Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റിവേഴ്സ് ക്യാമറയോ സെൻസറോ വാഹനങ്ങൾക്കു നിർബന്ധമാക്കുന്നു

reverse-camera

‘വണ്ടിക്കു കണ്ണാടിയുണ്ട് സർ’ എന്നു പറഞ്ഞ് ഇനി കണ്ണടയ്ക്കാൻ പറ്റില്ല. പിൻഭാഗക്കാഴ്ചയ്ക്കു സഹായിക്കുന്ന (റിയർ വ്യൂ) സെൻസറോ ക്യാമറയോ വാഹനങ്ങൾക്കു നിർബന്ധമാക്കാൻ കേന്ദ്രസർക്കാർ തീരുമാനം. അപകടമുണ്ടായാൽ ആഘാതം കുറയ്ക്കാനായി തനിയെ പ്രവർത്തിക്കുന്ന എയർബാഗും നിർബന്ധമാക്കും.

പിൻഭാഗം കാണാൻ സഹായിക്കുന്ന സെൻസറോ ക്യാമറയോ വാഹനത്തിൽ നിർബന്ധമാക്കിക്കൊണ്ടുള്ള വിജ്ഞാപനം ഉടൻ വന്നേക്കും.  വാഹനങ്ങൾക്കെല്ലാം വശങ്ങളിൽ കണ്ണാടിയുണ്ടെങ്കിലും അപകടമൊഴിവാക്കാൻ അതു പോരെന്നാണു ഗതാഗത മന്ത്രാലയത്തിന്റെ നിലപാട്. പിന്നിൽ നിൽക്കുന്ന കൊച്ചുകുട്ടികളെയോ റോഡിലെ തടസ്സങ്ങളെയോ കാണാൻ ഈ കണ്ണാടി പോരാ.  രാജ്യാന്തര റോഡ് ഫെഡറേഷൻ അടുത്ത വർഷം നവംബറിൽ നടത്തുന്ന സമ്മേളനത്തിനു മുന്നോടിയായുള്ള യോഗത്തിൽ, ഗതാഗത മന്ത്രാലയം ജോയിന്റ് സെക്രട്ടറി അഭയ് ദംലെയാണു സെൻസറോ ക്യാമറയോ നിർബന്ധമാക്കുന്ന കാര്യം അറിയിച്ചത്.

∙ വേഗം കുറയ്ക്കൂ;വാഹനം തന്നെ പറയും!

അമിതവേഗം മൂലം അപകടങ്ങൾ വർധിച്ച സാഹചര്യത്തിൽ വാഹനത്തിൽ ശബ്ദ മുന്നറിയിപ്പു സജ്ജീകരിക്കുന്നതും നിർബന്ധമാക്കും. സീറ്റ് ബെൽറ്റ് ധരിക്കാനുള്ള നിർദേശം പോലെ വാഹനം തന്നെ മുന്നറിയിപ്പു നൽകുന്ന സംവിധാനമാണിത്. വേഗം മണിക്കൂറിൽ 80 കിലോമീറ്റർ കടന്നാൽ ചെറിയ ബീപ് ശബ്ദം മുഴങ്ങും. വേഗം 90 കിലോമീറ്ററിനു മുകളിലെത്തിയാൽ ബീപ് തുടർച്ചയായി മുഴങ്ങും. (ആന്റി ലോക്ക് ബ്രേക്കിങ് സിസ്റ്റം (എബിഎസ്) അല്ലെങ്കിൽ കംബൈൻഡ് ബ്രേക്കിങ് സിസ്റ്റം (സിബിഎസ്) ഇരുചക്രവാഹനങ്ങൾക്കു 2019 ഏപ്രിൽ മുതൽ നിർബന്ധമാക്കിയിട്ടുണ്ട്.)

ഇതാ വരുന്നു...

∙ വാഹന പരിശോധന നടത്തി ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകുന്നതിന് ‘ഓട്ടോമേറ്റഡ്’ സംവിധാനം (2018 ഒക്ടോബർ ഒന്നുമുതൽ)
∙ ഡ്രൈവിങ് ലൈസൻസ് പരീക്ഷയ്ക്കും ഓട്ടോമേറ്റഡ് സംവിധാനം
∙ റോഡപകടങ്ങളിൽപ്പെട്ടവരെ ആശുപത്രിയിലെത്തിക്കാനും മറ്റും സഹായം ചെയ്യുന്നവർക്കു നിയമപരിരക്ഷ

(ഇതുൾപ്പെടുത്തിയുള്ള മോട്ടോർ വെഹിക്കിൾസ് ഭേദഗതി ബിൽ അവതരിപ്പിക്കുന്നത് പാർലമെന്റ് ശീതകാല സമ്മേളനത്തിൽ).