Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മിനി ട്രക്ക് വിപണി പിടിക്കാൻ ഐഷറിന്റെ ‘പ്രോ 1049’

eicher-pro-1049

വോൾവോ ഐഷർ കൊമേഴ്സ്യൽ വെഹിക്കിൾസിന്റെ ഭാഗമായ ഐഷർ ട്രക്ക്സ് ആൻഡ് ബസസ് അഞ്ചു ടണ്ണിൽ താഴെ ഭാരം വഹിക്കുന്ന വാണിജ്യവാഹന വിഭാഗത്തിലേക്കു പ്രവർത്തനം വ്യാപിപ്പിക്കുന്നു. മിനി ട്രക്കായ ‘ഐഷർ പ്രോ 1049’ ആണ് ഈ വിഭാഗത്തിൽ കമ്പനിക്കായി പട നയിക്കുക. നഗര, അർധ നഗര, ഗ്രാമീണ മേഖലകളിൽ അവസാന മൈൽ വിതരണത്തിൽ സഹായിക്കാൻ ലക്ഷ്യമിട്ടാണ് പുതിയ മിനി ട്രക്കിന്റെ രൂപകൽപ്പന. 10 അടി നീളമുള്ള കാർഗോ ബോഡിയും ഈ വിഭാഗത്തിലെ ഏറ്റവും ഉയർന്ന പേ ലോഡുമാണു പുതിയ ട്രക്കിന്റെ സവിശേഷതകളായി ഐഷർ അവതരിപ്പിക്കുന്നത്.പുതിയ അവതരണത്തിലൂടെ ലഘു, ഇടത്തരം ഡ്യൂട്ടി(എൽ എം ഡി) വിഭാഗത്തിലെ സാന്നിധ്യം ശക്തമാക്കാനാവുമെന്നാണു കമ്പനിയുടെ പ്രതീക്ഷ. പുതിയ തലമുറ ഉൽപന്നങ്ങളും സാങ്കേതിക വിദ്യകളുമായി ഇന്ത്യൻ ട്രക്കിങ്ങിന്റെ ഭാവിയിൽ സമഗ്ര മാറ്റമാണു ലക്ഷ്യമിടുന്നതെന്നും വി ഇ കൊമേഴ്സ്യൽ വെഹിക്കിൾസ് വിശദീകരിച്ചു.

വിതരണ ശൃംഖലകളുടെ അവസാന കണ്ണിയെന്ന നിലയിൽ അഞ്ചു ടണ്ണിൽ താഴെ ഭാരം വഹിക്കാൻ ശേഷിയുള്ള ട്രക്കുകളുടെ വിഭാഗത്തിൽ വൻവിപണന സാധ്യതയാണുള്ളതെന്നു വി ഇ കൊമേഴ്സ്യൽ വെഹിക്കിൾസ് സീനിയർ വൈസ് പ്രസിഡന്റ്(മാർക്കറ്റിങ് ആൻഡ് സെയിൽസ്) ശ്യാം മല്ലർ അഭിപ്രായപ്പെട്ടു. കഴിഞ്ഞ വർഷം മൂന്നര മുതൽ അഞ്ചു വരെ ടൺ ഭാരം വഹിക്കാവുന്ന 8,080 മിനി ട്രക്കുകളാണു വിറ്റു പോയത്. ഈ വിഭാഗത്തിന്റെ വിൽപ്പനയിൽ ഗണ്യമായ വളർച്ചാസാധ്യതയുണ്ടെന്നും അദ്ദേഹം വിലയിരുത്തി. തന്ത്രപ്രധാനമായ സബ് അഞ്ചു ടൺ വിഭാഗത്തിലേക്കുള്ള കമ്പനിയുടെ പ്രവേശനമാണ് ‘ഐഷർ പ്രോ 1049’ മിനി ട്രക്കിലൂടെ യാഥാർഥ്യമാവുന്നത്. ഇതുവഴി എൽ എം ഡി വിഭാഗത്തിൽ ഐഷറിന്റെ വിപണി വിഹിതം ഗണ്യമായി ഉയർത്താനാവുമെന്നാണു പ്രതീക്ഷയെന്നും മല്ലർ അവകാശപ്പെട്ടു. ഐഷറിന്റെ ‘പ്രോ 1000’ ശ്രേണിയിൽപെടുന്ന ‘പ്രോ 1049’ കമ്പനിയുടെ മധ്യപ്രദേശിലെ പീതംപൂരിലുള്ള പ്ലാന്റിൽ ആഭ്യന്തരമായി വികസിപ്പിച്ചെടുത്തതാണ്.

Your Rating: