Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നോട്ട് പിൻവലിക്കൽ: വാഹന വിൽപ്പന വൻതിരിച്ചടി നേരിടുമെന്നു നോമുറ

Buying a new car

മൂല്യമേറിയ നോട്ടുകൾ പിൻവലിച്ചത് ഡിസംബറിലെ വാഹന വിൽപ്പനയ്ക്കു വൻതിരിച്ചടി സൃഷ്ടിക്കുമെന്ന് ജാപ്പനീസ് ബ്രോക്കറേജ് സ്ഥാപനമായ നോമുറയുടെ റിപ്പോർട്ട്. പണലഭ്യതയിലെ കുറവ് നഗരപ്രദേശത്തെ അപേക്ഷിച്ച് ഗ്രാമീണ മേഖലയിലാണു കനത്ത ഇടിവിനു വഴി വച്ചതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. 500, 1000 രൂപ നോട്ടുകൾ പിൻവലിച്ചതു മൂലമുള്ള തിരിച്ചടി 2017 ഫെബ്രുവരി — മാർച്ച് വരെ തുടരുമെന്നാണു നോമുറയുടെ വിലയിരുത്തൽ. നോട്ട് പിൻവലിക്കൽ മൂലം ചില്ലറ വിൽപ്പനയിൽ നേരിട്ട ഇടിവ് ഡിസംബറിലെ മൊത്തവ്യാപാര കണക്കുകളിലും പ്രതിഫലിക്കുമെന്നാണു കഴിഞ്ഞ ദിവസം പുറത്തിറക്കിയ റിസർച് നോട്ടിൽ നോമുറ കരുതുന്നത്. 2016 മോഡൽ വിറ്റൊഴിവാക്കും വരെ വാഹന നിർമാതാക്കൾ ഇൻവന്ററി ഡി സ്റ്റോക്കിങ് നടപടി സ്വീകരിക്കുമെന്നും നോമുറ വിലയിരുത്തുന്നു.

നോട്ട് പിൻവലിച്ചതിന്റെ ഫലമായി ഗ്രാമീണ മേഖലയിലെ വിൽപ്പനയിൽ 10 ശതമാനത്തിലേറെ ഇടിവു നേരിട്ടെന്നാണു കണക്ക്; അതേസമയം പണമിടപാടിനുള്ള ബദൽ മാർഗങ്ങൾ വ്യാപകമായതിനാൽ നഗരമേഖലയിലെ വാഹന വിൽപ്പന ഇത്രത്തോളം ഇടിഞ്ഞിട്ടില്ല. അതുപോലെ പണലഭ്യത സാധാരണനില കൈവരിക്കുന്നതോടെ രാജ്യത്തെ വാഹനവിൽപ്പന പഴയ വളർച്ച വീണ്ടെടുക്കുമെന്നും നോമുറ കരുതുന്നു. പണലഭ്യതയിലും വാഹന വിൽപ്പനയിലുമൊക്കെ പൂർവ സ്ഥിതി കൈവരിക്കാൻ അടുത്ത ഫെബ്രുവരി — മാർച്ച് വരെ കാത്തിരിക്കേണ്ടി വരുമെന്നാണു നോമുറയുടെ നിഗമനം. 2017 — 18ന്റെ രണ്ടാം പകുതിയിൽ ഇന്ത്യയിലെ വാഹന വിപണി 10 ശതമാനത്തിലേറെ വളർച്ച നേടുമെന്നും കമ്പനി പ്രവചിക്കുന്നു. നടപ്പു സാമ്പത്തിക വർഷത്തിന്റെ രണ്ടാം പകുതിയിലെ വിൽപ്പനയിൽ നേരിട്ട ഇടിവാണ് അടുത്ത വർഷം മികച്ച വളർച്ച രേഖപ്പെടുത്താൻ വിപണിയെ സഹായിക്കുകയെന്നും നോമുറ വ്യക്തമാക്കുന്നു.

ഇപ്പോഴത്തെ പ്രതിസന്ധി മൂലം ഏറ്റവുമധികം തിരിച്ചടി നേരിടുക ഇടത്തരം — ഭാര വാണിജ്യ വാഹന(എം എച്ച് സി വി) വിഭാഗത്തിനാവുമെന്നാണു നോമുറയുടെ കണക്കുകൂട്ടൽ. മുൻവർഷത്തെ അപേക്ഷിച്ച് ഈ വിഭാഗത്തിന്റെ വിൽപ്പനയിൽ 30% വരെ ഇടിവിനു സാധ്യതയുണ്ടെന്നാണു നോമുറ കരുതുന്നത്.യാത്രാവാഹന വ്യവസായത്തിലാവട്ടെ 11% വരെ വിൽപ്പന ഇടിവു നേരിടാൻ സാധ്യതയുണ്ട്. വാർഷിക അറ്റകുറ്റപ്പണിക്കായി മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് ശാലകൾ വർഷാന്ത്യത്തിൽ അടയ്ക്കുന്നതും മൊത്തവ്യാപാരം ഇടിയുന്നതുമൊക്കെ വിൽപ്പന മെച്ചപ്പെടാനുള്ള തിരിച്ചടികളാണ്. ഇരുചക്രവാഹന വിൽപ്പനയിലും 12% വരെ ഇടിവിനാണു സാധ്യതയെന്നാണു നോമുറ റിപ്പോർട്ട്. ഗ്രാമീണ മേഖല തളർച്ച നേരിടുന്നതോടെ ഹീറോ മോട്ടോ കോർപിന്റെ വിൽപ്പനയിൽ 30% വരെ ഇടിവു നേരിട്ടാലും അത്ഭുതപ്പെടാനില്ലെന്ന് നോമുറ കരുതുന്നു.