Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ഡീസൽഗേറ്റ്’: പിഴശിക്ഷ കണക്കുകൾ അഭ്യൂഹമെന്നു മ്യുള്ളർ

Matthias-Müller Matthias Müller

യു എസിലെ കർശന മലിനീകരണ നിയന്ത്രണ പരിശോധന വിജയിക്കാൻ കൃത്രിമം കാട്ടിയതിന് കോടിക്കണക്കിനു ഡോളറിന്റെ പിഴ ശിക്ഷ നേരിടുമെന്ന വാർത്തകൾ അടിസ്ഥാന രഹിതമെന്നു ഫോക്സ്‌വാഗൻ മേധാവി മത്തിയാസ് മ്യുള്ളർ. മുപ്പതോളം ജർമൻ ദിനപത്രങ്ങളിൽ പ്രത്യക്ഷപ്പെട്ട അഭിമുഖത്തിലാണ് യു എസിൽ കാത്തിരിക്കുന്ന പിഴശിക്ഷ സംബന്ധിച്ച കണക്കുകൾ അഭ്യൂഹം മാത്രമാണെന്നു ജർമൻ വാഹന നിർമാതാക്കളായ ഫോക്സ്‌വാഗൻ എ ജിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ മത്തിയാസ് മ്യുള്ളർ അവകാശപ്പെട്ടത്. നിയമപ്രകാരം ലഭിക്കാവുന്ന പരമാവധി ശിക്ഷ അടിസ്ഥാനമാക്കിയാണ് എല്ലാവരും ശതകോടിക്കണക്കിനു ഡോളർ എന്ന കണക്കുകൾ തയാറാക്കിയത്; എന്നാൽ യു എസ് അധികൃതരോ കമ്പനിയോ ഇത്തരം കണക്കുകൾ സ്ഥിരീകരിച്ചിട്ടില്ലെന്ന് അദ്ദേഹം ഓർമിപ്പിച്ചു. തികച്ചും ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിലുള്ള ഈ കണക്കുകൂട്ടലുകൾ തീർത്തും അവിശ്വസനീയമാണെന്നും മ്യുള്ളർ വിശദീകരിച്ചു.

യു എസിൽ ഈ തട്ടിപ്പ് കണ്ടെത്തിയ പരിസ്ഥിതി സംരക്ഷണ ഏജൻസി(ഇ പി എ)ക്കു വേണ്ടി നിയമപോരാട്ടത്തിലുള്ള യു എസ് നീതിന്യായ വകുപ്പ് ഫോക്സ്‌വാഗനിൽ നിന്ന് സിവിൽ പെനൽറ്റി ഇനത്തിൽ 2000 കോടി ഡോളർ(ഏകദേശം 1.36 ലക്ഷം കോടി രൂപ) ഈടാക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ നീതിന്യായ വകുപ്പ് ആവശ്യപ്പെടുന്ന പിഴ ഇതിലുമൊക്കെയേറെയാണെന്നാണു മാധ്യമ റിപ്പോർട്ടുകളെന്നു മ്യുള്ളർ ചൂണ്ടിക്കാട്ടി. ഇതിന്റെയൊന്നും പേരിൽ ഫോക്സ്‌വാഗൻ ഡീസൽ സാങ്കേതികവിദ്യ ഉപേക്ഷിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആഗോളതലത്തിൽ സ്വീകരിക്കുന്ന ഈ നയമനുസരിച്ചു യു എസ് വിപണിയിലും ഡീസൽ സാങ്കേതികവിദ്യ കൈവിടില്ലെന്ന് മ്യുള്ളർ സ്ഥിരീകരിച്ചു. പുതുമകൾ നിറഞ്ഞതും സുസ്ഥിരവുമായ സാങ്കേതികവിദ്യയാണു ഡീസൽ എൻജിനുകളുടേത്; ഒപ്പം കാര്യക്ഷമതയിലും ഡീസൽ മുന്നിലാണെന്ന് അദ്ദേഹം അവകാശപ്പെട്ടു. യു എസിലെ കർശന മലിനീകരണ നിയന്ത്രണ പരിശോധന വിജയിക്കാൻ ഡീസൽ എൻജിനുകളിൽ ‘പുകമറ’ സോഫ്റ്റ്‌വെയർ ഉപയോഗിച്ചതിനും ഈ വിവരം മറച്ചുവച്ചതിനുമാണു ഫോക്സ്വാഗനെതിരെ യു എസിലെ കോടതികളിൽ കേസുകൾ നിലവിലുള്ളത്. ആഗോളതലത്തിൽ 1.1 കോടിയോളം വാഹനങ്ങളിലെ പുകപരിശോധനയിൽ കൃത്രിമം കാട്ടാനുള്ള സോഫ്റ്റ്‌വെയർ സംവിധാനം ഇടംപിടിച്ചിട്ടുണ്ടെന്നും കമ്പനി അംഗീകരിച്ചിരുന്നു.

കണക്കുകളിൽ കൃത്രിമം കാട്ടിയും വിശ്വാസവഞ്ചന നടത്തിയും പരിസ്ഥിതി മലിനീകരണം സൃഷ്ടിക്കുന്ന വാഹനങ്ങൾ വൻതോതിൽ വിറ്റതിന്റെ പേരിൽ യു എസിലെ കാർ ഉടമകൾ കോടിക്കണക്കിനു ഡോളറിന്റെ നഷ്ടപരിഹാരമാണു ഫോക്സ്‌വാഗനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനു പുറമെ ശുദ്ധ വായു നിയമത്തിന്റെ പേരിൽ ഫോക്സ്വാഗനോട് 4,600 കോടി ഡോളർ(ഏകദേശം 3.13 ലക്ഷം കോടി രൂപ) ഈടാക്കാൻ യു എസിലെ നീതിന്യായ വകുപ്പും രംഗത്തുണ്ട്. പോരെങ്കിൽ ‘ഡീസൽഗേറ്റ്’ വിവാദത്തിന്റെ പശ്ചാത്തലത്തിൽ യു എസിനു പുറമെ മറ്റു പല രാജ്യങ്ങളും ഫോക്സ്‌വാഗനെതിരെ അന്വേഷണങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.