Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാജ് നായർ ഫോഡിന്റെ എക്സിക്യൂട്ടീവ് വി പി

Ford

യു എസ് വാഹന നിർമാതാക്കളായ ഫോഡ് മോട്ടോർ കമ്പനിയുടെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് (പ്രോഡക്ട് ഡവലപ്മെന്റ്) ആയി രാജ് നായർ നിയമിതനായി. നിലവിൽ കമ്പനിയുടെ ചീഫ് ടെക്നോളജി ഓഫിസർ(സി ടി ഒ) ആണു രാജ് നായർ; ഈ ചുമതലയ്ക്കു പുറമെയാണ് അദ്ദേഹത്തെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ആയി നിയമിച്ചിരിക്കുന്നത്. കമ്പനി ചീഫ് എക്സിക്യൂട്ടീവായ മാർക് ഫീൽഡ്സിനു കീഴിലാവും രാജ് നായരുടെ പ്രവർത്തനം. 2012 ഏപ്രിലിലാണു നായർ(50) ഫോഡിന്റെ സി ടി ഒയായി ചുമതലയേറ്റത്. അലൂമിനിയം നിർമിത ബോഡിയുള്ള ‘എഫ് സീരീസ്’ പിക് അപ്പുകളുടെ വികസനവും ഫോഡ് ശ്രേണിയിൽ ടർബോ ചാർജ്ഡ് എൻജിന്റെ വ്യാപനവുമൊക്കെയാണു നായർ ഏറ്റെടുത്തിരുന്ന ദൗത്യങ്ങൾ. ബോഡി ആൻഡ് അസംബ്ലി ലോഞ്ച് എൻജിനീയറായി 1987ൽ ഫോഡിൽ പ്രവേശിച്ച രാജ് നായർ യൂറോപ്, എഷ്യ പസഫിക്, ആഫ്രിക്ക, അമേരിക്ക മേലകളിൽ കമ്പനിയുടെ നേതൃനിരയിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

ഇതിനു പുറമെ 48 വർഷമായി ഫോഡിനൊപ്പമുള്ള ജോൺ ഫ്ളെമിങ് വിരമിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. നിലവിൽ ഫോഡിൽ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്(മാനുഫാക്ചറിങ് ആൻഡ് ലേബർ അഫയേഴ്സ്) ആണു ഫ്ളെമിങ്. നിലവിൽ നോർത്ത് അമേരിക്ക മാനുഫാക്ചറിങ് വൈസ് പ്രസിഡന്റായ ബ്രൂസ് ഹെറ്റ്ലിയെയാണു ഫ്ളെമിങ്ങിന്റെ പിൻഗാമിയായി ഫോഡ് നിയോഗിച്ചിരിക്കുന്നത്.അതിനിടെ പുതിയ അവതരണങ്ങളുടെ പിൻബലത്തിൽ ഫോഡ് ഇന്ത്യ നവംബറിലെ വിൽപ്പന കണക്കെടുപ്പിൽ 55% വളർച്ച കൈവരിച്ചു. 2014 നവംബറിൽ 5,661 വാഹനം വിറ്റതു കഴിഞ്ഞ മാസം 8,773 യൂണിറ്റായാണു വർധിച്ചത്. കയറ്റുമതിയടക്കമുള്ള മൊത്തം വിൽപ്പനയിൽ 35 ശതമാനത്തോളം വളർച്ചയും ഫോഡ് ഇന്ത്യ രേഖപ്പെടുത്തി. 2014 നവംബറിൽ മൊത്തം 12,762 യൂണിറ്റ് വിറ്റത് കഴിഞ്ഞ മാസം 17,189 എണ്ണമായിട്ടാണു വർധിച്ചത്. 2014 നവംബറിൽ 7,101 യൂണിറ്റ് കയറ്റുമതി ചെയ്ത സ്ഥാനത്തു കഴിഞ്ഞ മാസത്തെ കയറ്റുമതി 8,416 യൂണിറ്റായിരുന്നു; 18.5% വർധന.

മോഡലുകൾ അടിസ്ഥാനമാക്കി പരിവർത്തനം നേടാനുള്ള തന്ത്രം വിജയിച്ചതിന്റെ തെളിവാണു വിൽപ്പനയിലെ വർധനയെന്ന് ഫോഡ് ഇന്ത്യ എക്സിക്യൂട്ടീവ് ഡയറക്ടർ(മാർക്കറ്റിങ്, സെയിൽസ് ആൻഡ് സർവീസ്) അനുരാഗ് മെഹ്രോത്ര അവകാശപ്പെട്ടു. കോംപാക്ട് സെഡാനായ ‘ഫിഗൊ ആസ്പയർ’, പുത്തൻ ‘ഫിഗൊ’, കോംപാക്ട് എസ് യു വിയായ ‘ഇകോസ്പോർട്’ എന്നിവയുടെ അവതരണത്തിലൂടെ വിപണിയിൽ നേട്ടം കൊയ്യാനായെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.