങ്ങിയത് ആറ് എപ്പിസോഡെങ്കിലും വേണമെന്നായി വിതരണക്കാർ. അങ്ങനെയാണ് ഫോക്സ് ടിവിയുടെ മിഡിൽ ഈസ്റ്റ് മേധാവി ഫ്രാൻചെസ്കോയെ ദീപക് സമീപിക്കുന്നത്. ഫോക്സ് ടിവി പരിപാടി ഏറ്റെടുത്തു. നാല് എപ്പിസോഡുകൾ കൂടി ചിത്രീകരിച്ചു. സ്കോട്‌ലൻഡിലെ ഐലോഫ് സ്കൈയിൽ ജയിംസ് ബോണ്ട് ചിത്രമായ കസീനോ റോയൽ ചിത്രീകരിച്ച ഭൂപ്രകൃതിയിലൂടെ ദീപക് ഡ്രൈവ് ചെയ്തു. ഓറഞ്ച് ഇലകളുള്ള ചെടികളാൽ മൂടിയ മലനിരകൾ ചുറ്റി ലംബോർഗിനി അവന്റഡോർ പറന്നു. കാഴ്ചയുടെ രാജവീഥിയെ ചുംബിച്ച് മക്‌ലാരിൻ 12 സിയും ഫെറാരി 458 ഉം യാത്രയുടെ ആവേശത്തെ ചുംബിച്ചു.എസ്എൻഡിപി യോഗം മുൻ ജനറൽ സെക്രട്ടറി പരേതനായ കെ.ആർ. നാരായണന്റെ മകൾ കലികയുടെ മകനാണ് ദീപക്. ദീപക്കിന്റെ കാർ കമ്പത്തിനും യാത്രകൾക്കും ഭാര്യരശ്മിയും മകൻ റാമും പച്ചക്കൊടി മാത്രമേ വീശിയിട്ടുള്ളൂ.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.