Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രവർത്തനം വ്യാപിപ്പിക്കാനൊരുങ്ങി ഡ്യുകാറ്റി ഇന്ത്യ

monster795

ഇന്ത്യയിൽ പത്തിലേറെ മോട്ടോർ സൈക്കിൾ മോഡലുകൾ വിൽപ്പനയ്ക്കെത്തിക്കുമെന്ന് ഇറ്റാലിയൻ സൂപ്പർ ബൈക്ക് നിർമാതാക്കളായ ഡ്യുകാറ്റി. ആറര ലക്ഷത്തിന്റെ ‘സ്ക്രാംബ്ലർ ഐകൺ’ മുതൽ 40 ലക്ഷം രൂപ വിലയുള്ള ‘പനിഗൽ ആർ’ വരെയുള്ള മോഡലുകൾ വർഷാവസാനത്തോടെ ലഭ്യമാവുമെന്ന് മാർച്ചിൽ ഇന്ത്യൻ വിപണിയിൽ തിരിച്ചെത്തിയ ഡ്യുകാറ്റി പ്രഖ്യാപിച്ചു.

‘സ്കാംബ്ലറി’ന്റെ രണ്ടു വകഭേദങ്ങളും ഡ്യുകാറ്റി ഇന്ത്യയിൽ അവതരിപ്പിച്ചിട്ടുണ്ട്: ‘സ്ക്രാംബ്ലർ ക്ലാസിക്’, ‘ഫുൾ ത്രോട്ടിൽ’. ഡൽഹി ഷോറൂമിൽ ഏഴര ലക്ഷം രൂപ മുതലാണ് ഈ ബൈക്കുകൾക്കു വില. ‘മോൺസ്റ്റർ’ ശ്രേണിയിൽ ‘821’, ‘മോൺസ്റ്റർ എസ് ടു ആർ’, ‘795’, ‘ഡയാവെൽ’ ശ്രേണിയിൽ ‘ഹൈപ്പർമോട്ടാർഡ്’, ‘ഹൈപ്പർസ്ട്രാഡ’, ‘899’, ‘1299’, ‘1299 എസ്’, ‘പനിഗർ ആർ’ എന്നിവയും ഇന്ത്യയിൽ വിൽപ്പനയ്ക്കുണ്ട്.

നിലവിൽ ഇന്ത്യയിൽ വിപണന ശൃംഖല വിപുലീകരിക്കാനുള്ള നടപടികളിലാണു കമ്പനി. അടുത്ത വർഷം അവസാനിക്കുമ്പോഴേക്ക് 13 ഷോറൂമുകൾ പ്രവർത്തനസജ്ജമാക്കുകയാണു ഡ്യുകാറ്റിയുടെ പദ്ധതി. ഇതിൽ അഞ്ചെണ്ണം ഈ വർഷം തന്നെ പ്രവർത്തനം തുടങ്ങും.

ഇന്ത്യയിൽ തിരിച്ചെത്താനുള്ള നടപടികൾ കഴിഞ്ഞ വർഷം തന്നെ തുടങ്ങിയതാണെന്ന് ഡ്യുകാറ്റി ഏഷ്യ ജനറൽ മാനേജർ(സെയിൽസ് ആൻഡ് മാർക്കറ്റിങ്) പിയർഫ്രാൻസിസ്കൊ സ്കാൽസൊ അറിയിച്ചു. സ്ഥിരമായ വളർച്ച കൈവരിക്കുന്ന ഇന്ത്യൻ സൂപ്പർ ബൈക്ക് വിപണിയിൽ പ്രവേശിക്കാനുള്ള യോജിച്ച സമയമാണിതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മുംബൈയിലും ദേശീയ തലസ്ഥാന മേഖല(എൻ സി ആർ)യിലും ഡ്യുകാറ്റിക്കു മികച്ച വരവേൽപ്പാണു ലഭിച്ചതെന്നും സ്കാൽസൊ അവകാശപ്പെട്ടു.

ഇക്കൊല്ലം അവസാനിക്കുമ്പോഴേക്ക് 11 മോഡലുകൾ ഇന്ത്യയിൽ ലഭ്യമാവുമെന്നു ഡ്യുകാറ്റി ഇന്ത്യ മാനേജിങ് ഡയറക്ടർ രവി അവലുർ അറിയിച്ചു. ബെംഗളൂരു, പുണെ, ഹൈദരബാദ് ഡീലർഷിപ്പുകളും ഇക്കൊല്ലം തന്നെ പ്രവർത്തനം തുടങ്ങും. അടുത്ത വർഷം അവസാനിക്കുംമുമ്പ് ചണ്ഡീഗഢ്, ജയ്പൂർ, കൊച്ചി, കൊൽക്കത്ത എന്നിവയടക്കം 11 ഷോറൂമുകൾ കൂടി തുറക്കും.

അതേസമയം നിലവിൽ ഇന്ത്യയിൽ ബൈക്കുകൾ അസംബ്ൾ ചെയ്യാൻ പദ്ധതിയില്ലെന്നും അവലുർ വെളിപ്പെടുത്തി. സ്വതന്ത്ര വ്യാപാര കരാർ വ്യവസ്ഥ പ്രയോജനപ്പെടുത്തി തായ്ലൻഡിൽ നിന്നാണു ഡ്യുകാറ്റി ഇന്ത്യയിൽ വിൽക്കാനുള്ള ബൈക്കുകൾ ഇറക്കുമതി ചെയ്യുന്നത്. എന്നാൽ ‘പനിഗൽ’ പോലുള്ള സുപ്രധാന ബൈക്കുകൾ ഇറ്റാലിയൻ നിർമിതമാണ്. ആദ്യഘട്ടത്തിൽ വിപണനശൃംഖല വിപുലീകരിക്കാനും ബ്രാൻഡ് നിർമാണത്തിനുമാണു ഡ്യുകാറ്റി മുതൽമുടക്കുകയെന്നും അവലുർ വ്യക്തമാക്കി.

അംഗീകൃത ഇറക്കുമതിക്കാരായിരുന്ന പ്രിസിഷൻ മോട്ടോർ ഇന്ത്യയുമായി സഹകരിച്ച് 2009ലായിരുന്നു ഡ്യുകാറ്റിയുടെ ഇന്ത്യൻ അരങ്ങേറ്റം. എന്നാൽ സ്വന്തം കമ്പനി സ്ഥാപിക്കാൻ തീരുമാനിച്ചതോടെ 2014 ജനുവരിയിൽ ഡ്യുകാറ്റി ഈ പങ്കുകച്ചവടത്തിൽ നിന്നു പിൻവാങ്ങി. തുടർന്ന് കഴിഞ്ഞ മാർച്ചിൽ സ്വന്തം ഉപസ്ഥാപനവുമായി ഡ്യുകാറ്റി ഇന്ത്യയിൽ തിരിച്ചെത്തുകയായിരുന്നു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.