Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫോഡിന്റെ ഗ്ലോബൽ ടെക്നോളജി സെന്റർ ചെന്നൈയിൽ

Ford

യു എസ് വാഹന നിർമാതാക്കളായ ഫോഡ് ഇന്ത്യയിൽ പുതിയ ഗ്ലോബൽ ടെക്നോളജി ആൻഡ് ബിസിനസ് സെന്റർ സ്ഥാപിക്കുന്നു. ഇന്ത്യയടക്കമുള്ള വിപണികൾക്കായി പുതിയ ഉൽപന്നങ്ങൾ വികസിപ്പിക്കാനും മൊബിലിറ്റി സൊല്യൂഷൻ തയാറാക്കാനും ബിസിനസ് സേവനങ്ങൾ ലഭ്യമാക്കാനും ലക്ഷ്യമിട്ടാണ് മൊത്തം 1,350 കോടി രൂപ നിക്ഷേപത്തോടെ ചെന്നൈയിൽ പുതിയ കേന്ദ്രം തുടങ്ങുന്നത്. അടുത്ത അഞ്ചു വർഷത്തിനിടെ 19.50 കോടി ഡോളർ(ഏകദേശം 1,300 കോടി രൂപ) നിക്ഷേപം നടത്തുന്ന കേന്ദ്രത്തിൽ 3,000 തൊഴിൽ അവസരങ്ങളും പ്രതീക്ഷിക്കാമെന്നു ഫോഡ് എക്സിക്യൂട്ടീവ് ചെയർമാൻ ബിൽ ഫോഡ് വെളിപ്പെടുത്തി.

ചെന്നൈയിലും പരിസരത്തുമായി പ്രവർത്തിക്കുന്ന ആറു സ്ഥാപനങ്ങളിലെ ഒൻപതിനായിരത്തോളം ജീവനക്കാരെയും ഫോഡ് 28 ഏക്കർ വിസ്തൃതിയുള്ള പുതിയ ക്യാംപസിൽ ആരംഭിച്ച ഈ കേന്ദ്രത്തിലേക്കു മാറ്റും. ഇതോടെ ആകെ 12,000 ജീവനക്കാരുമായി യു എസിലെ മിചിഗനിൽ ഡിയർബോണിലുള്ള കേന്ദ്രത്തിനു പിന്നിൽ രണ്ടാം സ്ഥാനത്താവും ചെന്നൈ. സഞ്ചാരത്തിന്റെ പുതിയ ആശയങ്ങളിലും കാർ നിർമാണത്തിലും മാത്രമല്ല കഴിവുള്ള ജീവനക്കാരുടെ ലഭ്യതയിലും സാങ്കേതിക വൈദഗ്ധ്യത്തിലും ആശയത്തികവിലുമൊക്കെ ഇന്ത്യ മുന്നിലാണെന്നു ബിൽ ഫോഡ് അഭിപ്രായപ്പെട്ടു. പുതിയ കേന്ദ്രത്തിലൂടെ മികച്ച ജീവനക്കാരെ കണ്ടെത്താനും ആഗോളതലത്തിൽ തന്നെ ചെന്നൈയെ നൂതന ആശയങ്ങളുടെ കേന്ദ്രമാക്കി മാറ്റാനുമാണു കമ്പനി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.

ചെന്നൈയിലെ ഫോഡ് ഗ്ലോബൽ ടെക്നോളജി ആൻഡ് ബിസിനസ് സെന്റർ 2019 ആദ്യത്തോടെ പ്രവർത്തനക്ഷമമാവുമെന്നാണു പ്രതീക്ഷ. ആഗോളതലത്തിൽ ഫോഡിന്റെ മൂന്നാമത്തേതും ഏഷ്യ പസഫിക് മേഖലയിൽ ആദ്യത്തേതുമായ പ്രോഡക്ട് ഡവലപ്മെന്റ് കേന്ദ്രമാവുമിത്. പ്രോഡക്ട് ഡവലപ്മെന്റ് നെറ്റ്വർക്കിനു പുറമെ ഐ ടി, ഫിനാൻസ്, അക്കൗണ്ടിങ്, ഡാറ്റ അനലിറ്റിക്സ്, മാനുഫാക്ചറിങ് മേഖലകളുമായി ബന്ധപ്പെട്ട ജീവനക്കാരും കേന്ദ്രത്തിലുണ്ടാവും. ഇന്ത്യയിൽ നിന്നുള്ള എൻജിനീയർമാർക്കും ശാസ്ത്രജ്ഞർക്കുമൊക്കെ സാങ്കേതിക വൈഭവമുള്ളവർക്കും കേന്ദ്രത്തിൽ തൊഴിൽ അവസരമുണ്ടാവും. വാഹനങ്ങളുടെയും യന്ത്രഘടകങ്ങളുടെയും പരിശോധനയ്ക്കുള്ള പരിശോധനാശാലകളും ടെസ്റ്റിങ് കേന്ദ്രങ്ങളും ഇവിടെ സജ്ജീകരിക്കും. ഇതോടെ ഭാവിയിൽ വാഹനങ്ങളുടെ വിശദ പരിശോധന ചെന്നൈയിൽ തന്നെ പൂർത്തിയാക്കാനാവുമെന്നാണു ഫോഡിന്റെ പ്രതീക്ഷ.

Your Rating: