Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ജീപ്പി’ന്റെ ഇന്ത്യൻ അരങ്ങേറ്റം അടുത്ത വർഷം

Fiat Chrysler Jeep

ഇതിഹാസ മാനങ്ങളുള്ള ‘ജീപ്പ്’ അടുത്ത വർഷം ഇന്ത്യയിൽ അവതരിപ്പിക്കാനാകുമെന്നു ഫിയറ്റ് ക്രൈസ്​ലർ ഓട്ടമൊബീൽസി(എഫ് സി എ)നു പ്രതീക്ഷ. ആദ്യ ഘട്ടത്തിൽ അഞ്ചു പ്രധാന നഗരങ്ങളിൽ പ്രത്യേക വിൽപ്പനശാലകൾ തുറന്നാവും ‘ജീപ്പി’ന്റെ അരങ്ങേറ്റം. ഇന്ത്യയ്ക്കായി തയാറാക്കിയ പദ്ധതികൾ ശരിയായ ദിശയിലാണെന്ന് എഫ് സി എ ഏഷ്യ പസഫിക് മേഖല പ്രസിഡന്റും മാനേജിങ് ഡയറക്ടറുമായ കെവിൻ ഫ്ളിൻ അഭിപ്രായപ്പെട്ടു. ‘ജീപ്പ്’ ഇന്ത്യയിലെത്തുകയാണെന്നും ക്രമേണ ഇന്ത്യയെ ഈ ബ്രാൻഡിന്റെ ആഗോള ഹബാക്കി വികസിപ്പിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ടാറ്റ മോട്ടോഴ്സുമായി സഹകരിച്ചു ‘ജീപ്പി’ന്റെ നിർമാണത്തിനായി ഇന്ത്യയിൽ 28 കോടി ഡോളർ(ഏകദേശം 1,855 കോടി രൂപ) നിക്ഷേപിക്കാൻ എഫ് സി എ നേരത്തെ തീരുമാനിച്ചിട്ടുണ്ട്.

അടുത്ത വർഷത്തെ ഓട്ടോ എക്സ്പോയിലാവും ‘ജീപ്പി’ന്റെ ഔപചാരിക അനാവരണം. തുടർന്നു പ്രധാന നഗരങ്ങളിൽ പ്രത്യേക ഡീലർഷിപ് സ്ഥാപിക്കാനും ‘ജീപ്പ്’ വിൽപ്പന തുടങ്ങാനുമാണു പദ്ധതിയെന്നു ഫ്ളിൻ വിശദീകരിച്ചു. ‘ഗ്രാൻഡ് ചെറൊക്കീ’, ‘റാംഗ്ലർ’ ബ്രാൻഡുകളുടെ അരങ്ങേറ്റം ഒരുമിച്ചാവുമെന്നും വിദേശ നിർമിത വാഹനങ്ങൾ ഇറക്കുമതി വഴിയാവും വിൽപ്പനയ്ക്കെത്തുകയെന്നും അദ്ദേഹം വ്യക്തമാക്കി.

‘ജീപ്പ്’ ശ്രേണിയിൽ പെട്ട ‘സി — എസ് യു വി’ നിർമാണം 2017ലാവും മഹാരാഷ്ട്രയിലെ രഞ്ജൻഗാവിലുള്ള ശാലയിൽ ആരംഭിക്കുക. അപ്പോഴേക്കു രാജ്യത്ത് 20 — 25 ഡീലർഷിപ്പുകൾ പ്രവർത്തനസജ്ജമാക്കാൻ കഴിയുമെന്നും ഫ്ളിൻ പ്രതീക്ഷ പ്രകടിപ്പിച്ചു. യു എസിനു പുറത്ത് ‘ജീപ്പ്’ നിർമിക്കുന്ന നാലാമത്തെ ശാലയായും ഇതോടെ രഞ്ജൻഗാവ് മാറും. പ്രതിവർഷം 1.35 ലക്ഷം യൂണിറ്റാണ് ഈ ശാലയുടെ സ്ഥാപിത ഉൽപ്പാദനശേഷി.

അതേസമയം ‘ഗ്രാൻഡ് ചെറൊക്കീ’, ‘റാംഗ്ലർ’ ബ്രാൻഡുകൾ പ്രാദേശികമായി നിർമിക്കുന്നതു സംബന്ധിച്ചു കമ്പനി ഇതുവരെ തീരുമാനത്തിലെത്തിയിട്ടില്ല. ഇരു ബ്രാൻഡുകളും ഇന്ത്യയിൽ നിർമിക്കണമെന്നാണു തന്റെ മോഹമെന്നാണു ഫ്ളിന്നിന്റെ നിലപാട്.

വിൽപ്പനയിലെ ഇടിവും എതിർപ്രചാരണങ്ങളും മൂലം ഇന്ത്യയിൽ ഫിയറ്റിന്റെ പ്രതിച്ഛായയ്ക്ക് ഉടവു തട്ടിയിട്ടുണ്ട്. പ്രശ്നങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ബ്രാൻഡിന്റെ മൂല്യം തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങൾ ഊർജിതമാണെന്നുമാണ് ഇതേപ്പറ്റി ഫ്ളിൻ പറയുന്നത്. ഇന്ത്യൻ ഉപയോക്താക്കൾക്കിടയിൽ ‘ഫിയറ്റ്’ തരംഗം വീണ്ടെടുക്കാനുള്ള പുതിയ പ്രചാരണതന്ത്രങ്ങൾ ഈ മാസം തന്നെ തുടങ്ങുമെന്നും അദ്ദേഹം പറയുന്നു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.