Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇനി നടക്കില്ല; പെട്രോൾ വെട്ടിപ്പ്

students ഫ്യുവൽ അനലൈസറുമായി ബെൻസ് ഉമ്മൻ, ഗീതിക പ്രസന്നകുമാർ, ഫാത്തിമ സനം, മുഹമ്മദ് ഇല്യാസ് എന്നിവർ

വാഹനത്തിനു പെട്രോൾ അടിക്കാൻ പമ്പിലെത്തുമ്പോൾ നൽകുന്ന പണത്തിനു തുല്യമായ അളവിലാണു പെട്രോൾ നിറയ്ക്കുന്നതെന്ന് ഉറപ്പുണ്ടോ ? ഇല്ലെങ്കിൽ അതറിയാൻ വഴിയുണ്ട്. ചെങ്ങന്നൂർ ഐഎച്ച്ആർഡി എൻജിനീയറിങ് കോളജിലെ മിടുക്കന്മാ‍രും മിടുക്കികളും കണ്ടുപിടിച്ച ഫ്യുവൽ അനലൈസർ വാഹനത്തിൽ ഘടിപ്പിച്ചാൽ മതി. പമ്പിലെ മീറ്ററിൽ കൃത്രിമം കാട്ടി ഉപഭോക്താക്കളെ വഞ്ചിക്കുന്ന സംഭവങ്ങൾ പത്രത്തിൽ നിന്നു വായിച്ചറിഞ്ഞതായിരുന്നു പ്രചോദനം.

ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ അവസാന വർഷ വിദ്യാർഥികളായ ബെൻസ് ഉമ്മൻ, ഗീതിക പ്രസന്നകുമാർ, ഫാത്തിമ സനം, മുഹമ്മദ് ഇല്യാസ് എന്നിവരാണു കണ്ടുപിടിത്തത്തിനു പിന്നിൽ.ഫ്ലോ സെൻസർ, പിഎച്ച് സെൻസർ, ‍ഡിസ്പ്ലേയ്ക്കായി എൽസിഡി സ്ക്രീൻ എന്നിവയടങ്ങുന്ന അനലൈസറിന്റെ നിയന്ത്രണം നിർവഹിക്കുന്നതു പിക് മൈക്രോ കൺട്രോളർ ആണ്. ഉപകരണം വഴി വാഹനത്തിന്റെ പെട്രോൾ ടാങ്കിലേക്കു പെട്രോൾ നിറയ്ക്കുമ്പോൾ അനലൈസറിലെ സ്ക്രീനിൽ കൃത്യമായ അളവ് കാണാം. കൂടാതെ പെട്രോളിന്റെ പിഎച്ച് മൂല്യവും അറിയാം.

(ജലാംശം കൂടുതലുള്ള പെട്രോൾ നിറച്ചാൽ വാഹനത്തിനു പണി കിട്ടും. അതറിയാനാണു പിഎച്ച് മൂല്യം അളക്കുന്നത്.) അനലൈസർ വാണിജ്യാടിസ്ഥാനത്തിൽ നിർമിക്കാൻ 2000 രൂപയേ ചെലവു വരൂവെന്നു കുട്ടികൾ പറയുന്നു. പോർട്ടബിൾ ആയോ കാറുകളിലും മറ്റും ഇൻബിൽറ്റ് ആയോ ഘടിപ്പിക്കാൻ കഴിയും. എൻജിനീയറിങ് കോളജിലെ പ്രൊഡകിന്റെ (Product design and development centre) സഹായത്തോടെ നിർമിച്ച അനലൈസർ പേറ്റന്റിന് അപേക്ഷിച്ചിരിക്കുകയാണ്.
 

Your Rating: