Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡ്യുകാറ്റിയുടെ അടുത്ത ഷോറൂം കൊച്ചിയിൽ

ducati-scrambler Ducati Scrambler

അടുത്ത വർഷം അവസാനിക്കുംമുമ്പ് ഇന്ത്യയിൽ കൊച്ചിയിലടക്കം നാലു പുതിയ ഡീലർഷിപ്പുകൾ കൂടി തുറക്കുമെന്ന് ഇറ്റാലിയൻ സൂപ്പർബൈക്ക് നിർമാതാക്കളായ ഡ്യുകാറ്റി. നിലവിൽ ഡൽഹി രാജ്യതലസ്ഥാന മേഖലയിലും മുംബൈയിലും ബെംഗളൂരുവിലും പുണെയിലും ഷോറൂമുകളുള്ള ഡ്യുകാറ്റിയുടെ അഹമ്മദബാദിലെ ഡീലർഷിപ്പും പ്രവർത്തനം ആരംഭിച്ചു. അഹമ്മദബാദിനു ശേഷം കൊച്ചിയിലാവും കമ്പനിയുടെ അടുത്ത ഡീലർഷിപ് തുറക്കുകയെന്നു ഡ്യുകാറ്റി ഇന്ത്യ മാനേജിങ് ഡയറക്ടർ രവി അവലൂർ വെളിപ്പെടുത്തി. അടുത്ത വർഷം മൂന്നു പുതിയ ഷോറൂമുകൾ കൂടി ആരംഭിക്കാനാണു കമ്പനി ലക്ഷ്യമിടുന്നതെന്നും അഹമ്മദബാദ് എസ് ജി ഹൈവേയിൽ ക്രൂസർ ബൈക്കായ ‘എക്സ് ഡയാവെൽ’ പുറത്തിറക്കുന്ന ചടങ്ങിൽ അദ്ദേഹം വ്യക്തമാക്കി. അതേസമയം, സേവനനിലവാരം ഉറപ്പാക്കാൻ ലക്ഷ്യമിടുന്നതിനാൽ ഡീലർഷിപ്പുകളുടെ എണ്ണത്തിൽ ഡ്യുകാറ്റി ധാരാളിത്തത്തിനില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു.

ഡീലർഷിപ്പുകളുടെ എണ്ണം ക്രമാതീതമായി ഉയരുന്നത് ഡ്യുകാറ്റി പിന്തുടരുന്ന ഗുണമേന്മയും നിലവാരവും നിലനിർത്തുന്നതിന് തടസ്സമാവുമെന്ന് രവി അവലൂർ അഭിപ്രായപ്പെട്ടു. രാജ്യത്തെല്ലായിടത്തും ഡീലർമാരെ നിയോഗിക്കുക ഡ്യുകാറ്റിയെ സംബന്ധിച്ചിടത്തോളം പ്രായോഗികമല്ല. എതിരാളികളെ അപേക്ഷിച്ചു പരിമിതമായ കേന്ദ്രങ്ങളിലാവും ഡ്യുകാറ്റി സേവനം ലഭ്യമാവുകയെന്നും അദ്ദേഹം വ്യക്തമാക്കി.

ക്രൂസർ ബൈക്കുകൾ ഇന്ത്യൻ വിപണിയിൽ ആരോഗ്യകരമായ വളർച്ച കൈവരിക്കുന്നുണ്ട്. 500 സി സിയിലേറെ എൻജിൻ ശേഷിയും നാലു ലക്ഷത്തിലേറെ രൂപ വിലയുമുള്ള, ഇത്തരത്തിൽപെട്ട 6,500 ബൈക്കുകളാണു കഴിഞ്ഞ വർഷം ഇന്ത്യയിൽ വിറ്റഴിഞ്ഞത്. ഡ്യുകാറ്റിയാവട്ടെ വിപണി കൈവരിച്ചതിലും മികച്ച വിൽപ്പന വളർച്ച കൈവരിച്ചതായും അദ്ദേഹം അവകാശപ്പെട്ടു. കഴിഞ്ഞ വർഷത്തെ വിൽപ്പനയിൽ ‘ഡയാവെൽ’ ആണു മുന്നിലെന്നും അദ്ദേഹം വെളിപ്പെടുത്തി. പുത്തൻ അവതരണമായ ‘എക്സ് ഡയാവെലി’ന് 16.93 ലക്ഷം രൂപയും മറ്റൊരു വകഭേദമായ ‘എക്സ് ഡയാവെൽ എസി’ന് 19.70 ലക്ഷം രൂപയുമാണ് അഹമ്മദബാദ് ഷോറൂമിലെ വില.

Your Rating: