Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓഗസ്റ്റിൽ എത്തുന്നു ഫോഡ് ‘ആസ്പയർ’

Ford Figo Aspire

യു എസ് നിർമാതാക്കളായ ഫോഡിൽ നിന്നുള്ള കോംപാക്ട് സെഡാനായ ‘ആസ്പയർ’ ഓഗസ്റ്റിൽ അരങ്ങേറ്റം കുറിക്കുമെന്നു സൂചന. ഡൽഹി പോലുള്ള നഗരങ്ങളിലെ ഡീലർഷിപ്പുകൾ ഒരു ലക്ഷം രൂപ അഡ്വാൻസ് ഈടാക്കി ‘ആസ്പയറി’നുള്ള ബുക്കിങ്ങുകളും സ്വീകരിച്ചു തുടങ്ങി.

ഇന്ത്യൻ വിപണിയിൽ ഫോഡിന്റെ ഭാവി നിർണയിക്കുന്നതിൽ ‘ആസ്പയർ’ നിർണായകമാവുമെന്നാണു വിലയിരുത്തൽ. എസ് യു വി വിഭാഗത്തിൽ ഫോഡിനു നിർണായക സ്വാധീനം സമ്മാനിച്ച ‘ഇകോ സ്പോർട്’ പോലെ കോംപാക്ട് സെഡാൻ വിപണിയിൽ സ്വീകാര്യത നേടാൻ ‘ആസ്പയറി’നു സാധിക്കുമോ എന്നതാണു കണ്ടറിയേണ്ടത്. ഇന്ത്യൻ വിപണിയിൽ മങ്ങിയ പ്രകടനമാണു ഫോഡ് കാഴ്ചവയ്ക്കുന്നത് എന്നതും ശ്രദ്ധേയമാണ്; 2014 — 15ൽ മുൻസാമ്പത്തിക വർഷത്തെ അപേക്ഷിച്ച് 11% ഇടിവോടെ 75,138 യൂണിറ്റായിരുന്നു ഫോഡിന്റെ വിൽപ്പന.

കഴിഞ്ഞ ഓട്ടോ എക്സ്പോയിൽ ഹാച്ച്ബാക്കായ ‘ഫിഗൊ’ അടിസ്ഥാനമാക്കി ഫോഡ് സെഡാൻ കൺസപ്റ്റ് പ്രദർശിപ്പിച്ചിരുന്നു. ഈ ആശയം ‘ആസ്പയറാ’യി പരിണമിക്കുമ്പോഴും കൺസപ്റ്റുമായുള്ള സാമ്യം പ്രകടമാണെന്ന പ്രത്യേകതയുണ്ട്.

പെട്രോളിനു പുറമെ ഡീസൽ എൻജിൻ സഹിതവും ‘ആസ്പയർ’ വിൽപ്പനയ്ക്കെത്തും; 1.5 ലീറ്റർ ടി ഡി സി ഐ ഡീസൽ, 1.2 ലീറ്റർ ടി ഐ വി സി ടി പെട്രോൾ എൻജിനുകളാണു കാറിന കരുത്തേകുക. വിപണിയെ നയിക്കുന്ന മാരുതി സുസുക്കി ‘ഡിസയർ’, എതിരാളികളായ ഹ്യുണ്ടായ് ‘അക്സന്റ്’, ഹോണ്ട ‘അമെയ്സ്’ തുടങ്ങിയവയോടാവും ഇന്ത്യയിൽ ‘ആസ്പയറി’ന്റെ പോരാട്ടം. ജർമൻ നിർമാതാക്കളായ ഫോക്സ്വാഗനും ഈ വിഭാഗം ലക്ഷ്യമിട്ടിട്ടുള്ളതിനാൽ ഭാവിയിലും മത്സരം ശക്തമാകുമെന്ന് ഉറപ്പാണ്. അതുകൊണ്ടുതന്നെ 5.20 ലക്ഷം മുതൽ എട്ടു ലക്ഷം രൂപ വരെ വില നിലവാരത്തിലാവും ഫോഡിന്റെ ‘ആസ്പയർ’ വിൽപ്പനയ്ക്കെത്തുകയെന്നാണു പ്രതീക്ഷ.

നാലു മീറ്ററിൽ താഴെ നീളമുള്ള ‘ആസ്പയർ’ ഫോഡ് ഗുജറാത്തിലെ സാനന്ദിൽ സ്ഥാപിച്ച പുതിയ ശാലയിൽ നിന്നാണു പുറത്തെത്തുക. ഉപഗ്രഹ നാവിഗേഷൻ സംവിധാനമടക്കമുള്ള സജ്ജീകരണങ്ങളോടെയാവും ‘ആസ്പയറി’ന്റെ വരവ്; പ്രതിസന്ധി ഘട്ടത്തിൽ ജി പി എസ് സ്ഥാനനിർണയം സഹിതം അപായസൂചന നൽകുന്ന സന്ദേശം അയയ്ക്കാനും കാറിനു കഴിയും. ഗീയർമാറ്റം സുഗമമാക്കുന്നതിനൊപ്പം ഇന്ധനക്ഷമത മെച്ചപ്പെടുത്താൻകൂടി ലക്ഷ്യമിട്ട് ഇരട്ട ക്ലച് ഷിഫ്റ്റ് സംവിധാനവും ‘ആസ്പയറി’ൽ ഫോഡ് ലഭ്യമാക്കുന്നുണ്ട്.