Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേരളത്തിൽ ‍‍ഡീസൽ വാഹനങ്ങൾക്ക് വിലക്ക്

diesel

കേരളത്തിലെ പ്രധാന നഗരങ്ങളിൽ 10 വർഷത്തിലധികം പഴക്കമുള്ള ഡീസൽ വാഹനങ്ങൾ ഓടിക്കുന്നതു ദേശീയ ഹരിത ട്രൈബ്യൂണൽ വിലക്കി. തിരുവനന്തപുരം, കൊല്ലം, കൊച്ചി, തൃശൂർ, കോഴിക്കോട്, കണ്ണൂർ നഗരങ്ങളിൽ ലൈറ്റ്, ഹെവി വാഹനങ്ങൾക്കു വിലക്കു ബാധകമാകും. സംസ്ഥാനമൊട്ടാകെ പൊതുഗതാഗത, തദ്ദേശസ്ഥാപന വാഹനങ്ങളല്ലാതെ 2000 സിസിക്കു മേലുള്ള പുതിയ ഡീസൽ വാഹനങ്ങൾ സർക്കാർ റജിസ്റ്റർ ചെയ്തു നൽകരുതെന്നും നിർദേശിച്ചു. ഉത്തരവു നടപ്പാക്കാൻ ഒരു മാസം അനുവദിച്ചിട്ടുണ്ട്.

പ്രധാന നഗരങ്ങളിൽ ഉത്തരവു ലംഘിച്ചു പഴകിയ വാഹനങ്ങൾ ഓടിച്ചാൽ 5,000 രൂപ പരിസ്ഥിതി നഷ്ടപരിഹാരം ഈടാക്കും. ട്രാഫിക് പൊലീസും മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥരും സമാഹരിക്കുന്ന പിഴത്തുക പ്രത്യേക പരിസ്ഥിതി ഫണ്ടായി ബോർഡ് സൂക്ഷിക്കണം. ഈ ഫണ്ട് ട്രൈബ്യൂണൽ ഉത്തരവിനു വിധേയമായി അതതു നഗരങ്ങളിലെ പരിസ്ഥിതി പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാം. വാഹന ഇന്ധനമായി ഉപയോഗിക്കാൻ സിഎൻജി ലഭ്യമാണോ എന്നു സർക്കാർ അറിയിക്കണം.

രാവിലെ ദേശീയ ഹരിത ട്രൈബ്യൂണലിന്റെ കൊച്ചി പ്രത്യേക സർക്യൂട്ട് ബെഞ്ചിന്റെ ഉദ്ഘാടനം നിർവഹിച്ചു തൊട്ടുപിന്നാലെയാണു സുപ്രധാന ഉത്തരവ്. കൊച്ചിയിലെ ലോയേഴ്സ് എൻവയൺമെന്റ് അവേർനെസ് ഫോറം (ലീഫ്) സമർപിച്ച ഹർജി ഫയലിൽ സ്വീകരിച്ചാണു ജസ്റ്റിസ് സ്വതന്തർ കുമാർ, മെംബർ ബിക്രം സിങ് സജ്‌വാൻ എന്നിവരുൾപ്പെട്ട ബെഞ്ചിന്റെ ഉത്തരവ്.

പത്തു വർഷത്തിലേറെ പഴക്കമുള്ള വാഹനങ്ങൾക്കു പ്രധാന സിറ്റികളിൽ വിലക്ക് ഏർപ്പെടുത്തുന്നതു കെഎസ്ആർടിസി ഉൾപ്പെടെ വാഹനങ്ങളെ ബാധിക്കുമെന്ന ആശങ്കയുണ്ട്. എന്നാൽ പൊതുഗതാഗതാവശ്യത്തിനും മറ്റും ശേഷിയേറിയ പുതിയ ഡീസൽ വാഹനങ്ങൾ റജിസ്റ്റർ ചെയ്യാൻ തടസ്സമില്ല. ട്രൈബ്യൂണൽ ഉത്തരവിനെതിരെ സുപ്രീംകോടതിയിലാണ് അപ്പീൽ സാധ്യത. അതേസമയം, ട്രൈബ്യൂണലിൽ സത്യവാങ്മൂലം നൽകാൻ സർക്കാരിന് അവസരമുള്ളതിനാൽ ഇടക്കാല ഉത്തരവു നടപ്പാക്കുന്നതിന്റെ പ്രായോഗിക ബുദ്ധിമുട്ട് ബോധ്യപ്പെടുത്താം.

വാഹനപുക പരിശോധനാ സർട്ടിഫിക്കറ്റ് നിർബന്ധമാക്കണമെന്നും 10 വർഷത്തിലേറെ പഴക്കമുള്ള ഡീസൽ വാഹനങ്ങൾ നിരോധിക്കണമെന്നും ആവശ്യപ്പെട്ടാണു ഹർജി. ഡീസൽ വാഹനങ്ങളുടെ അനിയന്ത്രിത ഉപയോഗം മൂലം പരിസ്ഥിതി നാശം രൂക്ഷമാണ്. ഡൽഹിയിൽ കർശന നടപടിയെടുത്തിരുന്നു. ഡൽഹിയിലെ പോലെ കേരളത്തിൽ ഏറ്റവും മലിനീകരണം നേരിടുന്ന നഗരമാണു കൊച്ചി. പത്തു വർഷത്തിലേറെ പഴക്കമുള്ള ബസുകളും ലോറികളും ടാക്സികളും ഓട്ടോകളും വിഷം തുപ്പുകയാണ്. കാർബൺ, സൾഫേറ്റ്, അമോണിയം നൈട്രേറ്റ് തുടങ്ങിയ വിഷവാതകങ്ങൾ അനിയന്ത്രിതമായി പുറന്തള്ളുന്നു. സർക്കാർ ഏജൻസികൾ മലിനീകരണം തടയാൻ നടപടിയെടുക്കുന്നില്ലെന്നും ആരോപിച്ചാണു ഹർജി.

related stories