Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പോർഷെ ബോർഡ്: ഫെർഡിനൻഡ് പീച്ച് പുറത്തേക്ക്

Ferdinand-Piech Ferdinand Piech

ജർമൻ സ്പോർട്സ് കാർ നിർമാതാക്കളായ പോർഷെയുടെ ഡയറക്ടർ ബോർഡിൽ നിന്നു ഫോക്സ്‌വാഗന്റെ മുൻ ചെയർമാൻ ഫെർഡിനൻഡ് പീച്ച് പുറത്തേക്ക്. യൂറോപ്പിലെ ഏറ്റവും വലിയ കാർ നിർമാതാക്കളായ ഫോക്സ്‌വാഗനിലെ ഓഹരി പങ്കാളിത്തം സംയോജിപ്പിക്കാൻ ജർമനിയിലെ ശതകോടീശ്വരൻമാരായ പോർഷെ, പീച്ച് കുടുംബങ്ങൾ തീരുമാനിച്ചിരുന്നു. ഇതോടെ ഹോൾഡിങ് കമ്പനിയുടെ മേൽനോട്ട ബോർഡിന്റെ ഭാവി ഘടന നിർണയിക്കാൻ മേയ് 30നു ചേരുന്ന വാർഷിക പൊതുയോഗത്തിൽ കമ്പനിയുടെ ഓഹരി ഉടമകൾ വോട്ടു രേഖപ്പെടുത്തും. മത്സരരംഗത്തുള്ള സ്ഥാനാർഥികളുടെ അന്തിമ പട്ടിക ഏപ്രിൽ മധ്യത്തോടെ നിർണയിക്കാനാണു സാധ്യത.

വുൾഫ്ഗാങ് പോർഷെയും ഫെർഡിനൻഡ് പീച്ചിന്റെ സഹോദരൻ ഹാൻസ് മൈക്കൽ പീച്ചും സ്ഥാനാർഥി പട്ടികയിൽ ഇടംപിടിച്ചുണ്ട്. അതേസമയം ഫെർഡിനൻഡ് പീച്ച് പട്ടികയില്ലെന്നു ജർമൻ മാധ്യമമായ ‘ബിൽഡ് ആം സോൺടാഗ്’ വെളിപ്പെടുത്തുന്നു. സ്ഥാനാർഥി പട്ടികയിൽ നിന്ന് ഒഴിവായതിനെക്കുറിച്ച് പോർഷെ പ്രതികരിച്ചിട്ടില്ല. ഫോക്സ്‌വാഗൻ ചീഫ് എക്സിക്യൂട്ടിവായിരുന്ന മാർട്ടിൻ വിന്റർകോണുമായുള്ള തർക്കത്തിന്റെ പേരിൽ 2015 ഏപ്രിലിലാണു പോർഷെ കമ്പനിയുടെ ചെയർമാൻ സ്ഥാനമൊഴിഞ്ഞത്. അതേസമയം ബോർഡിന്റെ ഭാവി ഘടനയെപ്പറ്റി തീരുമാനമൊന്നുമായിട്ടില്ലെന്നാണു ഫോക്സ്‌വാഗന്റെ വോട്ടവകാശത്തിൽ 52% കൈവശമുള്ള പോർഷെയുടെ വക്താവിന്റെ പ്രതികരണം.

അതിനിടെ കമ്പനിയെ പിടിച്ചുലച്ച ‘ഡീസൽഗേറ്റ്’ വിവാദത്തിന്റെ പേരിൽ പീച്ചിനെതിരെ നടപടി വരുമെന്നു കഴിഞ്ഞ മാസം ഫോക്സ്‌വാഗൻ സൂചിപ്പിച്ചിരുന്നു. സംഭവം പരസ്യമാവുന്നതിന് ആറു മാസം മുമ്പു തന്നെ മലിനീകരണ പരിശോധന വിജയിക്കാൻ സോഫ്റ്റ്വെയർ സഹായം തേടുന്ന വിവരം പീച്ച് കമ്പനിയുടെ ഡയറക്ടർമാരുമായി പങ്കുവച്ചിരുന്നു എന്നാണ് ആക്ഷേപം. യു എസിലെ കർശന മലിനീകരണ പരിശോധന വിജയിക്കാൻ ഫോക്സ്‌വാഗൻ ‘പുകമറ’ സോഫ്റ്റ്‌വെയറിനെ ആശ്രയിക്കുന്ന വിവരം 2015 സെപ്റ്റംബറിലാണു പുറംലോകമറിയുന്നത്. ഇതിനൊക്കെ ഏറെ മുമ്പു തന്നെ കമ്പനിയുടെ നേതൃനിരയിലുള്ളവർക്ക് പീച്ച് വഴി ‘ഡീസൽഗേറ്റി’നെക്കുറിച്ച് അറിവുണ്ടായിരുന്നെന്ന ആരോപണമാണു ഫോക്സ്‌വാഗന്റെ പരിഗണനയിലുള്ളത്.

Your Rating: