Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എണ്ണ കമ്പനികൾ 2 കോടി ലീറ്റർ ബയോ ഡീസൽ വാങ്ങുന്നു

532730849

ഡീസലുമായി കലർത്തിവിൽക്കാനായി പൊതുമേഖല എണ്ണ കമ്പനികൾ രണ്ടു കോടി ലീറ്റർ ബയോ ഡീസൽ വാങ്ങാൻ നടപടി തുടങ്ങി. പൊതുമേഖല സ്ഥാപനങ്ങളായ ഇന്ത്യൻ ഓയിൽ കോർപറേഷൻ ലിമിറ്റഡ്(ഐ ഒ സി എൽ), ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ ലിമിറ്റഡ്(എച്ച് പി സി എൽ) എന്നിവയ്ക്കു കൂടി വേണ്ടി ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡ്(ബി പി സി എൽ) ആണു ബയോ ഡീസൽ വാങ്ങാൻ ശ്രമം ആരംഭിച്ചത്. മൊത്തം 20,460 കിലോ ലീറ്റർ ബയോ ഡീസലാണു മൂന്നു കമ്പനികളും ചേർന്നു വാങ്ങുക; ഇതിൽ 43% ഐ ഒ സിക്കു വേണ്ടിയാണ്. ബാക്കിയുള്ളത് എച്ച് പി സി എല്ലും ബി പി സി എല്ലും തുല്യമായി വീതിച്ചെടുക്കും. ഈ സെപ്റ്റംബറിനകം കമ്പനികൾക്ക് ആന്ധ്ര പ്രദേശിലും ഗുജറാത്തിലും തമിഴ്നാട്ടിലുമുള്ള എണ്ണ ശുദ്ധീകരണശാലകളിൽ ബയോ ഡീസൽ എത്തിച്ചു നൽകണമെന്നാണു വ്യവസ്ഥ.

ദർഘാസ് വ്യവസ്ഥ പ്രകാരം വെണ്ടർമാർ ജൂലൈ 25നകം ഓൺലൈൻ വ്യവസ്ഥയിൽ ബിഡ്ഡുകൾ സമർപ്പിക്കണം. ഓരോ കേന്ദ്രത്തിലേക്കും ഏറ്റവും താഴ്ന്ന നിരക്ക് സമർപ്പിക്കുന്നവരെയാകും കരാറിനായി തിരഞ്ഞെടുക്കുകയെന്നും ബി പി സി എൽ വ്യക്തമാക്കുന്നു. ഡീസലിൽ ബയോ ഡീസൽ കലർത്തുന്നതു സംബന്ധിച്ചു കേന്ദ്ര സർക്കാർ പ്രത്യേക നിർദേശങ്ങളൊന്നും നൽകിയിട്ടില്ല. എങ്കിലും കഴിഞ്ഞ വർഷം മുതൽ പൊതുമേഖല എണ്ണ വിപണന കമ്പനികൾ സസ്യ എണ്ണയിൽ നിന്നും ജന്തുക്കളുടെ കൊഴുപ്പിൽ നിന്നുമൊക്കെ നിർമിക്കുന്ന ബയോഡീസൽ വാങ്ങന്നുണ്ട്. അതേസമയം പെട്രോളിൽ കരിമ്പിൽ നിന്നു പഞ്ചസാര നിർമിക്കുന്ന വേളയിൽ ലഭിക്കുന്ന എതനോൾ അഞ്ചു ശതമാനമെങ്കിലും കലർത്തണമെന്നു നിർദേശം നിലവിലുണ്ട്. പക്ഷേ ഈ നിലവാരം കൈവരിക്കാൻ കമ്പനികൾക്ക് ഇതുവരെ കഴിഞ്ഞിട്ടില്ലെന്നു കണക്കുകൾ വ്യക്തമാക്കുന്നു.

അടുത്ത വർഷത്തോടെ ഡീസലിൽ 20% ബയോഡീസലും പെട്രോളിൽ 20% എതനോളും കലർത്തണമെന്ന് ജൈവ ഇന്ധനം സംബന്ധിച്ച ദേശീയ നയത്തിലുണ്ട്. എങ്കിലും ഉൽപന്ന ലഭ്യതയിലെയും വില നിർണയത്തിലെയും പ്രതിബന്ധങ്ങൾ മൂലം ഈ ലക്ഷ്യം കൈവരിക്കാനുള്ള സാധ്യത കുറവാണെന്നതാണു വസ്തുത. വിദേശനാണയ ശേഖരം കാലിയാക്കുന്ന അസംസ്കൃത എണ്ണ ഇറക്കുമതി പരമാവധി കുറയ്ക്കാനുള്ള തീവ്രശ്രമങ്ങളുടെ ഭാഗമായാണ് ഇന്ത്യ ജൈവ ഇന്ധനങ്ങളുടെ സാധ്യത തേടുന്നത്. നിലവിൽ ഇന്ത്യയ്ക്ക് ആവശ്യമുള്ള ക്രൂഡ് ഓയിലിന്റെ 80 ശതമാനത്തോളം ഇറക്കുമതി വഴിയാണ് എത്തുന്നത്. അതിനാൽ അഞ്ചു ശതമാനം ബയോഡീസലോ എതനോളോ ഇന്ധനങ്ങളിൽ കലർത്തിയാൽ തന്നെ വൻ നേട്ടമാണു രാജ്യത്തെ കാത്തിരിക്കുന്നത്.