Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യു എസിലേക്കുള്ള ‘ഇകോ സ്പോർട്’ കയറ്റുമതി: മാറ്റമില്ലെന്നു ഫോഡ്

new-ecosport New Ecosport

കാർ ഇറക്കുമതിക്കാരോട് കനത്ത നികുതി ഈടാക്കുമെന്ന നിയുക്ത പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്റെ മുന്നറിയിപ്പ് നിലവിലുണ്ടെങ്കിലും ഇന്ത്യയിൽ നിർമിച്ച ‘ഇകോ സ്പോർട്’ യു എസിൽ വിൽക്കാനുള്ള തീരുമാനത്തിൽ മാറ്റമില്ലെന്നു ഫോഡ്. ഉൽപ്പാദന ചെലവ് അടക്കം വിവിധ ഘടകങ്ങൾ പരിഗണിച്ചു കമ്പനി സ്വീകരിച്ച വാണിജ്യപരമായ തീരുമാനമാണ് യു എസിലേക്കുള്ള ‘ഇകോസ്പോർട്’ കയറ്റുമതിയെന്നും ഫോഡ് ഇന്ത്യ വിശദീകരിക്കുന്നു. അടുത്ത വർഷം മുതൽ ചെന്നൈയ്ക്കടുത്ത് മാരൈമലൈനഗറിലെ ശാലയിൽ ഉൽപ്പാദിപ്പിച്ച കോംപാക്ട് എസ് യു വിയായ ‘ഇകോ സ്പോർട്’ ജന്മനാടായ യു എസിൽ വിൽപ്പനയ്ക്കെത്തിക്കുമെന്നു ഫോഡ് കഴിഞ്ഞ നവംബറിലാണു പ്രഖ്യാപിച്ചത്. എന്നാൽ പ്രസിഡന്റ് സ്ഥാനത്തേക്കു തിരഞ്ഞെടുക്കപ്പെട്ട ട്രംപാവട്ടെ യു എസിൽ നിർമിക്കുന്ന കാറുകൾ പ്രാദേശികമായി നിർമിച്ചവയാവണമെന്ന കടുത്ത നിലപാടിലാണ്.

കമ്പനിയുടെ ‘ഇകോ സ്പോർട്’ കയറ്റുമതി പദ്ധതികൾ മുൻതീരുമാനപ്രകാരം പുരോഗമിക്കുകയാണെന്നു ഫോഡ് ഇന്ത്യയുടെ ഇടക്കാല മാനേജിങ് ഡയറക്ടറും പ്രസിഡന്റുമായ അനുരാഗ് മെഹ്രോത്ര അറിയിച്ചു. ട്രംപിന്റെ പ്രഖ്യാപനങ്ങളുടെ പശ്ചാത്തലത്തിൽ പഴയ തീരുമാനത്തിൽ മാറ്റമുണ്ടാവുമോ എന്ന ചോദ്യങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.വിവിധ മോഡലുകൾക്ക് ആഗോളതലത്തിൽ പ്രത്യേക ഉൽപ്പാദന കേന്ദ്രങ്ങൾ തിരഞ്ഞെടുക്കുന്നത് കമ്പനികളുടെ ബിസിനസ് തന്ത്രത്തിന്റെ ഭാഗമാണ്. ‘ഇകോ സ്പോർട്’ നിർമാണത്തിനായി ഫോഡ് ആഗോളതലത്തിൽ തിരഞ്ഞെടുത്ത ആറു കേന്ദ്രങ്ങളിൽ ഒന്നാണ് ഇന്ത്യ. ലോകവ്യാപകമായി നൂറോളം വിപണികളിൽ ഒരേ ഗുണനിലവാരവും പ്രകടനമികവുമുള്ള ‘ഇകോ സ്പോർട്’ വിൽപ്പനയ്ക്കെത്തിക്കുകയാണു കമ്പനിയുടെ ലക്ഷ്യമെന്നും അദ്ദേഹം വെളിപ്പെടുത്തി. പോരെങ്കിൽ ഇപ്പോൾ തന്നെ ഇന്ത്യൻ നിർമിത ‘ഇകോ സ്പോർട്’ അൻപതോളം രാജ്യങ്ങളിൽ വിൽപ്പനയ്ക്കെത്തുന്നുമുണ്ട്.

അതേസമയം ട്രംപിന്റെ മുന്നറിയിപ്പ് പരിഗണിച്ച് മെക്സിക്കോയിൽ പുതിയ ശാല സ്ഥാപിക്കാനുള്ള മുൻപദ്ധതി ഫോഡ് ഈ മാസം ആദ്യം ഉപേക്ഷിച്ചിരുന്നു. കൂടാതെ മിചിഗൻ ശാലയിൽ ഏഴുനൂറോളം തൊഴിലവസരങ്ങൾ വെട്ടിക്കുറയ്്ക്കാനുള്ള തീരുമാനവും പിൻവലിച്ചു.
നിയുക്ത പ്രസിഡന്റ് ട്രംപിലുള്ള വിസ്വാസത്തിന്റെ വോട്ടെന്നായിരുന്നു ഈ തീരുമാനങ്ങളെ ഫോഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ മാർക് ഫീൽഡ്സ് വിശേഷിപ്പിച്ചത്. എന്നാൽ വടക്കൻ അമേരിക്കയിൽ ചെറുകാറുകൾക്കുള്ള ആവശ്യം ഇടിയുന്നത് അദ്ദേഹം ചൂണ്ടിക്കാട്ടുകയും ചെയ്തു. ട്രംപ് തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടാലും ഫോഡ് ഇതേ തീരുമാനം സ്വീകരിക്കുമായിരുന്നു എന്നും ഫീൽഡ്സ് വ്യക്തമാക്കി.  

Your Rating: