Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യൻ നിർമിത ‘ഫ്യുസൊ’ കംബോഡിയയിലും

Fuso

ഇന്ത്യയിൽ നിർമിച്ച ‘ഫ്യുസൊ’ ട്രക്കുകൾ കംബോഡിയയിലേക്കു കയറ്റുമതി തുടങ്ങിയെന്നു ഡെയ്മ്ലർ ഇന്ത്യ കൊമേഴ്സ്യൽ വെഹിക്കിൾസ്(ഡി ഐ സി വി). ജർമനിയിലെ സ്റ്റുട്ട്ഗർട്ട് ആസ്ഥാനമായ ഡെയ്മ്ലർ എ ജിയുടെ പൂർണ ഉടമസ്ഥതയിലുള്ള ഡി ഐ സി വി 2013 മേയിൽ കയറ്റുമതി ആരംഭിച്ചതു മുതൽ ഇന്ത്യൻ നിർമിത ‘ഫ്യുസൊ’ ട്രക്കുകൾ വിൽപ്പനയ്ക്കെത്തുന്ന 13—ാമതു വിദേശ വിപണിയാണു കംബോഡിയ. നിലവിൽ കെനിയ, ശ്രീലങ്ക, സാംബിയ, ടാൻസാനിയ, സിംബാബ്വെ, ബംഗ്ലദേശ്, ബ്രൂണെ, ഇന്തൊനീഷ, ദക്ഷിണ അമേരിക്കൻ രാജ്യമായ ട്രിനിഡാഡ് ആൻഡ് ടുബാഗൊ തുടങ്ങിയ വിപണികളിലെല്ലാം ഇന്ത്യയിൽ നിർമിച്ച ‘ഫ്യുസൊ’ വിൽപ്പനയ്ക്കുണ്ട്.

വസ്ത്രനിർമാണം, ലോജിസ്റ്റിക്സ്, ഖനനം, കെട്ടിട നിർമാണം തുടങ്ങിയ മേഖലകളിൽ മികച്ച വളർച്ച കൈവരിക്കുന്ന കംബോഡിയിൽ ‘ഫ്യുസൊ’ ശ്രേണിക്കു വിപുല സാധ്യതയുണ്ടെന്ന വിലയിരുത്തലിലാണു ഡെയ്മ്ലർ. ഇതുവരെ ഇന്ത്യൻ നിർമിത ‘ഫ്യൂസൊ’ കയറ്റുമതി ചെയ്തിരുന്ന വിപണികളെല്ലാം റൈറ്റ് ഹാൻഡ് ഡ്രൈവ് ലേ ഔട്ട് പിന്തുടരുന്ന രാജ്യങ്ങളായിരുന്നു; എന്നാൽ കംബോഡിയയ്ക്കായി ലെഫ്റ്റ് ഹാൻഡ് ഡ്രൈവ് വകഭേദമാണ് ഡെയ്മ്ലർ ഇന്ത്യയിൽ നിർമിക്കുന്നത്. ഡി ഐ സി വിയുടെ കംബോഡിയയിലെ വിതരണക്കാരായ ആർ എം എ ഇന്ത്യൻ നിർമിത ‘ഫ്യുസൊ’ ശ്രേണിക്ക് മികച്ച വിൽപ്പനാന്തര സേവനവും സ്പെയർ പാർട്സും വാഹന വായ്പയുമൊക്കെ വാഗ്ദാനം ചെയ്യുന്നുണ്ട്.

ഏഷ്യൻ വിപണികളിൽ ശക്തമായ സാന്നിധ്യം ലക്ഷ്യമിട്ടാണു ഡെയ്മ്ലർ ‘ഫ്യുസൊ’ ബ്രാൻഡിൽ ‘എഫ് എ’, ‘എഫ് ഐ’, ‘എഫ് ജെ’ എന്നിവ പുറത്തിറക്കിയത്. നിലവിൽ ‘ഫ്യുസൊ’യുടെ അഞ്ചു മോഡലുകളാണ് ഇന്ത്യയിൽ നിർമിക്കുന്നത്: ഇടത്തരം ഹെവി ഡ്യൂട്ടി(ജി വി ഡബ്ല്യു 25 — 49 ടൺ) വിഭാഗത്തിൽ എഫ് ജെ, എഫ് ഒ, എഫ് സെഡ്), ലഘു — ഇടത്തരം ഡ്യൂട്ടി(ജി വി ഡബ്ല്യു ഒൻപതു മുതൽ 16 ടൺ വരെ) വിഭാഗത്തിൽ എഫ് എ, എഫ് ഐ). ഒരഗടത്ത് 400 ഏക്കർ വിസ്തീർണത്തിൽ 4,400 കോടി രൂപ ചെലവിലാണു ഡെയ്മ്ലർ ഇന്ത്യ വാഹന നിർമാണശാല സ്ഥാപിച്ചിരിക്കുന്നത്. പ്രതിവർഷം 36,000 യൂണിറ്റാണു ശാലയുടെ ഉൽപ്പാദന ശേഷി.

മിറ്റ്സുബിഷി ഫ്യുസൊ ട്രക്ക് ആൻഡ് ബസ് കോർപറേഷ(എം എഫ് ടി ബി സി)ന്റെ സഹകരണത്തോടെയാണു ഡെയ്മ്ലർ ഇന്ത്യ ‘ഫ്യുസൊ’ ട്രക്കുകൾ വിദേശ വിപണികളിൽ വിൽപ്പനയ്ക്കെത്തിക്കുന്നത്. ആഫ്രിക്കയ്ക്കും ഏഷ്യയ്ക്കും പിന്നാലെ മധ്യ പൂർവ ദേശത്തെയും ലാറ്റിൻ അമേരിക്കയിലെയും വിവിധ വിപണികളിലും ‘ഫ്യുസൊ’ മോഡലുകൾ വിൽക്കാൻ ഡി ഐ സി വിക്കു പദ്ധതിയുണ്ട്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.