Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദുബായിൽ ഹിറ്റായി ഡ്രൈവറില്ലാ വാഹനം

driveless-car

ദുബായ് ∙ ചുരുങ്ങിയകാലം കൊണ്ടു ജനപ്രീതി നേടിയ ഡ്രൈവറില്ലാ വാഹനം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നു. മെട്രോ സ്‌റ്റേഷനുകൾ, ഷോപ്പിങ് മാളുകൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ഇവ ഉപയോഗപ്പെടുത്താനാണ് ആർടിഎ തീരുമാനം. ഇതു സംബന്ധിച്ച നിയമാവലിയും അനുബന്ധ സംവിധാനങ്ങളും തയാറാക്കിവരികയാണ്. 2030 ആകുമ്പോഴേക്കും ദുബായിലെ 25% വാഹനങ്ങളും സ്‌മാർട് ആകും.

വേൾഡ് ട്രേഡ് സെന്ററിൽ സന്ദർശകർക്കായി പരീക്ഷണാടിസ്‌ഥാനത്തിൽ സർവീസ് നടത്തിയ ഡ്രൈവറില്ലാ വാഹനം ഹിറ്റ് ആയിരുന്നു. തുടർന്നു മുഹമ്മദ് ബിൻ റാഷിദ് ബൊലേവാഡ് പരിസരത്തും സർവീസ് നടത്തി. ഇതിൽ യാത്രചെയ്‌തവരുടെ അനുഭവങ്ങളും താൽപര്യവും പരിഗണിച്ചാണു കൂടുതൽ മേഖലകളിൽ വ്യാപിപ്പിക്കുന്നത്. 95% പേരും അനുകൂല അഭിപ്രായമാണു രേഖപ്പെടുത്തിയത്. ഈ വാഹനങ്ങൾ പൊതു ഗതാഗത മേഖലയുടെ ഭാഗമാക്കണമെന്ന് 92% പേർ അഭിപ്രായപ്പെട്ടു.

സ്വദേശികൾ, താമസക്കാർ, വിനോദ സഞ്ചാരികൾ എന്നിവരുടെയെല്ലാം അഭിപ്രായങ്ങൾ കണക്കിലെടുത്താണ് ഡ്രൈവറില്ലാ വാഹനം കൂടുതൽ മേഖലകളിൽ വിന്യസിക്കുന്നതെന്ന് ലൈസൻസിങ് ഏജൻസി സിഇഒയും ഡ്രൈവറില്ലാ വാഹനങ്ങളുടെ പ്രത്യേക സമിതി മേധാവിയുമായ അഹമ്മദ് ഹാഷിം ബഹ്‌റോസാൻ പറഞ്ഞു. ബിസിനസ് കേന്ദ്രങ്ങൾ, താമസ മേഖലകൾ, പാർക്കുകൾ എന്നിവിടങ്ങളിൽ ഇത്തരം വാഹനങ്ങൾക്ക് ഏറെ സാധ്യതകളുണ്ട്. കൂടുതൽ സുരക്ഷിതമായും വേഗത്തിലും യാത്രചെയ്യാൻ സഹായകമാണ്.

നൂറുശതമാനവും പരിസ്‌ഥിതിക്കു യോജിച്ച വാഹനങ്ങളാണിവ. എട്ടു മണിക്കൂർ തുടർച്ചയായി പ്രവർത്തിക്കും. ഇവയ്‌ക്കായി പ്രത്യേക പാതകൾ സജ്‌ജമാക്കും. ഹ്രസ്വദൂര യാത്രയ്‌ക്കാണ് ഈ വാഹനങ്ങൾ ഉപയോഗിക്കുക. ദൂരവും റൂട്ടുമെല്ലാം മുൻകൂട്ടി സെറ്റ് ചെയ്‌തുവയ്‌ക്കണം. സുരക്ഷയ്‌ക്ക് ഏറെ പ്രാധാന്യം നൽകുന്ന ഈ വാഹനത്തിൽ ശക്‌തിയേറിയ സെൻസറുകളും ജിപിഎസ് സംവിധാനവുമുണ്ട്. കൂട്ടിയിടിയോ മറ്റു മാർഗ തടസ്സങ്ങളോ ഒഴിവാക്കി പോകാനും കഴിയും.

40 മീറ്റർ ദൂരെയുള്ള വസ്‌തുവിനെ വരെ കണ്ടെത്താനാകും. രണ്ടു മീറ്ററിനുള്ളിൽ പെട്ടെന്ന് ഏതെങ്കിലും പ്രതിബന്ധം കടന്നുവന്നാൽ വാഹനം പൂർണമായും നിൽക്കും. സന്ദർശകർക്കു ഹ്രസ്വദൂര യാത്രകൾ എളുപ്പത്തിലാക്കാൻ ഇത്തരം വാഹനങ്ങൾ സഹായിക്കുന്നതായി ദുബായ് വേൾഡ് ട്രേഡ് സെന്റർ ഫസ്‌റ്റ് വൈസ് പ്രസിഡന്റ് അഹമ്മദ് അൽ ഖാജ പറഞ്ഞു.

ബസ് യാത്രക്കാരുടെ എണ്ണത്തിൽ വർധന

ഈ വർഷം ആദ്യപകുതിയിൽ ബസുകളിൽ ഏഴു കോടിയിലേറെ യാത്രക്കാർ കയറിയതായി ആർടിഎ. കഴിഞ്ഞവർഷം ഇതേ കാലയളവിൽ ആറരക്കോടിയിലേറെയായിരുന്നു. യാത്രക്കാരുടെ എണ്ണത്തിൽ 4.6% വർധന രേഖപ്പെടുത്തി.

ദുബായിൽ പൊതുവാഹനങ്ങളിൽ യാത്രചെയ്യുന്നവരുടെ എണ്ണം കൂടിവരുന്നതായി ആർടിഎ ഡയറക്‌ടർ ബസൽ സാദ് ഇബ്രാഹിം പറഞ്ഞു. ഏറ്റവും നൂതന സംവിധാനങ്ങളും യാത്രാ സുഖവുമുള്ള ബസുകൾ കൃത്യതയോടെ സർവീസ് നടത്തുന്നു. മെട്രോ, ട്രാം, ജലയാനങ്ങൾ എന്നിവയുടെ സമയവുമായി ബന്ധിപ്പിച്ചാണ് ബസുകൾ സർവീസ് നടത്തുന്നത്.

യാത്രക്കാരുടെ സൗകര്യാർഥം പൊതുവാഹനങ്ങളുടെ എണ്ണം ക്രമാനുഗതമായി കൂട്ടിക്കൊണ്ടുവരും. കൂടുതൽ യാത്രക്കാരെ പൊതുവാഹനങ്ങളിലേക്ക് ആകർഷിക്കുകയെന്നതാണ് ആർടിഎ ലക്ഷ്യം. ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ മാത്രമല്ല, ഇന്ധനം ലാഭിക്കാനും അന്തരീക്ഷ മലിനീകരണം കുറയ്‌ക്കാനും ഇതുവഴി കഴിയുമെന്നും ചൂണ്ടിക്കാട്ടി.

Your Rating: