Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യയിലെ വൈദ്യുത വാഹന നിർമാണം: ഫോഡ് കൂട്ടായ്മ വിട്ടു

Ford

സങ്കര ഇന്ധന, വൈദ്യുത വാഹന യന്ത്രഘടക നിർമാണത്തിനായി വിവിധ ഇന്ത്യൻ നിർമാതാക്കൾ ചേർന്നു രൂപീകരിച്ച കൂട്ടായ്മയിൽ നിന്നു ഫോഡ് പിന്മാറി. മാതൃസ്ഥാപനമായ ഫോഡ് മോട്ടോർ കമ്പനിയിൽ നിന്നുള്ള എതിർപ്പ് പരിഗണിച്ചാണ് ഉപസ്ഥാപനമായ ഫോഡ് ഇന്ത്യ ഈ കൂട്ടായ്മയോടു വിട പറഞ്ഞത്. ഇന്ത്യയിൽ വൈദ്യുത വാഹന നിർമാണം പ്രോത്സാഹിപ്പിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ ശ്രമങ്ങൾക്ക് ഫോഡിന്റെ ഈ പിൻമാറ്റം തിരിച്ചടി സൃഷ്ടിക്കുമെന്നാണു സൂചന. സാമ്പത്തികമായി ലാഭകരമാവില്ലെന്ന വിലയിരുത്തലിനെ തുടർന്നാണു പദ്ധതിയുമായി സഹകരിക്കുന്നതിനെ ഫോഡ് വിലക്കിയതത്രെ. പകരം സ്വന്തം സാമ്പത്തിക സ്ഥിതി മെച്ചെടുത്താനും വിൽപ്പന വർധിപ്പിക്കാനുമുള്ള നടപടികളിൽ ഫോഡ് ഇന്ത്യ ശ്രദ്ധയൂന്നണമെന്നാണു മാതൃസ്ഥാപനത്തിന്റെ നിർദേശം.

ഫോഡ് പിന്മാറിയതോടെ കൂട്ടായ്മയുടെ പ്രവർത്തനം ആരംഭിക്കുന്നതു വൈകിയെന്നു പറയപ്പെടുന്നു. നേരത്തെ ജൂലൈ 15 മുതൽ സങ്കര ഇന്ധന, വൈദ്യുത വാഹന ഭാഗ നിർമാണ പദ്ധതിയുടെ നടപടികൾ തുടങ്ങാനായിരുന്നു തീരുമാനം. സങ്കര ഇന്ധന, വൈദ്യുത വാഹന യന്ത്രഘടക നിർമാണം പ്രോത്സാഹിപ്പിക്കാൻ കേന്ദ്ര സർക്കാരും ഇന്ത്യൻ വാഹന നിർമാതാക്കളുടെ സൊസൈറ്റിയായ ‘സയാ’മും ചേർന്നാണു നടപടികൾക്കു തുടക്കമിട്ടത്. വാഹന നിർമാതാക്കളായ പങ്കാളികളുടെ സഹകരണത്തോടെ ആറ് വൈദ്യുത, സങ്കര ഇന്ധന വാഹനങ്ങൾ വികസിപ്പിക്കാൻ ആവശ്യമായ സപ്ലയർ ശൃംഖല വികസിപ്പിക്കുകയായിരുന്നു ലക്ഷ്യം. ഫോഡിനു പുറമെ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, മഹീന്ദ്ര രേവ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, ടാറ്റ മോട്ടോഴ്സ് ലിമിറ്റഡ് എന്നിവരായിരുന്നു കൂട്ടായ്മയിലെ അംഗങ്ങൾ.

നാഷനൽ ഇലക്ട്രിക് മൊബിലിറ്റി മിഷൻ പ്ലാൻ 2020, ഫാസ്റ്റർ അഡോപ്ഷൻ ആൻഡ് മാനുഫാക്ചറിങ് ഓഫ് ഹൈബ്രിഡ് ആൻഡ് ഇലക്ട്രിക് വെഹിക്കിൾസ്(ഫെയിം) എന്നിവയുടെ ഭാഗമായിട്ടായിരുന്നു കൂട്ടായ്മ രൂപീകരണം. 2020നകം ഇന്ത്യൻ നിരത്തിൽ 60 ലക്ഷം വൈദ്യുത, സങ്കര ഇന്ധന വാഹനങ്ങൾ അവതരിപ്പിക്കാനാണു നാഷനൽ ഇലക്ട്രിക് മൊബിലിറ്റി മിഷൻ പ്ലാൻ ലക്ഷ്യമിടുന്നത്. നാഷനൽ ഇലക്ട്രിക് മൊബിലിറ്റി മിഷൻ പ്ലാനിലും ‘ഫെയി’മിലുമായി സർക്കാരും കമ്പനികളും 12,000 കോടി രൂപ വീതം നിക്ഷേപിക്കാനാണു ലക്ഷ്യമിടുന്നത്. ഇക്കൊല്ലത്തെ കേന്ദ്ര ബജറ്റിൽ ഈ പദ്ധതികൾക്കായി സർക്കാർ 200 കോടി രൂപയും അനുവദിച്ചിരുന്നു. ആഗോളതലത്തിൽ ഈ രംഗത്തു വൈദഗ്ധ്യമുള്ള കമ്പനിയെന്ന നിലയിലാണു കേന്ദ്ര സർക്കാർ ഫോഡ് ഇന്ത്യയെ കൂട്ടായ്മയിൽ ഉൾപ്പെടുത്തിയത്. ഫിയറ്റ് ഇന്ത്യയും പദ്ധതിയിൽ താൽപര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും മാതൃസ്ഥാപനമായ ഫിയറ്റ് തുടക്കത്തിൽ തന്നെ നിരുത്സാഹപ്പെടുത്തുകയായിരുന്നു. അതേസമയം സങ്കര ഇന്ധന, വൈദ്യുത വാഹന യന്ത്രഘടക നിർമാണത്തിനായി രൂപീകരിച്ച കൂട്ടായ്മയിൽ നിന്നുള്ള പിൻമാറ്റത്തെപ്പറ്റി ഫോഡ് ഇന്ത്യയോ ‘സയാ’മോ പ്രതികരിച്ചിട്ടില്ല.

Your Rating: