Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബാറ്ററിയിൽ ഓടുന്ന ആദ്യ ബസ് ഡൽഹിയിൽ

trolleybus going in the city Representative image

രാജ്യതലസ്ഥാനത്ത് ബാറ്ററിയിൽ ഓടുന്ന ആദ്യ ബസ് സർവീസ് തുടങ്ങി. ഡൽഹി ഗതാഗത മന്ത്രി ഗോപാൽ റായിയാണു പൂർണമായും മലിനീകരണ വിമുക്തമായ ബസ് ഫ്ളാഗ് ഓഫ് ചെയ്തത്. പൂർണമായും വൈദ്യുതിയിൽ ഓടുന്നതും ഒട്ടും മലിനീകരണം സൃഷ്ടിക്കാത്തതുമായ ബസ് ആണു പരീക്ഷണാടിസ്ഥാനത്തിൽ സർവീസ് തുടങ്ങുന്നതെന്നു മന്ത്രി അറിയിച്ചു. അടുത്ത ആറു മാസം രാജ്യതലസ്ഥാനത്തെ വീഥികളിൽ പരീക്ഷണാടിസ്ഥാനത്തിൽ ഈ ബസ് സർവീസ് നടത്തുമെന്നും റായി അറിയിച്ചു.

പരീക്ഷണം വിജയിച്ചാൽ ഇത്തരത്തിൽപെട്ട കൂടുതൽ ബസ്സുകൾ സർവീസിന് ഇറക്കാനാണു ഡൽഹി സർക്കാരിന്റെ തീരുമാനം. വൈകാതെ 1,000 പുതിയ ബസ്സുകൾ വാങ്ങുന്ന ഘട്ടത്തിൽ ഇത്തരം ബസ്സുകൾക്കും പരിഗണന നൽകുമെന്നു റായി അറിയിച്ചു.

ഡൽഹി ഡയലോഗ് കമ്മിഷൻ(ഡി ഡി സി) ഉപാധ്യക്ഷൻ ആശിഷ് ഖേതാൻ കഴിഞ്ഞ വർഷം നടത്തിയ ചൈന സന്ദർശന വേളയിലാണു ഡൽഹിയിൽ വൈദ്യുത ബസ് സർവീസിനുള്ള സാധ്യത പഠിക്കാൻ തീരുമാനമായത്. ചൈന ആസ്ഥാനമായ ബി വൈ ഡി ഓട്ടോ ഇൻഡസ്ട്രി നിർമിച്ചു സ്മാർട് ഗ്രൂപ് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്ത് ബസ് ആണ് ഇപ്പോൾ ഡൽഹിയിൽ പരീക്ഷണ ഓട്ടം ആരംഭിച്ചത്. പരീക്ഷണം വിജയമായാൽ ബി വൈ ഡി നിർമിച്ച, ബാറ്ററിയിൽ ഓടുന്ന 100 ബസ്സുകൾ നഗരത്തിൽ സർവീസിന് ഇറക്കാനാണു ഡി ഡി സിയുടെ പദ്ധതി.

പുതിയ ബസ്സിനായി ഡൽഹി സർക്കാർ പണമൊന്നും മുടക്കിയിട്ടില്ലെന്നു ഖേതാൻ വെളിപ്പെടുത്തി. അതേസമയം ബസ് പാർക്കിങ്, ചാർജിങ് പോയിന്റ് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ഡൽഹി ട്രാൻസ്പോർട് കോർപറേഷൻ(ഡി ടി സി) ആണുലഭ്യമാക്കുന്നത് . ബസ്സിലെ ബാറ്ററികൾ ചാർജ് ചെയ്യാൻ നാലു മണിക്കൂറാണു വേണ്ടത്. ഒരു തവണ പൂർണതോതിൽ ചാർജ് ചെയ്താൽ 280 കിലോമീറ്റർ താണ്ടാൻ ബസ്സിനു കഴിയും. കോർപറേഷന്റെ മിലേനിയം ഡിപ്പോ കേന്ദ്രീകരിച്ചു സർവീസ് നടത്തുന്ന ബസ്സിലെ ജീവനക്കാരുടെ ഡി ടി സിയിൽ നിന്നാണ്.

ഡൽഹി സെക്രട്ടേറിയറ്റിനെയും സെൻട്രൽ സെക്രട്ടേറിയറ്റിനെയും ബന്ധിപ്പിച്ചു രാവിലെ 6.30 മുതൽ രാത്രി 9.20 വരെയാണു ബാറ്ററിയിൽ നിന്ന് ഊർജം കണ്ടെത്തുന്ന ബസ്സിന്റെ സർവീസ്; മൊത്തം 10 ട്രിപ്പുകളുണ്ടാവും. ഹൈഡ്രോളിക് സസ്പൻഷനും എയർ കണ്ടീഷനിങ്ങുമൊക്കെയുള്ള ബസ്സിലെ കുറഞ്ഞ ടിക്കറ്റ് നിരക്ക് 10 രൂപയാണ്. 31 പേർക്കാണു ബസ്സിൽ യാത്രാ സൗകര്യം; പരമ്പരാഗത ലോ ഫ്ളോർ ബസ്സിനെ അപേക്ഷിച്ച് 10 സീറ്റ് കുറവാണിത്. അതുകൊണ്ടുതന്നെ ബസ്സിന്റെ പ്രവർത്തന ചെലവ് കിലോമീറ്ററിന് 12.06 രൂപയാവുമെന്നാണു കണക്കാക്കുന്നത്.

Your Rating: