Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫിയറ്റ് ക്രൈസ്‌ലറുമായി സഖ്യത്തിനില്ലെന്നു ഫോഡ്

Ford

ഇറ്റാലിയൻ — യു എസ് നിർമാതാക്കളായ ഫിയറ്റ് ക്രൈസ്‌ലറുമായി സഖ്യത്തിനില്ലെന്നു ഫോഡ് മോട്ടോർ കമ്പനി ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ മാർക്ക് ഫീൽഡ്സ്. ജപ്പാനിൽ നിന്നുള്ള ടൊയോട്ട മോട്ടോർ കോർപറേഷനും ജർമനിയിൽ നിന്നുള്ള ഫോക്സ്‌വാഗൻ എ ജിയും യു എസിൽ നിന്നു തന്നെയുള്ള ഫോഡുമൊക്കെ സഖ്യത്തിലെത്താൻ സാധ്യതയുള്ളവരാണെന്ന ഫിയറ്റ് ക്രൈസ്‌ലർ ഓട്ടമൊബീൽസ്(എഫ് സി എ ചീഫ്) എക്സിക്യൂട്ടീവ് സെർജിയൊ മാർക്കിയോണിയുടെ അഭിപ്രായത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. യു എസ് നിർമാതാക്കളായ ജനറൽ മോട്ടോഴ്സു(ജി എം)മായുള്ള സഖ്യ സാധ്യത പരാജയപ്പെട്ട പശ്ചാത്തലത്തിലായിരുന്നു മാർക്കിയോണിയുടെ വിശദീകരണം. സെർജിയൊ മാർക്കിയോണിയോ മറ്റാരെങ്കിലുമോ നടത്തുന്ന പ്രഖ്യാപനങ്ങളോടു പ്രതികരിക്കാനില്ലെന്നും ബെയ്ജിങ് മോട്ടോർ ഷോയ്ക്കു മുന്നോയിയായി നടത്തിയ മാധ്യമ സമ്മേളനത്തിൽ ഫീൽഡ്സ് വ്യക്തമാക്കി.

പരിസ്ഥിതിയെ മലിനമാക്കാത്ത ആധുനിക കാറുകൾ വികസിപ്പിക്കാനുള്ള കനത്ത ചെലവ് നേരിടാൻ വൻകിട വാഹന നിർമാതാക്കൾ ലയിക്കണമെന്നതാണു മാർക്കിയോണിയുടെ നിലപാട്. ഈ ലക്ഷ്യത്തോടെ എഫ് സി എ കഴിഞ്ഞ വർഷം ജി എമ്മിനെ സമീപിച്ചിരുന്നെങ്കിലും നിരാശയായിരുന്നു ഫലം. തുടർന്നാണു ഫോഡും ടൊയോട്ടയും ഫോക്സ്‌വാഗനുമൊക്കെയാണു ലയനവഴിയിലെ അവശേഷിക്കുന്ന സാധ്യതകളെന്നു മാർക്കിയോണി നിലപാടെടുത്തത്. സ്വന്തം പദ്ധതികൾ നടപ്പാക്കുന്നതിലും മികവുറ്റ ഉൽപന്നങ്ങൾ അവതരിപ്പിക്കുന്നതിലും സമസ്ത മേഖലകളിലും പുതുമകൾ യാഥാർഥ്യമാക്കുന്നതിലും മാത്രമാണു കമ്പനിക്കു താൽപര്യമെന്ന് ഫീൽഡ്സ് വിശദീകരിച്ചു. ഇതു മാത്രമാണു ഫോഡിന്റെ ശ്രദ്ധയെന്നും അദ്ദേഹം വ്യക്തമാക്കി.

ഇക്കൊല്ലം ചൈനയിൽ മൊത്തം 2.35 മുതൽ 2.55 കോടി വരെ വാഹനങ്ങൾ വിൽക്കാൻ സാധ്യതയുണ്ടെന്നും ഫീൽഡ്സ് കരുതുന്നു. 2015നെ അപേക്ഷിച്ചു വിൽപ്പനയിൽ കാര്യമായ വർധനയ്ക്കു സാധ്യതയില്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. അതേസമയം ഫോഡ് ചൈനയുടെ വിൽപ്പനയെക്കുറിച്ചുള്ള പ്രവചനങ്ങൾക്കു ഫീൽഡ്സ് മുതിർന്നില്ല. കഴിഞ്ഞ ജനുവരി — മാർച്ച് കാലത്ത് 3,14,454 വാഹനങ്ങളാണു ഫോഡ് ചൈന വിറ്റത്; 2015ന്റെ ആദ്യ പാദത്തെ അപേക്ഷിച്ച് 14% അധികമാണിത്. അതേസമയം 2016ന്റെ ആദ്യ ത്രൈമാസത്തിനിടെ ചൈനീസ് വാഹന വിപണി മൊത്തത്തിൽ നേടിയതാവട്ടെ ആറു ശതമാനത്തോളം മാത്രം വളർച്ചയാണ്. ചോങ്ക്വിങ് ചാങ്ങൻ ഓട്ടമൊബീലുമായും ജിയാങ്ലിങ് മോട്ടോഴ്സ് കോർപറേഷനുമായുള്ള സംയുക്ത സംരംഭങ്ങൾ വഴിയാണു ഫോഡ് ചൈനയുടെ പ്രവർത്തനം.

Your Rating: