Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മിറ്റ്സുബിഷിയെ കരകയറ്റാൻ നിസ്സാന്റെ മുൻമേധാവി

nissan-mitsubishi

വാഹനങ്ങളുടെ ഇന്ധനക്ഷമത നിർണയിക്കുന്നതിൽ കൃത്രിമം കാട്ടിയെന്ന ആരോപണം നേരിടുന്ന മിറ്റ്സുബിഷി മോട്ടോഴ്സ് കോർപറേഷനിലെ പരിഷ്കാര നടപടികൾക്കു നേതൃത്വം നൽകാൻ ടെക്നോളജി വിഭാഗം മുൻ ഗ്ലോബൽ മേധാവിയെ നിയോഗിക്കാൻ പുതിയ ഉടമകളായ നിസ്സാൻ മോട്ടോർ കമ്പനി ആലോചിക്കുന്നു. 220 കോടി ഡോളർ(ഏകദേശം 14903.90 കോടി രൂപ) മുടക്കിയാണു ജാപ്പനീസ് വാഹന നിർമാതാക്കളായ നിസ്സാൻ, മിറ്റ്സുബിഷിയുടെ മൂന്നിലൊന്ന് ഓഹരികൾ സ്വന്തമാക്കി കമ്പനിയുടെ നിയന്ത്രണം ഏറ്റെടുത്തത്. ഇതേത്തുടർന്നാണു മിറ്റ്സുഹികൊ യമാഷിതയെ മിറ്റ്സുബിഷിയുടെ സാങ്കേതിക വിഭാഗം മേധാവിയാക്കാൻ നിസ്സാൻ നടപടി തുടങ്ങിയത്.

നിസ്സാനിൽ പ്രോഡക്ട്, ടെക്നോളജി റിസർച്, ഡവലപ്മെന്റ് വിഭാഗങ്ങളുടെ ചുമതയുള്ള എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റായിരുന്നു യമാഷിത. 2005ൽ ഈ പദവി ഏറ്റെടുത്ത യമാഷിത 2014 വരെ തൽസ്ഥാനത്തു തുടർന്നിരുന്നു.

മിറ്റ്സുബിഷിയുടെ ബോർഡ് ഓഫ് ഡയറക്ടേഴ്സിന്റെ അടിയന്തരയോഗം ബുധനാഴ്ച ചേരുന്നുണ്ട്. നിസ്സാൻ നടത്തുന്ന നിക്ഷേപത്തിന്റെ തുടർച്ചയായി യമാഷിതയുടെ നിയമനവും യോഗത്തിൽ ചർച്ചയാവുമെന്നാണു സൂചന. അതേസമയം യമാഷിതയുടെ നിയമനത്തെപ്പറ്റി പ്രതികരിക്കാൻ മിറ്റ്സുബിഷി തയാറായിട്ടില്ല.

മിറ്റ്സുബിഷിയിൽ 34% ഓഹരി പങ്കാളിത്തം കൈവരുന്നതോടെ കമ്പനിയുടെ ബോർഡ് ഓഫ് ഡയറക്ടേഴ്സിൽ മൂന്നിലൊന്നും നിസ്സാന്റെ പ്രതിനിധികളാവും. പോരെങ്കിൽ മിറ്റ്സുബിഷിയെ നയിക്കാൻ നിസ്സാൻ എക്സിക്യൂട്ടീവ് എത്തുമെന്നാണു വിശ്വാസമെന്നു നിസ്സാൻ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ കാർലോസ് ഘോസ്നും വ്യക്തമാക്കിയിട്ടുണ്ട്. ഈ പ്രസ്താവനയുടെ പശ്ചാത്തലത്തിലാണു മിറ്റ്സുബിഷിയുടെ ബോർഡ് ഓഫ് ഡയറക്ടേഴ്സിൽ കാര്യമായ അഴിച്ചുപണി നടപ്പാവുമെന്നു നിരീക്ഷകർ കണക്കുകൂട്ടുന്നത്.

രണ്ടു ദശാബ്ദത്തിനിടെ ഇതു മൂന്നാം തവണയാണു മിറ്റ്സുബിഷി ഗുരുതര ആരോപണങ്ങൾ നേരിടുന്നത്. ജപ്പാനിൽ വിൽപ്പനയ്ക്കുള്ള നാലു മോഡലുകളുടെ ഇന്ധനക്ഷമത കണക്കുകൾ പെരുപ്പിച്ചു കാട്ടിയെന്നു കഴിഞ്ഞ മാസം മിറ്റ്സുബിഷി അംഗീകരിച്ചിരുന്നു; ഈ മോഡലുകളിൽ രണ്ടെണ്ണം നിസ്സാൻ ബാഡ്ജിൽ വിൽപ്പനയ്ക്കെത്തുന്നവയാണ്. വിവാദത്തെ തുടർന്ന് ഓഹരി വില കുത്തനെ ഇടിഞ്ഞതോടെ മിറ്റ്സുബിഷിയുടെ വിപണി മൂല്യത്തിൽ 300 കോടി ഡോളറി(ഏകദേശം 20323.50 കോടി രൂപ)ന്റെ നഷ്ടമാണു രേഖപ്പെടുത്തിയത്.

Your Rating: