Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫെറാരിയുടെ മടക്കം: ഔദ്യോഗിക പ്രഖ്യാപനം 26ന്

Ferrari

ഇന്ത്യയിൽ തിരിച്ചെത്തുകയാണെന്ന് ഇറ്റാലിയൻ സ്പോർട്സ് കാർ നിർമാതാക്കളായ ഫെറാരി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഫെറാരി മോഡൽ ശ്രേണിയുടെ ഇന്ത്യൻ അവതരണം 26നാവുമെന്നും കമ്പനി വ്യക്തമാക്കി.

ആഗോളവാഹന ലോകത്തു തന്നെ പേരും പെരുമയുമേറെയുള്ള ഫെറാരിയുടെ ഇന്ത്യയിലേക്കുള്ള രണ്ടാം വരവാണിത്. ഡീലർമാരുടെ പ്രവൃത്തിദോഷമായിരുന്നു കഴിഞ്ഞ തവണ ഫെറാരിയെ ഇന്ത്യയിൽ അനഭിമതരാക്കിയത്. പരാതികളേറിയതോടെ വിതരണക്കാരുമായുള്ള കരാർ ഏറെക്കുറെ ഏകപക്ഷീയമായി തന്നെ റദ്ദാക്കാനും ഫെറാരി നിർബന്ധിതരായി.

മുംബൈയിൽ നവ്നീത് മോട്ടോഴ്സിനെയും ഡൽഹിയിൽ സെലക്ട് കാഴ്സ് പ്രൈവറ്റ് ലിമിറ്റഡിനെയും വിപണന, വിൽപ്പന, വിൽപ്പനാന്തര സേവന ചുമതല ഏൽപ്പിച്ചാണു ഫെറാരി ഇന്ത്യയിൽ പുതിയ അധ്യായം രചിക്കാൻ തയാറെടുക്കുന്നത്. രാജ്യതലസ്ഥാനത്ത് മഥുര റോഡിലാവും സെലക്ട് കാഴ്സിന്റെ ഫെറാരി ഡീലർഷിപ്; മുംബൈയിലാവട്ടെ വാണിജ്യ സിരാകേന്ദ്രമായ ബാന്ദ്ര കുർല കോംപ്ലക്സിലാണ് നവ്നീത് മോട്ടോഴ്സുമൊത്തെ ഫെറാരി താവളമുറപ്പിക്കുക.

ഫെറാരി ‘488 ജി ടി ബി’, ഫെറാരി ‘458 സ്പൈഡർ’, ഫെറാരി‘458 സ്പെഷൽ’, ഫെറാരി ‘എഫ് 12 ബെർലിനെറ്റ’ എന്നിവയ്ക്കൊപ്പം എൻട്രി ലവൽ മോഡലെന്നു കമ്പനി വിശേഷിപ്പിക്കുന്ന ഫെറാരി ‘കലിഫോണിയ ടി’ കൂടി ഉൾപ്പെടുന്നതാവും ഇറ്റാലിയൻ നിർമാതാക്കളുടെ ഇന്ത്യൻ ശ്രേണി. ‘458 സ്പൈഡറി’ന്റെയും ‘സ്പെഷലി’ന്റെയും വിൽപ്പന ഓർഡർ അനുസരിച്ചാവുമെന്നും കമ്പനി വ്യക്തമാക്കുന്നു. വൈകാതെ അടുത്തയിടെ അരങ്ങേറ്റം കുറിച്ച ‘488 സ്പൈഡറും’ ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തുമെന്നാണു പ്രതീക്ഷ.

വിവിധ മോഡലുകളുടെ മുംബൈയിലെ ഷോറൂം വില(കോടി രൂപയിൽ) ഇപ്രകാരമാണ്:

‘കലിഫോണിയ ടി കൺവെർട്ട്ബ്ൾ’ — 3.30, ‘488 ജി ടി ബി കൂപ്പെ’ — 3.84, ‘458 സ്പൈഡർ’ — 4.07, ‘458 സ്പെഷൽ’ — 4.25, ‘എഫ് 12 ബെർലിനെറ്റ’ — 4.72.

ഫെറാരി ശ്രേണിയിലെ ഹൈപ്പർകാറായ ‘ലാ ഫെറാരി’ മാത്രമാണ് ഇന്ത്യയ്ക്കുള്ള പട്ടികയിലെ ശ്രദ്ധേയ അസാന്നിധ്യം. ഇക്കൊല്ലം വിപണിയിലുണ്ടായിരുന്ന 499 കാറുകളും വിറ്റഴിഞ്ഞതിനാലാണ് ‘ലാ ഫെറാരി’ ഒഴിവാക്കിയതെന്നാണ് കമ്പനിയുടെ വിശദീകരണം. ഇന്ത്യയ്ക്ക് അനുവദിച്ച 20 കാറുകളും ചൂടപ്പം പോലെ വിറ്റഴിഞ്ഞിരുന്നത്രെ.

കഴിഞ്ഞ വർഷങ്ങൾക്കിടയിൽ ഇന്ത്യൻ സൂപ്പർ കാർ വിപണി ഗണ്യമായ വളർച്ച കൈവരിച്ചിട്ടുണ്ടെന്നാണു കണക്കുകൾ നൽകുന്ന സൂചന. ഇറ്റലിയിൽ നിന്നു തന്നെയുള്ള ലംബോർഗ്നിയും ജർമൻ സ്പോർട്സ് കാർ നിർമാതാക്കളായ പോർഷെയും ഇന്ത്യയിൽ മികച്ച വിൽപ്പനയും വളർച്ചയും നേടുന്നുമുണ്ട്. ഇങ്ങനെ സാഹചര്യം അനുകൂലമായതിനാൽ രണ്ടാം വരവിൽ ഫെറാരിക്കും ഇന്ത്യയിൽ നേട്ടം കൊയ്യാനാവുമെന്നാണു വിലയിരുത്തൽ.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.