Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യു എസിൽ ചെറുകാർ നിർമാണം നിർത്താൻ എഫ് സി എ

christler-200 Chrysler 200

യു എസിൽ ചെറുകിട, ഇടത്തരം കാർ നിർമാണം അവസാനിപ്പിക്കാൻ ഫിയറ്റ് ക്രൈസ്ലർ ഓട്ടമൊബീൽസ്(എഫ് സി എ) ആലോചിക്കുന്നു. ഇങ്ങനെ ലഭിക്കുന്ന അധിക ഉൽപ്പാദനശേഷി ട്രക്കുകളുടെയും സ്പോർട് യൂട്ടിലിറ്റി വാഹനങ്ങളുടെയും നിർമാണത്തിനു വിനിയോഗിക്കാനാണു കമ്പനിയുടെ ആലോചന. കോംപാക്ട് കാറായ ഡോഡ്ജ് ‘ഡാർട്ട്’, ഇടത്തരം കാറായ ‘ക്രൈസ്‌ലർ 200’ തുടങ്ങിയവയുടെ ഭാവി നിർമാണം പങ്കാളികളെ ഏൽപ്പിക്കാനാണു പദ്ധതിയെന്ന് എഫ് സി എ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ സെർജിയൊ മാർക്കിയോണി അറിയിച്ചു. നിലവിൽ ‘ഡാർട്ട്’, ‘200’ കാറുകൾ നിർമിക്കുന്ന രണ്ടു ശാലകളും പരിഷ്കരിച്ച് ലാഭക്ഷമതയേറിയ ട്രക്കുകളോ എസ് യു വികളോ നിർമിക്കാനാണു പദ്ധതിയെന്നും അദ്ദേഹം വ്യക്തമാക്കി. ലഭ്യമായ സൗകര്യങ്ങളുടെ പുനഃരുപയോഗത്തെപ്പറ്റിയാണ് എഫ് സി എ ആലോചിക്കുന്നതെന്നു മാർക്കിയോണി വിശദീകരിച്ചു. ജീപ്പ്, ആർ എ എം ശ്രേണികളുടെ ഭാവി വികസനത്തെപ്പറ്റിയും ഗൗരവമായി ചിന്തിക്കേണ്ടതുണ്ട്. 2018 ആകുമ്പോഴേക്ക് ‘ജീപ്പ്’ വിൽപ്പന 20 ലക്ഷം യൂണിറ്റിലെത്തുമെന്നാണു മാർക്കിയോണിയുടെ പ്രതീക്ഷ; 2015ൽ ‘ജീപ്പ്’ വിൽപ്പന 12.40 ലക്ഷം യൂണിറ്റായിരുന്നു.

dodge-dart Dodge Dart

അതേസമയം, ‘ഡാർട്ട്’, ‘ക്രൈസലർ 200’ നിർമാണത്തിനായി കമ്പനി പങ്കാളികളെയൊന്നും കണ്ടെത്തിയതായി സൂചനയില്ല. ജാപ്പനീസ് നിർമാതാക്കളിൽ നിന്നുള്ള കനത്ത വെല്ലവിളി നേരിട്ടാണ് എഫ് സി എ ഇരു മോഡലുകളുടെയും വിൽപ്പന തുടരുന്നത്. എങ്കിലും ഗ്യാസൊലിൻ വിലയിടിഞ്ഞതോടെ യു എസ് വിപണിയിൽ എസ് യു വികളോടു പ്രിയമേറുന്നത് എഫ് സി എയ്ക്ക് പ്രതീക്ഷയേകുന്നുണ്ട്. ഒരു വർഷം മുമ്പു വരെ എഫ് സി എയുടെ ഇല്ലിനോയിലെ ബെൽവിഡെർ പ്ലാന്റിലെ ഉൽപ്പാദനത്തിൽ 30 ശതമാനത്തോളം ‘ഡാർട്ടി’ന്റെ വിഹിതമായിരുന്നു. എന്നാൽ നിലവിൽ ശാലയിലെ ഉൽപ്പാദനത്തിൽ 15% മാത്രമാണു ‘ഡാർട്ട്’; അവശേഷിക്കുന്നത് ക്രോസോവറുകളായ ‘ജീപ്പ് പാട്രിയറ്റി’ന്റെയും ‘ജീപ്പ് കോംപാസി’ന്റെയും സംഭാവനയാണ്.

ടൊയോട്ട ‘കാംറി’, ഹോണ്ട ‘അക്കോഡ്’ തുടങ്ങിയവയോടാണ് ഇടത്തരം വിഭാഗത്തിൽ ‘ക്രൈസ്ലർ 200’ മത്സരിക്കുന്നത്. വിൽപ്പന ഇടിഞ്ഞതോടെ വൻതോതിലാണു ‘ക്രൈസ്ലർ 200’ കെട്ടിക്കിടക്കുന്നത്; പുതുവർഷത്തിലെ കണക്കനുസരിച്ച് 148 ദിവസത്തെ വിൽപ്പനയ്ക്കുള്ള കാർ സ്റ്റോക്കുണ്ടായിരുന്നു. സാധാരണഗതിയിൽ വാഹന നിർമാതാക്കൾ നിലനിർത്തുന്ന കരുതൽ ശേഖരത്തിന്റെ ഇരട്ടിയോളമാണിത്. ഈ സാഹചര്യം പരിഗണിച്ചാവും ‘ക്രൈസ്ലർ 200’ നിർമിക്കുന്ന മിച്ചിഗൻ സ്റ്റെർലിങ് ഹൈറ്റ്സ ശാല ആറ് ആഴ്ചക്കാലം അടച്ചിടുമെന്ന് എഫ് സി എ പ്രഖ്യാപിച്ചത്. തിങ്കളാഴ്ച മുതലാണു ശാല പ്രവർത്തനം നിർത്തുന്നത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.