Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യു എസിൽ 2,000 പേരെ ഒഴിവാക്കുമെന്നു ജി എം

GM

അടുത്ത വർഷമാദ്യത്തോടെ യു എസിലെ രണ്ടു പ്ലാന്റുകളിൽ നിന്ന് രണ്ടായിരത്തോളം ജീവനക്കാരെ ഒഴിവാക്കുമെന്നു പ്രമുഖ വാഹന നിർമാതാക്കളായ ജനറൽ മോട്ടോഴ്സ്(ജി എം) കമ്പനി. ഒഹിയോയിലെ ലോർഡ്സ് ടൗൺ, മിചിഗനിലെ ലാൻസിങ് ശാലകളിൽ ജനുവരി മധ്യത്തോടെ മൂന്നാം ഷിഫ്റ്റ് അവസാനിപ്പിക്കുന്നതോടെയാണ് ഇത്രയും ജീവനക്കാർക്കു തൊഴിൽ നഷ്ടമാവുകയെന്നും കമ്പനി വിശദീകരിച്ചു. ലോർഡ്സ്ടൗണിൽ കോംപാക്ട് കാറായ ‘ക്രൂസ്’ ആണു ജി എം നിർമിക്കുന്നത്; ഈ കാറിന്റെ വിൽപ്പനയിൽ നേരിടുന്ന തിരിച്ചടിയാണ് ഉൽപ്പാദനം കുറയ്ക്കാൻ കമ്പനിയെ നിർബന്ധിതരാക്കുന്നത്. ഒക്ടോബറിലെ ‘ക്രൂസ്’ വിൽപ്പന 2015ൽ ഇതേ മാസത്തെ അപേക്ഷിച്ച് 20% കുറവായിരുന്നു.

‘കാഡിലാക് എ ടി എസ്’, ‘കാഡിലാക് സി ടി എസ്’ മോഡലുകളാണു ജി എം ലാൻസിങ് ഗ്രാൻഡ് റിവർ ശാലയിൽ നിർമിക്കുന്നത്. ഇവയുടെ കഴിഞ്ഞ മാസത്തെ വിൽപ്പനയും 2015 ഒക്ടോബറിനെ അപേക്ഷിച്ച് 17% കുറവായിരുന്നു. അതേസമയം, പുതിയ മോഡൽ വികസനത്തിനായി ലാൻസിങ് ശാലയിൽ 21.10 കോടി ഡോളർ(ഏകദേശം 1403.69 കോടി രൂപ) നിക്ഷേപിക്കുമെന്നും ജി എം പ്രഖ്യാപിച്ചിട്ടുണ്ട്. ശാലയിൽ പുതുതായി നിർമിക്കാൻ ഉദ്ദേശിക്കുന്ന വാഹനത്തെക്കുറിച്ചു സൂചനയൊന്നും കമ്പനി നൽകിയിട്ടില്ല. കൂടാതെ ടൊളിഡൊയിലെ ട്രാന്സ്മിഷൻ പ്ലാന്റ് വികസനത്തിന് 66.8 കോടി ഡോളർ(ഏകദേശം 4443.90 കോടി രൂപ) നിക്ഷേപിക്കാനും ജി എമ്മിനു പദ്ധതിയുണ്ട്. പുതുതലമുറ ട്രാൻസ്മിഷനുകളുടെ വികസനത്തിനും നിർമാണത്തിനും വേണ്ടിയാണു കമ്പനി പുതിയ നിക്ഷേപം നടത്തുന്നത്.

Your Rating: