Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ദോസ്തി’ന്റെ വിൽപ്പന ലക്ഷം യൂണിറ്റ് പിന്നിട്ടു

Dost

ജാപ്പനീസ് നിർമാതാക്കളായ നിസ്സാന്റെ സഹകരണത്തോടെ വികസിപ്പിച്ച ലഘു വാണിജ്യ വാഹന(എൽ സി വി)മായ ‘ദോസ്തി’ന്റെ വിൽപ്പന ഒരു ലക്ഷം യൂണിറ്റ് പിന്നിട്ടതായി അശോക് ലേയ‌്‌ലൻഡ്. ‘ദോസ്തി’ന്റെ നിർമാണത്തിനായി മൂന്നു വർഷം മുമ്പാണ് ഹിന്ദൂജ ഗ്രൂപ്പിൽപെട്ട അശോക് ലേയ‌്‌ലൻഡും നിസ്സാൻ മോട്ടോർ കമ്പനിയും ചേർന്നു സംയുക്ത സംരംഭം രൂപീകരിച്ചത്.

അശോക് ലേയ‌്‌ലൻഡ് ശ്രേണിയിൽ ഏറ്റവും വിൽപ്പനയുള്ള മോഡലാണ് ‘ദോസ്ത്’ എന്നും കമ്പനി വിശദീകരിച്ചു. ഇന്ത്യയ്ക്കു പുറമെ ശ്രീലങ്ക, നേപ്പാൾ, ബംഗ്ലദേശ്, മ്യാൻമർ, ദക്ഷിണാഫ്രിക്ക, താൻസാനിയ, കെനിയ, മൊസാംബിക്, മലാവി, മാലെ, യു എ ഇ തുടങ്ങിയ രാജ്യങ്ങളിലും അശോക് ലേയ‌്‌ലൻഡ് ‘ദോസ്ത്’ വിൽക്കുന്നുണ്ട്.

കമ്പനിയുടെ ഉൽപന്നശ്രേണിയിലെ വിടവ് നികത്തുന്നതിൽ ‘ദോസ്ത്’ ഏറെ സഹായിച്ചിട്ടുണ്ടെന്ന് അശോക് ലേയ‌്‌ലൻഡ് മാനേജിങ് ഡയറക്ടർ വിനോദ് കെ ദാസരി അറിയിച്ചു. മികച്ച രൂപകൽപ്പന, ദൃഢമായ നിർമാണം, ഊർജിത വിപണനം തുടങ്ങിയവയുടെ ഫലമായാണ് 11 രാജ്യങ്ങളിലായി ഒരു ലക്ഷം യൂണിറ്റിന്റെ വിൽപ്പന കൈവരിക്കാൻ ‘ദോസ്തി’നു കഴിഞ്ഞതെന്നും അദ്ദേഹം വിശദീകരിച്ചു. പ്രവൃത്തി ദിനങ്ങളിൽ ഓരോ ആറു മിനിറ്റിലും ഒരു ‘ദോസ്ത്’ വിൽക്കുന്നുണ്ട്; ഈ വിഭാഗത്തിൽ രണ്ടാം സ്ഥാനവും ‘ദോസ്തി’നുണ്ടെന്നു ദാസരി അവകാശപ്പെട്ടു. വാഹനത്തിന്റെ ഭാവിയെപ്പറ്റി കമ്പനിക്കു മികച്ച പ്രതീക്ഷയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

‘ദോസ്തി’ന്റെ വളർച്ചയിലെ പ്രധാന നാഴികക്കല്ലാണ് വിൽപ്പന ഒരു ലക്ഷം യൂണിറ്റ് പിന്നിട്ടതെന്ന് അശോക് ലേയ‌്‌ലൻഡ് പ്രസിഡന്റ്(എൽ സി വി ആൻഡ് ഡിഫൻസ്) നിതിൻ സേഥ് അഭിപ്രായപ്പെട്ടു.

മൂന്നു വകഭേദങ്ങളിൽ ലഭ്യമാവുന്ന ‘ദോസ്തി’ന്റെ പേ ലോഡ് ശേഷി 1.25 ടൺ ആണ്; മുന്തിയ മോഡലിൽ എയർ കണ്ടീഷനിങ്ങും പവർ സ്റ്റീയറിങ്ങും പോലുള്ള സൗകര്യങ്ങളും ലഭ്യമാണ്. വെള്ളയ്ക്കു പുറമെ ബീജ്, നീല, അക്വാ ഗ്രീൻ നിറങ്ങളിലാണു ‘ദോസ്ത്’ എത്തുന്നത്.

വിവിധ മേഖലകളുടെ ആവശ്യം പരിഗണിച്ചു പ്രത്യേകം രൂപകൽപ്പന ചെയ്ത ‘ദോസ്ത്’ എൽ സി വികളും വിൽപ്പനയ്ക്കുണ്ട്. റഫ്രിജറേറ്റഡ് കണ്ടെയ്നർ, സ്റ്റീൽ കണ്ടെയ്നർ, ആംബുലൻസ് എന്നിവയ്ക്കൊപ്പം ഉറപ്പിച്ച സൈഡ് ഡെക്കുള്ള ‘ദോസ്തും’ സർവീസ് അറ്റ് സൈറ്റ് സംരംഭകർക്ക് അനുയോജ്യമായ ‘ദോസ്തും’ വിപണിയിലുണ്ട്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.