Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പഴഞ്ചൻ വാഹനം പൊളിച്ചടുക്കി ഇളവ് നേടാം

521499058

അന്തരീക്ഷത്തെ മലിനമാക്കുന്നതും ദശാബ്ദത്തിലേറ പഴക്കമുള്ളതുമായ 2.8 കോടിയോളം വാഹനങ്ങൾ കണ്ടം ചെയ്യാനുള്ള കേന്ദ്ര സർക്കാർ നിർദേശം നടപ്പായാൽ വർഷം തോറും ലഭിക്കുക 11,500 കോടി രൂപ വിലമതിക്കുന്ന ഉരുക്ക്. ഇതുവഴി ഉരുക്ക് നിർമാണത്തിനായി ഇറക്കുമതിയെ ആശ്രയിക്കുന്ന ഇപ്പോഴത്തെ സാഹചര്യം മാറ്റാനാവുമെന്നും സർക്കാർ കണക്കുകൂട്ടുന്നു. വൊളന്ററി വെഹിക്കിൾ ഫ്ളീറ്റ് മോഡേണൈസേഷൻ പ്രോഗ്രാം(വി — വി എം പി) എന്നു പേരിട്ട, സ്വമേധയാ പഴയ വാഹനങ്ങൾ പൊളിച്ചു നീക്കുന്ന പദ്ധതി നടപ്പാക്കാൻ കഴിഞ്ഞാൽ ഉരുക്കു നിർമാണ മേഖലയ്ക്കു കാര്യമായ നേട്ടമുണ്ടാവുമെന്നാണു പ്രതീക്ഷ. ‘വി — വി എം പി’ പദ്ധതി പ്രകാരം പഴയതു മാറ്റുമ്പോൾ പുതിയ വാഹനത്തിന്റെ വിലയിൽ 8 — 12% ഇളവും വാഗ്ദാനമുണ്ട്.പരിസ്ഥിതി, ഊർജ കാര്യക്ഷമത തുടങ്ങിയ മേഖലകളിൽ ലഭിക്കുന്ന നേട്ടങ്ങൾക്കൊപ്പം ‘വി — വി എം പി’ പദ്ധതിക്കായി തുറക്കുന്ന പൊളിക്കൽ കേന്ദ്രങ്ങളിൽ നിന്നു വർഷം തോറും 11,500 കോടി രൂപയുടെ പഴയ ഉരുക്കും ലഭിക്കുമെന്നാണു കണക്കുകൾ നൽകുന്ന സൂചന. ഈ ഉരുക്കിൽ പകുതിയോളം ബസ്സുകളും ട്രക്കുകളും ഉൾപ്പെട്ട ഇടത്തരം — ഭാര വാണിജ്യ വാഹന(എം എച്ച് സി വി) വിഭാഗത്തിൽ നിന്നാവുമെന്നും സർക്കാരിന്റെ നിർദിഷ്ട നയ രേഖയിലുണ്ട്. ഇതോടെ ഉരുക്കിന്റെ ഇറക്കുമതി കുറയ്ക്കാനും വിദേശ നാണയം ലാഭിക്കാനും കഴിയുമെന്നും ഈ രേഖ അവകാശപ്പെടുന്നു.

വാഹനങ്ങളിൽ നിന്നുള്ള മലിനീകരണം സംബന്ധിച്ച വിശദ പഠനം ആധാരമാക്കി തയാറാക്കിയ നയരേഖയെപ്പറ്റി കേന്ദ്ര സർക്കാർ വിവിധ പങ്കാളികളുടെ അഭിപ്രായം തേടിയിരിക്കുകയാണ്. രാജ്യത്ത് എം എച്ച് സി വികളുടെ പങ്ക് വെറും രണ്ടര ശതമാനമാണെങ്കിലും അന്തരീക്ഷ മലിനീകരണത്തിന്റെ 60% ഈ വിഭാഗത്തിന്റെ സംഭാവനയാണെന്നാണു പഠന റിപ്പോർട്ടുകൾ. കൂടാതെ 10 വർഷത്തിലേറെ പഴക്കവും മലിനീകരണ നിയന്ത്രണത്തിൽ ഭാരത് സ്റ്റേജ് ഒന്ന് നിലവാരം പോലുമില്ലാത്ത വാഹനങ്ങളുടെ വിഹിതം 15% ആണ്; പക്ഷേ പുതിയ വാഹനങ്ങളെ അപേക്ഷിച്ച് 10 — 12 ഇരട്ടി മലിനീകരണമാണ് ഇവ സൃഷ്ടിക്കുന്നത്. ഈ സാഹചര്യത്തിലാണ് പഴക്കമേറിയതും പരിസ്ഥിതി മലിനീകരണം സൃഷ്ടിക്കുന്നതുമായ വാഹനങ്ങളെ സ്വമേധയാ പിൻവലിക്കുന്നതു പ്രോത്സാഹിപ്പിക്കാൻ സർക്കാർ നടപടി ആരംഭിച്ചത്.

പഴഞ്ചൻ ബസ്സുകളും ട്രക്കുകളും പിൻവലിച്ചാൽ കാർബൺ മോണോക്സൈഡ് മലിനീകരണത്തിൽ 17% കുറവു പ്രതീക്ഷിക്കാം. ഹൈഡ്രോ കാർബൺ, നൈട്രജൻ ഓക്സൈഡ് മലിനീകരണത്തിൽ 18 ശതമാനവും പർട്ടിക്കുലേറ്റ് മാറ്ററിൽ 24 ശതമാനവും കുറവുണ്ടാകും. സംസ്ഥാന റോഡ് ഗതാഗത സംരംഭങ്ങളെ പദ്ധതിയിൽ പങ്കാളിയാക്കാനായി ഇവർക്ക് എക്സൈസ് ഡ്യൂട്ടിൽ പൂർണ ഇളവു നൽകാനും ആലോചനയുണ്ട്. 2005 മാർച്ച് 31നു മുമ്പ് വാങ്ങിയ വാഹനങ്ങൾക്ക് ‘വി — വി എം പി’ ബാധകമാക്കാനാണു കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയത്തിന്റെ ആലോചന. മൊത്തം 2.80 കോടി വാഹനങ്ങൾ ഈ പരിധിയിൽപെടുമെന്നാണ് ഏകദേശ കണക്ക്.