Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ടോൾ പിരിവ് നിർത്തിയാൽ വരുമാനനഷ്ടം 460 കോടി രൂപ

amballur-toll-plaza

മൂല്യമേറിയ നോട്ടുകൾ പിൻവലിച്ച പശ്ചാത്തലത്തിൽ ദേശീയ പാതകളിലെ ടോൾ പിരിവ് നിർത്തിവച്ചതുമൂലം റോഡ് നിർമാണ മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനികൾ പ്രതീക്ഷിക്കുന്നതു 460 കോടി രൂപയുടെ വരുമാന നഷ്ടം. ടോൾ പിരിവിൽ നിന്നുള്ള വരുമാനം നിലയ്ക്കുന്നതോടെ കമ്പനികളുടെ ധനലഭ്യതയിൽ കനത്തി ഇടിവു നേരിടുമെന്നും പല സ്ഥാപനങ്ങളും വായ്പ തിരിച്ചടയ്ക്കാനാവാതെ പ്രതിസന്ധിയിലാവുമെന്നും ക്രെഡിറ്റ് റേറ്റിങ് സംരംഭമായ ഐക്ര വിലയിരുത്തുന്നു.

കൺസഷൻ വ്യവസ്ഥകൾ ലംഘിക്കപ്പെടുന്ന സാഹചര്യത്തിൽ റോഡ് വികസിപ്പിച്ച കമ്പനികൾക്കു നഷ്ടപരിഹാരം ആവശ്യപ്പെടാൻ വകുപ്പുണ്ട്. ടോൾ പിരിവിന്റെ അര ശതമാനമോ ഒരു കോടിയിലേറെ രൂപയുടെ നഷ്ടമോ സംഭവിച്ചാലാണു നഷ്ടപരിഹാരം തേടാൻ അർഹത. ഇത്തരത്തിലുള്ള വരുമാന നഷ്ടം പരിഗണിച്ച് ആവശ്യമെങ്കിൽ ടോൾ പിരിവ് കാലാവധി നീട്ടി നൽകാനും വ്യവസ്ഥയുണ്ട്.
ദേശീയപാതയിലെ ടോൾ ബൂത്തുകളിൽ ശരാശരി 40 ലക്ഷം രൂപയാണു പ്രതിദിന പിരിവ്; ഇത്തരത്തിൽ ദേശീയ പാത അതോറിട്ടിയുടെ കീഴിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 115 ബൂത്തുകൾ പ്രവർത്തിക്കുന്നുണ്ടെന്നാണു കണക്ക്. ടോൾ പിരിവിന് ഏർപ്പെടുത്തിയ വിലക്ക് 10 ദിവസം പിന്നിടുമ്പോഴേക്ക് ഈ മേഖലയിലെ സ്വകാര്യ കമ്പനികളുടെ പ്രതിദിന നഷ്ടം 460 കോടി രൂപയോളം വരുമെന്നാണ് ഐക്ര കണക്കാക്കുന്നത്.

വേണ്ടത്ര കരുതൽ ധനമോ കടബാധ്യത വീട്ടാനുള്ള റിസർവ് അക്കൗണ്ടോ ഇല്ലാതെയാണ് ദേശീയപാത നിർമാണ മേഖലയിൽ പ്രവർത്തിക്കുന്ന മിക്കവാറും കമ്പനികളുടെ പ്രവർത്തനം. അതിനാൽ ടോൾ പിരിവിൽ നിന്നുള്ള വരുമാനനഷ്ടം ഇത്തരം കമ്പനികളെ കടുത്ത സാമ്പത്തിക സമ്മർദത്തിലാക്കുമെന്ന് ഐക്ര മുന്നറിയിപ്പ് നൽകുന്നു. നവംബറിലെ വരുമാനത്തിൽ മൂന്നിലൊന്ന് ഇടിവ് നേരിടുന്നതോടെ ഈ മാസത്തെ വായ്പ തിരിച്ചടവ് അടക്കമുള്ള ചെലവുകൾക്കു പണം കണ്ടെത്താനാവാതെ ദേശീയ പാത നിർമാണകമ്പനികൾ വലയാൻ സാധ്യതയുണ്ടെന്നാണ് ഐക്ര വൈസ് പ്രസിഡന്റ് ശുഭം ജയിനിന്റെ വിലയിരുത്തൽ. നവംബറിലെ വരുമാനനഷ്ടത്തിന്റെ പ്രത്യഘാതം ഡിസംബറിലേക്കു നീളാനും സാധ്യതയുണ്ടെന്നു ജയിൻ കരുതുന്നു.