Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എറിക് ബ്യുവൽ റേസിങ് പ്രവർത്തനം പുനഃരാരംഭിച്ചു

ebr-bike

സാങ്കേതിക മേഖലയിൽ ഹീറോ മോട്ടോ കോർപിന്റെ പങ്കാളിയായിരുന്ന, യു എസിലെ എറിക് ബ്യുവൽ റേസിങ് (ഇ ബി ആർ) വീണ്ടും പ്രവർത്തനം ആരംഭിച്ചു. കഴിഞ്ഞ വർഷം ഏപ്രിലിൽ പാപ്പർ പ്രഖ്യാപനം നടത്തിയ ഇ ബി ആറിനെ വോൾവർത്ത് കൺട്രി സർക്യൂട്ട് കോർട്ടിന്റെ അംഗീകാരത്തോടെ ലിക്വിഡ് അസറ്റ് പാർട്ണേഴ്സ് ഏറ്റെടുത്തതോടെയാണ് കമ്പനി പ്രവർത്തനം പുനഃരാരംഭിക്കാൻ വഴി തുറന്നത്. ഇ ബി ആറിന്റെ വിസ്കോൺസിൻ ഈസ്റ്റ് ട്രോയിലെ ഫാക്ടറി കഴിഞ്ഞ ഒന്നിനു വീണ്ടും പ്രവർത്തിച്ചു തുടങ്ങി; ഈ ശാലയിൽ നിർമിച്ച ആദ്യ ബൈക്ക് 17നു പുറത്തെത്തുമെന്നാണു പ്രതീക്ഷ. കമ്പനി പ്രവർത്തനം പുനഃരാരംഭിക്കുന്നതു സംബന്ധിച്ച അനിശ്ചിതത്വം നീങ്ങിയത് ഇ ബി ആറിന്റെ നിലവിലുള്ള ഇടപാടുകാർക്കൊപ്പം ഭാവി പങ്കാളികൾക്കും ശുഭവാർത്തയായിട്ടുണ്ട്. കമ്പനി സജീവമാകുന്നതോടെ സ്പെയർപാർട്സ് ലഭ്യത സംബന്ധിച്ച ആശങ്കകൾ അകലും. കൂടാതെ ബൈക്കുകളുടെ വാറന്റി പോലുള്ള കാര്യങ്ങളിലും സത്വര നടപടിക്കു വഴി തെളിഞ്ഞു.

ഇ ബി ആറിന്റെ പുതിയ ഉടമകളായി ലിക്വിഡ് അസറ്റ് പാർട്ണേഴ്സ് രംഗപ്രവേശം ചെയ്തതോടെ കമ്പനിക്കു സാമ്പത്തിക സ്ഥിരത കൈവന്നിട്ടുണ്ട്. കൂടാതെ ഇ ബി ആറിന്റെ അടുത്ത 5 — 10 വർഷത്തെ പ്രവർത്തനത്തിനുള്ള വിശദ പദ്ധതി രേഖയും ഉടമകൾ തയാറാക്കിയിട്ടുണ്ട്. ഇ ബി ആർ നിർമിക്കുന്ന സൂപ്പർ ബൈക്കുകളുടെ വിൽപ്പനയ്ക്കായി കൂടുതൽ ഡീലർഷിപ്പുകൾ തുറക്കുന്നതടക്കമുള്ള നടപടികളാണ് ലിക്വിഡ് അസറ്റ് പാർട്ണേഴ്സിന്റെ പരിഗണനയിലുള്ളത്. കമ്പനിയുടെ തിരിച്ചുവരവിൽ ഏറെ ആഹ്ലാദവാനാണെന്ന് സ്ഥാപകൻ എറിക് ബ്യുവൽ അഭിപ്രായപ്പെട്ടു. പുതിയ ഉടമസ്ഥതയിൽ പ്രവർത്തിക്കുമ്പോൾ കമ്പനിയുടെ ചീഫ് ടെക്നിക്കൽ ഓഫിസറായിട്ടാണു ബ്യുവെൽ രംഗത്തുണ്ടാവുക. കഴിഞ്ഞ വർഷം പ്രവർത്തനം നിർത്തിയ സ്ഥിതിയിൽ നിന്നാണ് ഇ ബി ആർ തിരിച്ചുവരുന്നത്; വിസ്കോൺസിനിലെ ശാലയിൽ ‘1190 എസ് എക്സ്’, ‘1190 ആർ എക്സ്’ ബൈക്കുകളാണു കമ്പനി നിർമിക്കുന്നത്. യു എസിലെ മുൻനിര ഡീലർമാർ വഴി തന്നെ ബൈക്കുകൾ വിൽപ്പനയ്ക്കെത്തിക്കാനാണ് ഇ ബി ആറിന്റെ ശ്രമം. കമ്പനി പ്രവർത്തനവും ഉൽപ്പാദനവും പുനഃരാരംഭിച്ചതിന്റെ തുടർച്ചയായി 18നു പുതിയ ബൈക്കുകൾ മാധ്യമ പ്രവർത്തകർക്കു മുന്നിൽ അവതരിപ്പിക്കാൻ ലിക്വിഡ് അസറ്റ് പാർട്ണേഴ്സ് തീരുമാനിച്ചിട്ടുണ്ട്.

കടക്കെണിയിലായതോടെ പ്രവർത്തനം നിർത്തുകയാണെന്ന് 2015 ഏപ്രിലിലാണ് ഇ ബി ആർ പ്രഖ്യാപിച്ചത്. തുടർന്ന് ഇ ബി ആറിൽ 43% ഓഹരി പങ്കാളിത്തമുണ്ടായിരുന്ന ഹീറോ മോട്ടോ കോർപ് ജൂലൈയിൽ കമ്പനിയുടെ കൺസൽറ്റിങ് ബിസിനസ് 28 ലക്ഷം ഡോളറിന് ഏറ്റെടുത്തിരുന്നു. സ്വന്തമായി ഏറ്റെടുത്ത ഗവേഷണ, വികസന മേഖലകളിൽ മുന്നേറാൻ സഹായിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ഹീറോയുടെ ഈ നടപടി. ഹീറോ മോട്ടോ കോർപിനായി ഇ ബി ആർ ഏറ്റെടുത്തു നടത്തിയിരുന്ന കൺസൽറ്റിങ് പദ്ധതികൾക്കും ഈ നടപടി ഗുണകരമാവുമെന്നാണു കണക്കുകൂട്ടൽ. എൻജിൻ ശേഷിയേറിയ ബൈക്കുകൾ പുറത്തിറക്കാനായി 2012 മുതൽ തന്നെ ഹീറോ മോട്ടോ കോർപും ഇ ബി ആറുമായി സഹകരിക്കുന്നുണ്ട്. സ്വന്തം ഗവേഷണ, വികസന വിഭാഗങ്ങൾ ശക്തമാക്കുന്നതിനൊപ്പം വ്യത്യസ്ത വിഭാഗത്തിൽപെട്ട ബൈക്കുകൾക്കുള്ള സാങ്കേതികവിദ്യകൾക്കായി വിഭിന്ന സ്രോതസ്സുകളെ ആശ്രയിക്കുകയെന്ന തന്ത്രമാണു ഹീറോ മോട്ടോ കോർപ് സ്വീകരിച്ചിരുന്നത്.

Your Rating: