Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിംഗൂരിലെ ‘നാനോ’ ശാല പൊളിക്കാൻ നടപടി തുടങ്ങി

tata-nano-singur-plant

‘നാനോ’യ്ക്കായി ടാറ്റ മോട്ടോഴ്സ് സിംഗൂരിൽ സ്ഥാപിച്ച നിർമാണശാല പൊളിക്കാൻ പശ്ചിമ ബംഗാൾ സർക്കാർ നടപടി തുടങ്ങി. സിംഗൂർ ശാലയ്ക്കായി ഏറ്റെടുത്ത കൃഷി ഭൂമി കർഷകർക്കു കൈമാറാനുള്ള സുപ്രീം കോടതി വിധി നടപ്പാക്കാനാണു സംസ്ഥാന സർക്കാർ ശ്രമം തുടങ്ങിയത്. കാർ നിർമാണത്തിനായി ഗോപാൽനഗർ മേഖലയിൽ ടാറ്റ മോട്ടോഴ്സ് സ്ഥാപിച്ച ഷെഡ്ഡുകൾ പൊളിച്ചു നീക്കുകയാണു ഭൂമി കൈമാറ്റത്തിന്റെ ആദ്യ പടി. സിംഗൂരിലെ ഭൂമി ഏറ്റെടുക്കൽ നടപടി അസാധുവാണെന്ന് ഓഗസ്റ്റ് 31നാണു സുപ്രീം കോടതി വിധിച്ചത്. 12 ആഴ്ചയ്ക്കകം ഏറ്റെടുത്ത ഭൂമി കർഷകർക്കു മടക്കി നൽകണമെന്നു സംസ്ഥാന സർക്കാരിനോടു സുപ്രീം കോടതി നിർദേശിച്ചിരുന്നു.

ഈ വിധിയുടെ അടിസ്ഥാനത്തിലാണു ടാറ്റ മോട്ടോഴ്സ് പ്ലാന്റിലെ ഷെഡ് പൊളിക്കാൻ നടപടി തുടങ്ങിയതെന്നു ഗൂഗ്ലി ജില്ലാ ഭരണകൂടം വ്യക്തമാക്കി. പൊതുമരാമത്ത് വകുപ്പ്, ജില്ലാ മജിസ്ട്രേട്ട്, പൊലീസ് സൂപ്രണ്ട് എന്നിവർക്കൊപ്പം കൊൽക്കത്ത മുൻസിപ്പിൽ കോർപറേഷ(കെ എം സി)ന്റെ യന്ത്രവൽകൃത വിഭാഗവും ചേർന്നാണു പ്ലാന്റ് പൊളിക്കാനുള്ള നടപടികൾക്കു തുടക്കമിട്ടത്. വരും ദിവസങ്ങളിൽ ശാല പൊളിക്കൽ നടപടി ഊർജിതമാവുമെന്നും അധികൃതർ വ്യക്തമാക്കി. സിംഗൂരിലെ പ്ലാന്റ് പൊളിക്കലുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകാൻ സംസ്ഥാന പാർലമെന്ററി കാര്യ മന്ത്രി പാർഥ ചാറ്റർജിയോട് മുഖ്യമന്ത്രി മമത ബാനർജി ആവശ്യപ്പെട്ടിട്ടുണ്ട്.സിംഗൂരിലെ ‘നാനോ’ പ്ലാന്റിന്റെ കോൺക്രീറ്റ് അടിത്തറ പൊളിക്കാൻ ഡൈനമിറ്റ് സ്റ്റിക്കുകൾ ഉപയോഗിക്കാനുള്ള സാധ്യതയും സംസ്ഥാന സർക്കാർ പരിശോധിക്കുന്നുണ്ട്. തുടക്കത്തിൽ ഗ്യാസ് കട്ടർ, പേ ലോഡർ, ജെ സി ബി, ക്രോബാർ, പിക്കാക്സ് തുടങ്ങിവയുമായാണ് കെ എം സിയുടെയും പൊതുമരാമത്ത് വകുപ്പിന്റെയും 50 അംഗ സംഘം സിംഗൂരിലെ പദ്ധതി പ്രദേശത്ത് പ്രവേശിച്ചത്.

എൻജിൻ ഷോപ്പിന്റെ ഇരുമ്പ് ഷട്ടർ മുറിച്ചു മാറ്റിയ സംഘത്തിനു പക്ഷേ കോൺക്രീറ്റ് അടിത്തറ പൊളിക്കാൻ കഴിഞ്ഞില്ല. ഉളിയും ചുറ്റികയുമായി കോൺക്രീറ്റ് പൊളിക്കുന്ന പരമ്പരാഗത രീതി പരാജയപ്പെട്ടതോടെ സംഘം പരിഹാര മാർഗങ്ങൾക്കായി ജില്ലാ കലക്ടർ സഞ്ജയ് ബൻസാലിനെ സമീപിക്കുകയായിരുന്നു. തുടർന്നു മന്ത്രി പാർഥ ചാറ്റർജിയും പ്രശ്നത്തിൽ ഇടപെട്ടു. കെ എം സി ആവില്ല, പകരം വിദഗ്ധരുടെ സഹായത്തോടെ പൊതുമരാമത്തു വകുപ്പാവും അടിത്തറ പൊളിക്കുകയെന്ന് അദ്ദേഹം വ്യക്തമാക്കി. കോൺക്രീറ്റ് പാളികൾ ഡൈനമിറ്റ് സ്റ്റിക്ക് ഉപയോഗിച്ചു തകർക്കാനാണ് ഇപ്പോഴത്തെ ആലോചന. പൈലിങ്ങിൽ 20 — 25 മീറ്റർ ആഴത്തിൽ കുഴിയെടുത്ത് ഇലക്ട്രിക് ബ്ലാസ്റ്റിക് ക്യാപ്പുള്ള ഡൈനമിറ്റ് കാട്രിജുകൾ സ്ഥാപിക്കും. തുടർന്ന് സ്ഫോടനം നടത്തി കോൺക്രീറ്റ് തകർക്കാനാണു പദ്ധതി. നിയന്ത്രിതമായ രീതിയിൽ ഇത്തരം സ്ഫോടനം നടത്താൻ വിദഗ്ധരുടെ സാന്നിധ്യവും മേൽനോട്ടവും അനിവാര്യമാണ്. ഇപ്രകാരം കോൺക്രീറ്റ് പൊളിക്കാൻ ചെലവുമേറുമെന്നു ജാദവ്പൂർ സർവകലാശാലയിലെ കൺസ്ട്രക്ഷൻ എൻജിനീയറിങ് വിഭാഗം പ്രഫസർ പാർഥ പ്രതിം ബിശ്വാസ് അറിയിച്ചു.

കഴിഞ്ഞ ആഴ്ച സിംഗൂരിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി മമത ബാനർജി കർഷകർക്കു ഭൂമിയുടെ കൈവശാവകാശ രേഖയായ ‘പർച്ച’യും നഷ്ടപരിഹാരത്തുകയ്ക്കുള്ള ചെക്കുകളും കൈമാറിയിരുന്നു. ടാറ്റയുടെ ശാലയ്ക്കെതിരെ നിലപാട് സ്വീകരിക്കുമ്പോഴും വിവിധ വാഹന നിർമാണ കമ്പനികളെ അവർ ബംഗാളിലേക്കു സ്വാഗതം ചെയ്തിട്ടുമുണ്ട്. സിംഗൂരിലെ ‘നാനോ’ ശാലയോടുള്ള എതിർപ്പുമായി 2006 മുതൽ ശക്തമായി രംഗത്തുള്ള ബാനർജി ബലമായി ഭൂമി ഏറ്റെടുത്തല്ല വ്യവസായങ്ങൾ നടത്തേണ്ടതെന്നും വ്യക്തമാക്കി. അതിനിടെ സിംഗൂർ ശാലയിൽ സംസ്ഥാന സർക്കാർ സ്വീകരിച്ചിരിക്കുന്ന നടപടികളെപ്പറ്റി ഇപ്പോൾ പ്രതികരിക്കാനില്ലെന്നു ടാറ്റ മോട്ടോഴ്സ് വ്യക്തമാക്കി.  

Your Rating: