Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡൽഹിയിൽ വീണ്ടും വാഹന നിയന്ത്രണം

കഴിഞ്ഞ ജനുവരിയിൽ പരീക്ഷിച്ച് വിജയിച്ച ഒറ്റ- ഇരട്ട അക്ക വാഹന നിയന്ത്രണവുമായി ഡൽഹി സർക്കാർ വീണ്ടുമെത്തുന്നു. ഏപ്രിൽ 15 മുതൽ 30 വരെയാണ് പുതിയ നിയന്ത്രണം ഏർപ്പെടുത്തുന്നതെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ അറിയിച്ചത്. ആദ്യ ഘട്ടത്തിലെപ്പോലെ തന്നെയായിരിക്കും ഒറ്റ- ഇരട്ട വാഹന നിയന്ത്രണം.

ലോകത്തെ തന്നെ ഏറ്റവുമധികം അന്തരീക്ഷ മലിനീകരണമുള്ള നഗരങ്ങളിലൊന്നായ ഡൽഹിയിലെ മലിനീകരണം കുറയ്ക്കുന്നതിനായാണ് ഒറ്റ ഇരട്ട നമ്പർ ഫോർമുലയുമായി എഎപി സർക്കാർ എത്തിയത്. ഒറ്റ സംഖ്യയുള്ള ദിവസങ്ങളിൽ ഒറ്റ സംഖ്യയിൽ അവസാനിക്കുന്ന വാഹനങ്ങളും ഇരട്ട സംഖ്യയുള്ള ദിവസങ്ങളിൽ ഇരട്ട സംഖ്യയിൽ അവസാനിക്കുന്ന വാഹനങ്ങൾക്കുമാണ് പുറത്തിറങ്ങാൻ അനുമതി. ഞായറാഴ്ചകളിലൊഴികെ എല്ലാ ദിവസവും രാവിലെ എട്ടുമണിമുതൽ രാത്രി എട്ടുവരെയാണ് നിയന്ത്രണം.

നിയമലംഘകർക്ക് 2,000 രൂപ പിഴയുണ്ടാകും. വനിതാ ഡ്രൈവർമാർ, 12 വയസ്സിൽ താഴെ പ്രായമുള്ള കുട്ടികളുള്ള വനിതകൾ, സിഎന്‍ജി കാറുകൾ എന്നിവയെയും തിരഞ്ഞെടുക്കപ്പെട്ട വിഐപികളുടെ വാഹനങ്ങൾക്കും ഇളവ അനുവദിച്ചിട്ടുണ്ട്. ‍രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, ഗവർണർമാർ, ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ, ലോക്സഭാ സ്പീക്കർ, രാജ്യസഭാ ചെയർമാൻ, കേന്ദ്രമന്ത്രിമാർ, പ്രതിപക്ഷ നേതാവ്, ഡൽഹി ഒഴിച്ചുള്ള സംസ്ഥാന മുഖ്യമന്ത്രിമാർ, സുപ്രീം കോടതി ജ‍ഡ്ജിമാർ, ഡപ്യൂട്ടി സ്പീക്കർമാർ, അടിയന്തര സാഹചര്യത്തിനുപയോഗിക്കുന്ന വാഹനങ്ങൾ എന്നിവയ്ക്കാണ് ഇളവുള്ളത്.

മലിനീകരണം കാരണം നഗരം ഗ്യാസ് ചേംബറായി മാറിയെന്നു ഹൈക്കോടതി പരാമർശിച്ചതിനു പിന്നാലെ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗമായിരുന്നു ഇത്തരത്തിലൊരു തീരമാനത്തിലെത്തിയത്. ഡൽഹിയിലെ അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി 2000 സിസിക്ക് മുകളിൽ എൻജിൻ കപ്പാസിറ്റിയുള്ള വാഹനങ്ങൾ രജിസ്റ്റർ ചെയ്യുന്നത് കഴിഞ്ഞ മാസം സുപ്രീം കോടതി നിരോധിച്ചിരുന്നു.