Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വൈദ്യുത കാറിനായി പ്യുഷൊ സിട്രോൺ — ഡോങ്ഫെങ് സഖ്യം

peugeot-electric-car

വൈദ്യുത കാർ വികസിപ്പിക്കാൻ ഫ്രഞ്ച് നിർമാതാക്കളായ പി എസ് എ പ്യുഷൊ സിട്രോണും ചൈനീസ് പങ്കാളിയായ ഡോങ്ഫെങ് മോട്ടോഴ്സും കൈ കോർക്കുന്നു. 2019നകം പുതിയ വൈദ്യുത കാർ നിരത്തിലെത്തിക്കാനാണു പദ്ധതി.

പ്യുഷൊയ്ക്കും സിട്രോണും ഡി എസിനും ഡോങ്ഫെങ്ങിനും പി എസ് എയ്ക്കുമൊക്കെ പൊതുവായി ഉപയോഗിക്കാവുന്ന പ്ലാറ്റ്ഫോം വികസിപ്പിച്ചു വൈദ്യുത കാറുകൾ നിർമിക്കാനാണു കമ്പനികൾ ലക്ഷ്യമിടുന്നത്. 2020നുള്ളിൽ 1540 കോടി ഡോളർ (ഏകദേശം 1.03 ലക്ഷം കോടി രൂപ) വരുമാനവും ഈ രംഗത്തു നിന്നു പി എസ് എ പ്യുഷൊ സിട്രോൺ — ഡോങ്ഫെങ് മോട്ടോഴ്സ് സഖ്യം പ്രതീക്ഷിക്കുന്നുണ്ട്.

രാജ്യാന്തരതലത്തിൽ പ്രതിഭകളെ കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെ മാനവവിഭവ ശേഷി പങ്കിടുന്നതു സംബന്ധിച്ചു പി എസ് എയും ഡോങ്ഫെങ്ങും പ്രത്യേക കരാറും ഒപ്പുവച്ചിട്ടുണ്ട്.

ഭാവിക്കായുള്ള ‘ഇ സി എം പി’ പ്ലാറ്റ്ഫോം ഡോങ്ഫെങ്ങുമായുള്ള പങ്കാളിത്തത്തിലെ നാഴികക്കല്ലായി മാറുമെന്ന് പി എസ് എ ചെയർമാൻ കാർലോസ് ടവരെസ് അഭിപ്രായപ്പെട്ടു. വൈദ്യുത കാർ മേഖലിലെ വികസനം വേഗത്തിലാക്കാൻ ഈ സംരംഭം ഇരുഗ്രൂപ്പുകളെയും സഹായിക്കും. കൂടാതെ ഈ കൂട്ടായ്മയിലൂടെ 2020ൽ നിശ്ചയിച്ച കാർബൺ ലക്ഷ്യം കൈവരിക്കാൻ പി എസ് എയ്ക്കും കഴിയുമെന്ന് അദ്ദേഹം പ്രത്യാശിച്ചു.

കഴിഞ്ഞ വർഷം 7.10 ലക്ഷം വാഹനങ്ങളാണു ഡോങ്ഫെങ് പ്യുഷൊ സിട്രോൺ ഓട്ടമൊബീൽ(ഡി പി സി എ) ചൈനീസ് വിപണിയിൽ വിറ്റത്. ചൈനീസ് കാർ നിർമാതാക്കളിൽ രണ്ടാം സ്ഥാനത്തുള്ള ഡോങ്ഫെങ് മോട്ടോഴ്സിന് പി എസ് എയിൽ 14 ശതമാനത്തോളം ഓഹരി പങ്കാളിത്തമാണുള്ളത്.  

Your Rating: